കേരളത്തിലും ആം ആദ്മി അത്ഭുതങ്ങള്‍ സൃഷ്ടിക്കും

  Posted on: March 8, 2014 12:28 am | Last updated: March 8, 2014 at 12:54 am
  SHARE

  sara joseph

  ആം ആദ്മി പാര്‍ട്ടിയുടെ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും സാമൂഹിക പ്രവര്‍ത്തകയുമായ സാറാ ജോസഫുമായി സിറാജ് ലേഖിക ഫസീല മൊയ്തു നടത്തിയ അഭിമുഖ സംഭാഷണം

   

  മത്സരിക്കുന്ന പാര്‍ട്ടിയെ പോലെ തന്നെ സാറ ടീച്ചറുടെ പുതിയ വേഷവും ഒരു പരീക്ഷണമാണ്. അഴിമതിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് പിറവിയെടുത്ത ആം ആദ്മി പാര്‍ട്ടിക്ക് രാജ്യത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ടീച്ചര്‍ ഉറപ്പിച്ച് പറയുന്നു. ഇരു മുന്നണികളും തൃശൂരിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സാറ ജോസഫ് ദിവസങ്ങള്‍ക്ക് മുമ്പെ കളത്തിലിറങ്ങി. ആദ്യ ഘട്ട പ്രചാരണവും പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
  അഴിമതി പോലെ തൊഴിലിടങ്ങളിലെ സ്ത്രീകള്‍ നേരിടുന്ന ചൂഷണത്തിനെതിരായ പോരാട്ടം കൂടിയാണ് തന്റെ മത്സരമെന്ന് ടീച്ചര്‍ പറയുന്നു. ഒരു എഴുത്തുകാരിയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കുള്ള കാല്‍വെപ്പ് വലിയ മാറ്റം തന്നെയാണെന്നാണ് ടീച്ചറുടെ പക്ഷം. എങ്കിലും രണ്ടിന്റെയും ലക്ഷ്യം ഒന്ന് തന്നെ. തിന്മകള്‍ക്കെതിരായ നിരന്തര പോരാട്ടം. അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന സ്ത്രീകളുടെ യാതനകളിലേക്ക് പൊതുസമൂഹത്തിന്റെ ശ്രദ്ധക്ഷണിക്കുകയാണ് വനിതാ ദിനത്തില്‍ സാറാ ജോസഫ്. ഇന്ന് തേക്കിന്‍കാട് മൈതാനിയിലാണ് ആം ആദ്മി പാര്‍ട്ടിയുടെ വനിതാദിന കണ്‍വെന്‍ഷന്‍. ജോലി സമയത്ത് ഇരിക്കാന്‍ പാടില്ല, പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പാടില്ല, അധിക ജോലി സമയം തുടങ്ങിയവ ഷോപ്പ്‌സ് ആന്‍ഡ് റൈറ്റ്‌സ് ആക്ടിന്റെ ലംഘനത്തോടൊപ്പം മനുഷ്യാവകാശലംഘനം കൂടിയാണെന്ന ടീച്ചറുടെ വാക്കുകളില്‍ തീ പടരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്കെതിരെ വനിതാദിനം മുതല്‍ പ്രതികരിച്ചു സംഘടിക്കുകയാണ് ആം ആദ്മി പാര്‍ട്ടി.
  പുതിയ വേഷം, ആം ആദ്മി പാര്‍ട്ടിയുടെ ലക്ഷ്യം?
  ‘സ്വരാജ്’് എന്ന് പറയുന്നതാണ് ആം ആദ്മി പാര്‍ട്ടിയുടെ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്ക് ജനങ്ങളെ എത്തിക്കുന്നതിന് പരമപ്രധാനമായ മാര്‍ഗമാണ് ജന്‍ലോക്പാല്‍ ബില്‍. ജന്‍ലോക്പാല്‍ ബില്‍ നിയമമാകുന്നതോടുകൂടി ജനങ്ങള്‍ക്ക് വിവരാവകാശ നിയമം ഉപയോഗപ്രദമാകുന്ന രീതിവരും. ഇത് നടപ്പില്‍ കൊണ്ടുവരുന്നതിന് ആം ആദ്മി പാര്‍ട്ടിക്ക് രണ്ടു കാര്യങ്ങളാണുള്ളത്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ തിരിച്ചുവിളിക്കാനും അവരെ ഇല്ലായ്മ ചെയ്യുന്നതിനുമുള്ള അധികാരം കൈവരും.
  ഡല്‍ഹിയിലെ സ്വീകാര്യത കേരളത്തില്‍ പ്രതീക്ഷിക്കാമോ?
  കേരളത്തില്‍ എ എ പി അടിത്തറ കെട്ടിപ്പടുത്തുകൊണ്ടിരിക്കുകയാണ്. ഡല്‍ഹിയിലെ പ്രശ്‌നങ്ങളല്ല കേരളത്തിലെ പ്രശ്‌നങ്ങള്‍. ഓരോ ആശയങ്ങളും ഓരോ പ്രശ്‌നങ്ങളും നമ്മള്‍ സ്വീകരിക്കുന്നത്്് ആ പ്രദേശത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. അങ്ങനെയുള്ള പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അപഗ്രഥിച്ച് മാറ്റങ്ങള്‍ വരുത്താന്‍ പ്രവര്‍ത്തിക്കും.
  തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍?
  തൃശൂര്‍ മണ്ഡലത്തില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ‘ജനസഭ’ നടന്നുകൊണ്ടിരിക്കുകയാണ്. പഞ്ചായത്തിലെ പ്രശ്‌നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കി ജനങ്ങളെക്കൊണ്ട് തന്നെ പരിഹാരം കാണുന്നതിനുള്ള ശ്രമമാണ് ജനസഭയിലൂടെ നടത്തുന്നത്. തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍ കമ്മിറ്റിയും ഇതിനോടൊപ്പം രൂപവത്കരിച്ചിട്ടുണ്ട്. നൂറ് പേരുള്ള കമ്മിറ്റിയുടെ ചെയര്‍മാന്‍ ജോണ്‍ പോളാണ്. വാര്‍ഡ് തലത്തിലും കമ്മിറ്റികള്‍ രൂപവത്കരിക്കുന്നുണ്ട്. അതിന്റെ പ്രവര്‍ത്തനത്തിനായി വളണ്ടിയര്‍മാര്‍ ശ്രമിക്കുകയാണ്. മണ്ഡലത്തിന്റെ മൊത്തത്തിലുള്ള മാനിഫെസ്റ്റോ കമ്മിറ്റി രൂപപ്പെട്ട് വരുകയാണ്. സ്ത്രീ വോട്ടര്‍മാരില്‍ നിന്ന് അമ്പത് ശതമാനം വോട്ട് ലഭിക്കുമെന്ന്് ഉറപ്പാണ്.
  സെലിബ്രിറ്റികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇതാദ്യമല്ല. ഒരു എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ താങ്കളെ പൊതുജനം സ്വീകരിക്കുമോ?
  എ എ പിയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ‘ജനസഭകളില്‍’ പങ്കെടുക്കുമ്പോള്‍ ഒരു എഴുത്തുകാരിയെയല്ല ജനങ്ങള്‍ എന്നിലൂടെ കാണുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയുന്ന, അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ഒരു വ്യക്തിയെന്ന നിലയിലാണ് കാണുന്നത്. എവിടെപ്പോയാലും ആളുകള്‍ അറിയും. അവര്‍ക്കെന്റെ മുഖം പരിചിതമാണ്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടാത്ത സമരവേദികളില്‍ ഞാന്‍ പോകാറുണ്ട്്്. അതുകൊണ്ട് തന്നെ എന്നെ ജനങ്ങള്‍ക്ക് അറിയും. അല്ലാതെ സാധാരണക്കാരെല്ലാവരും എന്റെ എഴുത്തിലൂടെയല്ല എന്നെ അറിയുന്നത്.
  ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ്് ഒരു പൊതുചടങ്ങില്‍ ‘സാറ, പീറ’ എന്നീ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇത്തരത്തിലുള്ള സംസാര ഭാഷയെപ്പറ്റി?
  എ എ പിക്ക് വ്യക്തമായ ഒരു നിലപാടുണ്ട്. നിലവിലെ രാഷ്ട്രീയപാര്‍ട്ടികളെ വിമര്‍ശിക്കാനോ അവരുടെ ചെയ്തികളെ വിലയിരുത്താനോ എ എ പിക്ക് സമയമില്ല. അവരെ വിമര്‍ശിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല എന്നല്ല, ഞങ്ങള്‍ക്ക് സമയമില്ല എന്നാണ് പറയാനുള്ളത്. എ എ പിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി പറയാന്‍ പോലും പരിമിതമായ സമയമേ ഉള്ളൂ. ഭാഷ മാന്യമായിരിക്കണം. പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അകത്ത് നില്‍ക്കുമ്പോള്‍ നമ്മള്‍ മറ്റു വ്യക്തികളെ ബഹുമാനിക്കണം. രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങള്‍ക്കു മാത്രമല്ല ഏതൊരു എളിയ മനുഷ്യനും ബഹുമാനം കൊടുത്തുവേണം സംസാരിക്കാന്‍.
  ടി പി വധം, പാര്‍ട്ടി അന്വേഷണം, സി പി എം സംസ്ഥാന നേതാക്കള്‍ക്കും പങ്കുണ്ടെന്ന ആരോപണം?
  രമക്ക് നീതി കിട്ടിയില്ലെങ്കില്‍, രമ പോരാട്ടം തുടരുന്നുവെങ്കില്‍ രമക്കൊപ്പം നില്‍ക്കാനുള്ള ബാധ്യത പൊതുസമൂഹത്തിനുണ്ട്. നിലവില്‍ ഇതൊരു അന്വേഷണ കമ്മീഷനിലേക്ക് പോയിട്ടുണ്ട്. നിയമമാണ് നമ്മള്‍ നോക്കേണ്ടത്. അല്ലാതെ പാര്‍ട്ടിയുടെ അന്വേഷണമല്ല. പാര്‍ട്ടിയുടെ അന്വേഷണവും പാര്‍ട്ടിയുടെ തെളിവെടുപ്പും പോകുന്നത്് ഒരു ചാലിലേക്കാണ്. അത് രമ വിശ്വസിക്കുന്നില്ലെങ്കില്‍ രമയുടെ കൂടെ നില്‍ക്കും. ഇത് എ എ പിയുടെ അഭിപ്രായമല്ല, വ്യക്തിപരമായ അഭിപ്രായമാണ്.
  മാതാ അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യയുടെ വെളിപ്പെടുത്തലിനെക്കുറിച്ച്?
  ഗെയ്‌ലിന്റെ പുസ്തകം വായിച്ചിട്ടില്ല. പുസ്തകം വായിച്ചിട്ട് അഭിപ്രായം പറയുകയാകും നല്ലത്. പൊതുവെയുള്ള ധാരണയുണ്ട്. ആ ധാരണക്കനുസരിച്ച് ഞാന്‍ അവരെ വിമര്‍ശിച്ചിട്ടുമുണ്ട്. അമൃതാനന്ദമയി വിഷയത്തില്‍ മുന്‍ ശിഷ്യ പറയുന്ന കാര്യങ്ങള്‍ സത്യമാണെന്ന് തെളിയിക്കപ്പെട്ടാല്‍ പ്രതികരിക്കും.
  വിജയം ഉറപ്പാണോ?
  നൂറ് ശതമാനം വിജയം ഉറപ്പാണ്. കാരണം നൂറ് ശതമാനം ജനങ്ങള്‍ക്ക് ഇത് ആവശ്യമാണ്. നിലവിലെ സാഹചര്യങ്ങളില്‍ നിന്ന് ഒരു മോചനം ജനങ്ങള്‍ ആഗ്രഹിക്കുന്നു. മാറ്റത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ജനങ്ങള്‍ കൂടെ നില്‍ക്കും.