ആര്‍ ജെ ഡിയില്‍ കുടുംബാധിപത്യം വിമത സ്വരം കനക്കുന്നു

    Posted on: March 8, 2014 12:22 am | Last updated: March 8, 2014 at 12:22 am
    SHARE

    lalu rabriപാറ്റ്‌ന: ബീഹാറില്‍ ആര്‍ ജെ ഡി സ്ഥാനാര്‍ഥി പട്ടികയില്‍ ലാലുപ്രസാദ് യാദവിന്റെ ഭാര്യ റാബ്‌റി ദേവിയും മൂത്ത മകള്‍ മിസ ഭാരതിയും. സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയതോടെ ആര്‍ ജെ ഡിയില്‍ വിമതസ്വരവും ശക്തമായി. കോണ്‍ഗ്രസും ആര്‍ ജെ ഡിയും എന്‍ സി പിയും സഖ്യമായി മത്സരിക്കുന്ന ബീഹാറില്‍ 27 സീറ്റുകളിലാണ് ആര്‍ ജെ ഡി മത്സരിക്കുന്നത്. ഇതില്‍ 25 സീറ്റുകളിലേക്കാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ലാലുവിന്റെ ഭാര്യയും മുന്‍ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവി സരണ്‍ മണ്ഡലത്തില്‍ നിന്നാണ് ഇത്തവണ ജനവിധി തേടുന്നത്. കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ലാലു സ്ഥാനമൊഴിഞ്ഞ മണ്ഡലമാണ് സരണ്‍. ആര്‍ ജെ ഡിയുടെ ശക്തികേന്ദ്രമായ ഇവിടെ നിന്ന് ജയിച്ചുകയറാമെന്ന പ്രതീക്ഷയിലാണ് റാബ്‌റിയെ തന്നെ ലാലു രംഗത്തിറക്കിയത്. പാടലിപുത്ര മണ്ഡലത്തില്‍ നിന്നാണ് മൂത്ത മകള്‍ മിസയെ മത്സരിപ്പിക്കുന്നത്. കാലിത്തീറ്റ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും ലാലുവിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.
    മുതിര്‍ന്ന നേതാക്കളെ തള്ളി മകള്‍ക്ക് സീറ്റ് നല്‍കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ലാലുവിന്റെ അടുത്ത അനുയായിയും രാജ്യസഭാംഗവുമായ രാംകിര്‍പാല്‍ യാദവ് പാടലിപുത്രയില്‍ നിന്ന് മത്സരിക്കണമെന്ന നിലപാടിലായിരുന്നു. സീറ്റ് നിഷേധിച്ച സാഹചര്യത്തില്‍ രാംകിര്‍പാല്‍ ആര്‍ ജെ ഡി വിട്ടേക്കുമെന്നാണ് സൂചന. ബി ജെ പി നേതാക്കളുമായി രാംകിര്‍പാല്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു.
    സീറ്റ് നിഷേധിച്ചതോടെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ ഗുലാം ഗോസ് വെസ്റ്റ് ചമ്പാരന്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതില്‍ പ്രതിഷേധിച്ച് നേരത്തെ ആര്‍ ജെ ഡിയുടെ മൂന്ന് നിയമസഭാംഗങ്ങള്‍ ജനതാദള്‍ യുനൈറ്റഡില്‍ ചേര്‍ന്നിരുന്നു.