തിരിച്ചുവരവിനായി സി പി എമ്മിന്റെ ‘സ്വതന്ത്ര’പരീക്ഷണം

  Posted on: March 8, 2014 1:20 am | Last updated: March 8, 2014 at 12:20 am
  SHARE

  sss2009ല്‍ നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കുകയെന്ന ഒറ്റലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പരീക്ഷണത്തിനൊരുങ്ങുകയാണ് സി പി എം. പാര്‍ട്ടി തയ്യാറാക്കിയ സ്ഥാനാര്‍ഥി പട്ടികയിലേക്ക് ഒറ്റനോട്ടം നോക്കിയാല്‍ മതി ഇത് വ്യക്തമാകും. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും മതിയായ പ്രാതിനിധ്യം നല്‍കിയ സി പി എം, പാര്‍ട്ടി ചിഹ്നം രക്ഷയാകില്ലെന്ന് കണ്ടിടത്ത് സ്വതന്ത്രരെയും രംഗത്തിറക്കി. നാലിടത്താണ് സി പി എമ്മിന്റെ സ്വതന്ത്രര്‍ മത്സരിക്കുന്നത്. തീരുമാനമെടുക്കാത്ത ഇടുക്കിയിലും സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമെന്നാണ് സി പി എം കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. അങ്ങനെയാകുമ്പോള്‍ സ്വതന്ത്രരുടെ എണ്ണം അഞ്ചാകും. ഇത്രയും പേരെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രരായി മത്സരിപ്പിക്കുന്നത് സി പി എമ്മിന്റെ സമീപകാല ചരിത്രത്തില്‍ ആദ്യമാകും.

  സ്വതന്ത്രരായി കളത്തിലിറങ്ങിയവരില്‍ രണ്ട് പേര്‍ കോണ്‍ഗ്രസുകാരണെന്നതാണ് മറ്റൊരു പ്രത്യേകത. സഭകളുമായി അടുപ്പം പുലര്‍ത്തുന്നവരെ പരിഗണിച്ചതിലൂടെ ക്രൈസ്തവ സമുദായത്തിലേക്ക് ഒരു പാലവും പാര്‍ട്ടി നിര്‍മിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സഭകളുടെ, പ്രത്യേകിച്ച് കത്തോലിക്കാ വിഭാഗത്തിന്റെ അകല്‍ച്ചയാണ് പരാജയത്തിന്റെ മുഖ്യകാരണങ്ങളിലൊന്നായി സി പി എം വിലയിരുത്തിയത്. കത്തോലിക്കാ സഭ ശത്രുതാ മനോഭാവത്തോടെ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ പ്രവര്‍ത്തിച്ചെന്നായിരുന്നു 2009ലെ തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്ത സി പി എം രേഖയിലെ പരാമര്‍ശം.
  സ്വതന്ത്ര പരീക്ഷണം മുമ്പ് നടത്തി വിജയിച്ച മണ്ഡലങ്ങളിലും പാര്‍ട്ടി ചിഹ്നത്തില്‍ ജയിച്ച മണ്ഡലങ്ങളിലും ഇക്കുറി സ്വതന്തരെ ഇറക്കിയിട്ടുണ്ട്. സെബാസ്റ്റ്യന്‍പോളിനെ സ്വതന്ത്രനായി മത്സരിപ്പിച്ച് ജയിച്ച എറണാകുളമാണ് ഇതില്‍ ശ്രദ്ധേയം. സഭകളുമായും കോണ്‍ഗ്രസ് നേതൃത്വവുമായും അടുപ്പമുള്ള മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറിയായിരുന്ന ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ വലിയ സ്വപ്‌നങ്ങള്‍ സി പി എം കാണുന്നു. ക്രിസ്റ്റി ഫെര്‍ണാണ്ടസ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച ശേഷം ആദ്യമെത്തിയത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കാണാനാണ്. സഭയുടെ താത്പര്യം സ്വതന്ത്രരിലൂടെ സംരക്ഷിക്കുമ്പോള്‍ പാര്‍ട്ടിയുടെ മറ്റു സ്ഥാനാര്‍ഥികള്‍ക്ക് കൂടി ഇതിന്റെ സഹായം ലഭിക്കുമെന്ന് സി പി എം കരുതുന്നു.
  ചാലക്കുടിയില്‍ 2004ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നത്തില്‍ ജയിച്ച സീറ്റെങ്കിലും കരുത്തനായൊരു സ്ഥാനാര്‍ഥിയുടെ അഭാവം നികത്തുകയാണ് ചലച്ചിത്രതാരം ഇന്നസെന്റിനെ അവതരിപ്പിച്ചതിലൂടെ. സ്വതന്ത്ര വോട്ടുകളും യുവാക്കളെയും ആകര്‍ഷിക്കാന്‍ ഇതിലൂടെ കഴിയുമെന്ന് പാര്‍ട്ടി കാണുന്നു. പത്തനംതിട്ടയിലും പൊന്നാനിയിലും അപ്രതീക്ഷിത തീരുമാനങ്ങളാണ് സി പി എമ്മില്‍ നിന്നുണ്ടായത്. ഫിലിപ്പോസ് തോമസിന്റെയും അബ്ദുര്‍റഹ്മാന്റെയും പേര് എവിടെയും ഉയര്‍ന്ന് കേട്ടതല്ല. അതീവ രഹസ്യമായി നടത്തിയ കൂടിയാലോചനകള്‍ക്കൊടുവിലാണ് ഈ തീരുമാനം. ലീഗുമായി നിരന്തരം പോരടിക്കുന്ന കോണ്‍ഗ്രസ് നേതാവെന്നതാണ് അബ്ദുര്‍റഹ്മാന്റെ പ്രത്യേകത. തിരൂര്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാനായിരുന്ന കാലത്തെ അബ്ദുര്‍റഹ്മാന്റെ നിലപാടുകള്‍ നഗരസഭാ ഭരണത്തെ പല ഘട്ടങ്ങളിലും ഉലച്ചിരുന്നു. ലീഗിന്റെ കുത്തക തകര്‍ക്കുകയാണ് ലക്ഷ്യമെന്ന അബ്ദുര്‍റഹ്മാന്റെ ആദ്യ പ്രതികരണത്തില്‍ തന്നെ എല്ലാം അടങ്ങിയിട്ടുണ്ട്. ആറന്മുള വിമാനത്താവള സമരത്തിന്റെ മുന്നണി പോരാളിയായ ഫിലിപ്പോസ് തോമസിലൂടെ പത്തനംതിട്ടയില്‍ വിമാനത്താവളവിരുദ്ധ വോട്ടുകള്‍ പെട്ടിയിലിക്കാനാകുമെന്ന് സി പി എം കണക്ക് കൂട്ടുന്നു. വിമാനത്താവളത്തിനെതിരായ സമരത്തില്‍ ഹൈന്ദവ സംഘടനകളാണ് മുന്‍പന്തിയിലെന്നതിനാല്‍ ബി ജെ പിയിലേക്കുള്ള വോട്ട് ചോര്‍ച്ച തടയുകയും ഈ നീക്കത്തിന് പിന്നിലുണ്ട്.
  സിറ്റിംഗ് എം പിമാരായ എം ബി രാജേഷ് (പാലക്കാട്), പി കെ ബിജു (ആലത്തൂര്‍), എ സമ്പത്ത് (ആറ്റിങ്ങല്‍) എന്നിവര്‍ക്കൊപ്പം ഡി വൈ എഫ് ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായ എ എന്‍ ശംസീര്‍ (വടകര) കൂടി ഉള്‍പ്പെടുന്നതാണ് സി പി എം പട്ടികയിലെ യുവത്വം. ഇടതുവിരുദ്ധ വികാരം ആഞ്ഞടിച്ച 2009ലെ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിഞ്ഞതിനൊപ്പം അഞ്ച് വര്‍ഷം നടത്തിയ മികച്ച പ്രവര്‍ത്തനവും സിറ്റിംഗ് എം പിമാര്‍ക്ക് ഒരു അവസരം കൂടി നല്‍കാന്‍ സി പി എമ്മിനെ പ്രേരിപ്പിച്ചു. അബ്ദുര്‍റഹ്മാന്‍ കുട്ടിക്ക് പുറമെ ഷംസീറും മലപ്പുറത്തേക്ക് പരിഗണിക്കുന്ന പി കെ സൈനബയുമാണ് സി പി എം സ്ഥാനാര്‍ഥി പട്ടികയിലെ മുസ്‌ലിം പ്രാതിനിധ്യം. കാസര്‍കോട് മത്സരിക്കുന്ന പി കരുണാകരനും കണ്ണൂരിലെ പി കെ ശ്രീമതിയുടെ സാന്നിധ്യവും കൊല്ലത്തെ എം എ ബേബിയും കോഴിക്കോട്ടെ എ വിജയരാഘവനും സ്ഥാനാര്‍ഥി പട്ടികക്ക് അനുഭവ സമ്പത്തിന്റെ കരുത്ത് നല്‍കുന്നു. ശ്രീമതിയും സൈനബയുമാണ് പട്ടികയിലെ വനിതാ പ്രാതിനിധ്യം. പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരില്‍ നിന്ന് സി ബി ചന്ദ്രബാബുവിന് (ആലപ്പുഴ) മാത്രമാണ് നറുക്ക് വീണിരിക്കുന്നത്.
  2009ല്‍ തകര്‍ന്നടിഞ്ഞ പാര്‍ട്ടിയെ തിരിച്ചു കൊണ്ടുവരാന്‍ ഈ പട്ടികക്ക് കഴിയുമെന്ന് സി പി എം വിലയിരുത്തുന്നു. ബംഗാളില്‍ വലിയ പ്രതീക്ഷയര്‍പ്പിക്കാത്ത കേന്ദ്ര നേതൃത്തിന് കേരളത്തിലെ ഫലത്തിലേക്കാണ് കണ്ണ്. രൂപപ്പെടുത്തിയ സ്ഥാനാര്‍ഥി പട്ടികയില്‍ നേതൃത്വം അര്‍പ്പിക്കുന്നതും വലിയ പ്രതീക്ഷകളാണ്. സി പി എം നടത്തുന്ന ഈ പരീക്ഷണം എത്രമാത്രം വിജയിച്ചെന്ന് അറിയാന്‍ ഫലപ്രഖ്യാപനം വരെ കാത്തിരിക്കാം.