Connect with us

Ongoing News

കൈവിട്ട കളിക്ക് ചെറു കക്ഷികള്‍

Published

|

Last Updated

തിരുവനന്തപുരം: ലോക്‌സഭാ സീറ്റിനായുള്ള ചെറുകക്ഷികളുടെ അവകാശവാദങ്ങളും നിലപാടുകളും ഇരു മുന്നണികള്‍ക്കും തലവേദനയാകുന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തുടരുകയാണ്. മുന്നണികളെ നയിക്കുന്ന പാര്‍ട്ടികളും ഘടകകക്ഷികളും പരസ്പരം വിട്ടുവീഴ്ച ചെയ്യാത്തതാണ് പ്രതിസന്ധി നീളാന്‍ കാരണം.

ഇടതു മുന്നണിയില്‍ പതിവു പോലെ സ്ഥാനാര്‍ഥിനിര്‍ണയം നേരത്തെ തന്നെ ഏറെക്കുറെ പൂര്‍ത്തിയായെങ്കിലും ഘടക കക്ഷികള്‍ക്കിടയിലെ അസ്വാരസ്യവും അതൃപ്തിയും പൂര്‍ണമായി പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. മുന്നണി യോഗം ചേരുന്നതിന് മുമ്പ് തന്നെ പ്രധാന പാര്‍ട്ടികളായ സി പി എമ്മും സി പി ഐയും സീറ്റ് വീതം വെച്ചെടുത്തതാണ് ഘടകകക്ഷികളെ പ്രകോപിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് ചര്‍ച്ചകളുടെ ആദ്യഘട്ടം മുതല്‍ തന്നെ കൊല്ലം സീറ്റ് വേണമെന്ന ആവശ്യം ആര്‍ എസ് പി മുന്നോട്ടു വെച്ചിരുന്നു. എന്നാല്‍ ഇത് അവഗണിച്ചാണ് ഉഭയകക്ഷി ചര്‍ച്ച പോലും ചെയ്യാതെ കൊല്ലത്ത് സ്വന്തം സ്ഥാനാര്‍ഥിയെ സി പി എം തീരുമാനിച്ചത്. നേരത്തെ ആര്‍ എസ് പിയുടെ കൈയിലായിരുന്ന ഈ സീറ്റ് സി പി എം പിടിച്ചെടുക്കുകയായിരുന്നു. ഇതിന് പകരമായി ഒരു തവണ രാജ്യസഭാംഗത്വം നല്‍കിയെങ്കിലും ഈ സീറ്റ് തിരികെ നല്‍കിയില്ല. കൊല്ലം സീറ്റില്ലെങ്കില്‍ പകരം മറ്റേതെങ്കിലും സീറ്റ് വേണമെന്ന ആവശ്യം തള്ളിയതോടെ ഒറ്റക്ക് മത്സരിക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നാണ് ആര്‍ എസ് പി മുന്നറിയിപ്പ് നല്‍കുന്നത്. ഈ സാഹചര്യം മുതലെടുത്ത്, ആര്‍ എസ് പിയെ യു ഡി എഫിലേക്ക് ക്ഷണിച്ച് മന്ത്രി ഷിബു ബേബി ജോണും കൊല്ലം ഡി സി സി അധ്യക്ഷന്‍ പ്രതാപവര്‍മ തമ്പാനും രംഗത്തെത്തിയിട്ടുണ്ട്.
എന്നാല്‍, സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ മുന്നണി വിടേണ്ടതില്ലെന്നും ആവശ്യമെങ്കില്‍ കൊല്ലത്ത് സൗഹാര്‍ദ മത്സരം ആകാമെന്നുമാണ് ആര്‍ എസ് പി നിലപാട്. അതിനിടെ. തങ്ങള്‍ക്കും ഒരു ലോക്‌സഭാ സീറ്റിന് അര്‍ഹതയുണ്ടെന്ന അവകാശവാദവുമായി മതേതര ജനതാദളും രംഗത്തെത്തിയിരുന്നു. ഇതിനായി ദേശീയ തലത്തില്‍ തന്നെ സി പി എം നേതൃത്വത്തില്‍ സ്വാധീനം ചെലുത്തിയിരുന്നു. കേരളത്തില്‍ മതേതര ജനതാ ദളിന് സീറ്റ് നല്‍കുന്നതിന് പകരം കര്‍ണാടകയില്‍ സി പി എമ്മിന് ഒരു സീറ്റ് നല്‍കുന്നതുള്‍പ്പെടെയുള്ള ഫോര്‍മുല ജനതാദള്‍ മുന്നോട്ടു വെച്ചിരുന്നു. എന്നാല്‍ അതും പരിഗണിക്കപ്പെട്ടിട്ടില്ല.
യു ഡി എഫില്‍ കാര്യങ്ങള്‍ ഇതിലും സങ്കീര്‍ണമാണ്. ഒരു സീറ്റ് അധികം വേണമെന്ന് ആവശ്യപ്പെട്ട കേരളാ കോണ്‍ഗ്രസിനെ അനുനയിപ്പിക്കാന്‍ ഇതുവരെ മുന്നണി നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. തങ്ങള്‍ ആവശ്യപ്പെട്ട ഇടുക്കി സീറ്റ് ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് കേരളാ കോണ്‍ഗ്രസ് കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിലുടക്കി ഇടഞ്ഞു നില്‍ക്കുന്നത്. ചര്‍ച്ചകള്‍ക്കൊടുവില്‍ മാണി വഴങ്ങിയാലും ജോസഫ് വിഭാഗത്തിന്റെ നിലപാട് നിര്‍ണായകമാകും. ഒപ്പം വടകരയോ വയനാടോ വേണമെന്ന ആവശ്യം മുന്നോട്ടു വെച്ച സോഷ്യലിസ്റ്റ് ജനതയുടെ കാര്യത്തിലും അന്തിമ തീരുമാനമെടുക്കാന്‍ മുന്നണി നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. സിറ്റിംഗ് സീറ്റ് വിട്ടുനല്‍കുന്നതിലുള്ള അതൃപ്തി ചൂണ്ടിക്കാട്ടി ജയസാധ്യത കുറഞ്ഞ പാലക്കാട് പകരം നല്‍കി സോഷ്യലിസ്റ്റ് ജനതയെ അനുനയിപ്പിക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്. പാലക്കാട് വിജയിക്കാനായില്ലെങ്കില്‍ ആദ്യം ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് നല്‍കുന്നതും പരിഗണനയിലുണ്ടെന്നറിയുന്നു.

 

ബ്യൂറോ ചീഫ്, തിരുവനന്തപുരം