Connect with us

Gulf

പഴയ കാലത്തിന്റെ നേര്‍ക്കാഴ്ചകളൊരുക്കാന്‍ താഖ ഫെസ്റ്റിവല്‍

Published

|

Last Updated

taqah festival 1സലാല: ആധുനിക സൗകര്യങ്ങള്‍ കടന്നു വരുന്നതിന് മുമ്പുളള പഴയ കാലത്തിന്റെ നേര്‍കാഴ്ചകളെ പുനര്‍ജീവിപ്പിച്ച് 10 ദിവസം നീണ്ടുനില്‍ക്കുന്ന താഖ ഫെസ്റ്റിവലിന് അരങ്ങൊരുങ്ങുന്നു. പാരമ്പര്യവും സംസ്‌കാരവും പൈതൃകവുമെല്ലാം സമന്വയിക്കുന്ന ഫെസ്റ്റിവല്‍ ഈ മാസം 15ന് ദോഫാര്‍ ഗവര്‍ണറും സ്റ്റേറ്റ് മന്ത്രിയുമായ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് സുല്‍ത്താന്‍ അബൂ സഈദി ഉദ്ഘാടനം ചെയ്യും. മത്സ്യബന്ധനം, ക്യഷി, കാലി വളര്‍ത്തല്‍ തുടങ്ങിയവയുടെ പരമ്പരാഗത രീതികളെക്കുറിച്ച് അടുത്തറിയാന്‍ ഫെസ്റ്റിവലില്‍ അവസരമുണ്ടാകും. ചരിത്രാന്യേഷികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മേള ഏറെ പ്രയോജനപ്പെടുമെന്നാണ് അധികൃതര്‍ കരുതുന്നത്.

ഗതാഗതത്തിന് മുഖ്യമായും കടലിനെ ആശ്രയിച്ചിരുന്ന കാലഘട്ടത്തെക്കുറിച്ചും പുതുതലമുറക്ക് അറിവുകള്‍ നേടാനാകും. ഫെസ്റ്റിവലിനുളള ഒരുക്കങ്ങള്‍ മാസങ്ങള്‍ക്കു മുമ്പേ ആരംഭിച്ചതായും അവസാന ഘട്ട മിനുക്കു പണികള്‍ നടന്നു വരികയാണെന്നും താഖ ഫെസ്റ്റിവല്‍ കമ്മറ്റി മീഡിയ സമിതി അംഗം സഈദ് അല്‍ മഅ്ശനി പറഞ്ഞു. പഴമക്കാരുടെ ജീവിതത്തിന്റെ ദൃശ്യാവിഷ്‌കാരങ്ങളും സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാന്‍ അവസരമൊരുക്കുമെന്നും അദ്ദേഹം അറിയിച്ചു. കുട്ടികള്‍ക്ക് വിനോദവും വിജ്ഞാനവും പകര്‍ന്നു നല്‍കുന്ന വിവിധ പരിപാടികളും മേളയില്‍ നടക്കും. ഇതിന് വേണ്ടി ചില്‍ഡ്രന്‍സ് വില്ലേജ് സജ്ജീകരിച്ചിട്ടുണ്ട്. പെയിന്റിംഗ്, ട്രാഫിക് ബോധവത്ക്കരണം, പഠന സഹായ പ്രവര്‍ത്തനങ്ങള്‍, കുട്ടികളില്‍ ശാസ്ത്രീയ അവബോധം സൃഷ്ടിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ചില്‍ഡ്രന്‍സ് വില്ലേജില്‍ നടക്കുക.
സമുദ്ര യാത്രകളുടെ സ്മരണകളെ പുനരുജ്ജീവിപ്പിച്ച് മറൈന്‍ വില്ലേജും മേളയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാകും. ജലഗതാഗത മേഖലയില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളെയും മറൈന്‍ വില്ലേജ് അടയാളപ്പെടുത്തും. ചരിത്രത്തെ പുനരാവിഷ്‌കരിച്ച് പൂര്‍വ പിതാക്കളില്‍ നിന്നും കൈമാറിക്കിട്ടിയ പൈതൃകത്തെ പുതു തലമുറക്ക് കൈമാറുകയെന്ന ആശയമാണ് ഫെസ്റ്റിവലിന്റേതെന്ന് സഈദ് അല്‍ മഅ്ശനി കൂട്ടിച്ചേര്‍ത്തു. താഖയുടെ ഗതകാല ചരിത്രത്തില്‍ മത്സ്യബന്ധനത്തിന് പ്രത്യേക സ്ഥാനമുണ്ട്. കൃഷി കഴിഞ്ഞാല്‍ മത്സ്യബന്ധനമായിരുന്നു എണ്ണ കണ്ടു പിടിക്കുന്നത് വരെ രാജ്യത്തിന്റെ മുഖ്യവരുമാന മാര്‍ഗം. പ്രവിശാലമായ കടല്‍ തീരം കൊണ്ട് സമ്പന്നമായ ഒമാനില്‍ സ്വദേശികള്‍ കൊച്ചു ബോട്ടുകളില്‍ പരമ്പരാഗത രീതിയിലായിരുന്നു മത്സ്യ ബന്ധനം നടത്തിയിരുന്നത്.
പഴമയുടെ നന്‍മകളെ പുത്തന്‍ തലമുറയിലേക്ക് പരിചയപ്പെടുത്താനായി മുതിര്‍ന്നവര്‍ക്ക് വിവിധ മത്സരങ്ങളും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. വല നിര്‍മാണം, ബോട്ട് റേസിംഗ്, മത്സ്യബന്ധനം തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി. ജീവിത മാര്‍ഗങ്ങളുടെ ചരിത്രം ദോഫാര്‍ നിവാസികളുടെ ചരിത്രാന്യേഷികള്‍ക്ക് ഏറെ പ്രയോചനപ്പെടും. പഠന സംഘങ്ങളും ചരാത്രാന്വേഷകരുമായ നിരവധി പേര്‍ ഫെസ്റ്റിലവിന് എത്തിച്ചേരുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഏവര്‍ക്കും വിശാലമായ സൗകര്യങ്ങളോടെ മേള ആസ്വദിക്കുന്നതിനുള്ള വിവിധ സംവിധാനങ്ങളാണ് പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

 

Latest