കനത്ത മൂടല്‍മഞ്ഞ്: നിരവധി വാഹനാപകടങ്ങള്‍; വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു

Posted on: March 7, 2014 8:55 pm | Last updated: March 7, 2014 at 7:56 pm
SHARE

IMG-20140306-WA0001ദുബൈ: ഇന്നലെയുണ്ടായ കനത്ത മൂടല്‍ മഞ്ഞ് നഗരത്തില്‍ അപകടങ്ങള്‍ക്ക് ഇടയാക്കി. ദുബൈയിലെ വിവിധ റോഡുകളിലാണ് മൂടല്‍മഞ്ഞില്‍ കൃത്യമായ അകലം പാലിക്കാത്ത വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. ദുബൈ, അബുദാബി വിമാനത്താവളങ്ങളിലും മൂടല്‍മഞ്ഞ് കനത്തതിനാല്‍ പല വിമാന സര്‍വീസുകളും വഴി തിരിച്ചു വിടേണ്ടി വന്നു. മോശം കാലാവസ്ഥയില്‍ അബുദാബി ഇന്റര്‍നാഷനല്‍ വിമാനത്താവളത്തിലേക്കുള്ള 37 സര്‍വീസുകള്‍ വഴിതിരിച്ചു വിട്ടതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം വെളിപ്പെടുത്തി. ഇതില്‍ 14 സര്‍വീസുകള്‍ അല്‍ ഐന്‍ എയര്‍പോര്‍ട്ടിലേക്കും മൂന്നെണ്ണം ദുബൈ മക്തൂം എയര്‍പോര്‍ട്ടിലേക്കുമാണ് തിരിച്ചുവിട്ടത്.
10 എണ്ണം ദോഹയിലേക്കും ആറെണ്ണം മസ്‌കത്തിലേക്കും രണ്ടെണ്ണം ദമാമിലേക്കും ഒന്ന് ബഹ്‌റൈനിലേക്കും തിരിച്ചുവിട്ടതായും ഏജന്‍സി റിപോര്‍ട്ട് ചെയ്തു. മൂടല്‍മഞ്ഞിന് ശമനം വന്ന ശേഷമാണ് ദുബൈ, അബുദാബി വിമാനത്താവളങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങിയത്. വിമാനത്താവളങ്ങളിലെ വിവിധ വകുപ്പുകള്‍ യാത്രക്കാരുടെ ദുരിതം പരമാവധി കുറക്കാന്‍ അഹോരാത്രം പരിശ്രമിച്ചിരുന്നു.
മൂടല്‍മഞ്ഞ് വരും ദിവസങ്ങളിലും തുടരാന്‍ സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ വിമാനങ്ങളെക്കുറിച്ച് അറിയാന്‍ ഇത്തിഹാദ് എയര്‍വെയ്‌സിന്റെ നമ്പറില്‍ ബന്ധപ്പെടണെന്ന് അബുദാബി വിമാനത്താവള അധികൃതര്‍ അഭ്യര്‍ഥിച്ചു. 02-599 0000 എന്ന നമ്പറിലോ ഇത്തിഹാദ് എയര്‍വേഴ്‌സിന്റെ വെബ്‌സൈറ്റിലോ ബന്ധപ്പെടേണ്ടതാണ്. മറ്റ് വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ടവരും അതാത് കമ്പനി അധികൃതരുമായി ബന്ധപ്പെട്ട് വിമാന ലഭ്യത ഉറപ്പാക്കേണ്ടതാണ്. മൂടല്‍മഞ്ഞുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ 24 മണിക്കൂറിനകം പരിഹരിച്ചതായി വിമാനത്താവള അധികൃതര്‍ വെളിപ്പെടുത്തി.
മൂടല്‍മഞ്ഞ് കാരണം ദുരക്കാഴ്ച കുറഞ്ഞതിനാല്‍ എട്ടു വിമാനങ്ങള്‍ അല്‍ മക്തൂം വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടതായി ദുബൈ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് അധികൃതരും വെളിപ്പെടുത്തി. ഒരു സര്‍വീസ് ക്യാന്‍സല്‍ ചെയ്തിരുന്നു.
ദുബൈ, അബുദാബി നഗരങ്ങളിലെ റോഡില്‍ ദുരക്കാഴ്ച 100 മീറ്ററിലും കുറഞ്ഞത് അപകടങ്ങള്‍ക്ക് ഇടയാക്കി. പലര്‍ക്കും നേരത്തിന് ഓഫീസുകളിലും മറ്റ് ലക്ഷ്യസ്ഥാനങ്ങളിലും എത്താന്‍ താമസം നേരിട്ടു. മൂടല്‍മഞ്ഞില്‍ അപകടം പതിയിരിക്കുന്നതിനാല്‍ വാഹനങ്ങള്‍ വ്യക്തമായ അകലം പാലിച്ച് സാവധാനമാണ് നീങ്ങിയത്.
ദുബൈഅല്‍ ഐന്‍ പാതയില്‍ നിരവധി അപകടങ്ങള്‍ക്ക് മൂടല്‍മഞ്ഞ് ഇടയാക്കിയതായി ദുബൈ പോലീസ് ട്വിറ്ററിലൂടെ വ്യക്തമാക്കി. അല്‍ ഐന്‍ ദിശയില്‍ മെര്‍ഗാന്‍ ബ്രിഡ്ജിന് സമീപത്തായിരുന്നു നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. മതിയായ അകലം പാലിക്കാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്നും ദുബൈ പോലീസ് പറഞ്ഞു.
ഷാര്‍ജ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ സൗത്ത്ബൗണ്ടില്‍ ഒന്നിലധികം വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അമ്മാന്‍ സ്്ട്രീറ്റിലും ബഗ്ദാദ് സ്ട്രീറ്റിലും മൂടല്‍മഞ്ഞിനാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.