കൈക്കൂലിയും പാരിതോഷികവും തടയാന്‍ പി ഡി ഒയില്‍ ഹോട്ട്‌ലൈന്‍ സംവിധാനം

Posted on: March 7, 2014 6:41 pm | Last updated: March 7, 2014 at 6:41 pm
SHARE

മസ്‌കത്ത്: ഓയില്‍ കമ്പനിയുമായി ബന്ധപ്പെട്ട് കൈക്കൂലി, പാരിതോഷിക കേസുകള്‍ വിവാദമായ സാഹചര്യത്തില്‍ ജീവനക്കാര്‍ക്കിടയില്‍ ശക്തമായ പെരുമാറ്റച്ചട്ടവും അവിഹിത ഇടപാടുകള്‍ റിപ്പോട്ട് ചെയ്യുന്നതിന് ഹോട്ട്‌ലൈന്‍ സംവിധാനവും ഏയര്‍പെടുത്താന്‍ പെട്രോളിയം ഡവലപ്‌മെന്റ് കമ്പനി (പി ഡി ഒ) തീരുമാനിച്ചു. ജീവനക്കാര്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പി ഡി ഒ സേവനങ്ങളുമായി ബന്ധപ്പെട്ട് ഏതെങ്കിലും അവിഹിത ഇടപാടോ സമ്മാനങ്ങളോ ആവശ്യപ്പെടുകയോ നല്‍കുകയോ ചെയ്യുന്നതു ശ്രദ്ധയില്‍ പെട്ടാല്‍ ആര്‍ക്കും റിപ്പോര്‍ട്ട് ചെയ്യാവുന്ന രഹസ്യ സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. കമ്പനിയില്‍ നിയമവിരുദ്ധ ഇടപാടുകള്‍ പൂര്‍ണമായും ഇല്ലാതാക്കുക ലക്ഷ്യം വെച്ചാണ് നീക്കം. കമ്പനിയുടെ ചില മുന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടുത്തിടെ കൈക്കൂലി കേസില്‍ ഉള്‍പെട്ടിരുന്നു. ഇവര്‍ ഇപ്പോള്‍ വിചാരണ നേരിട്ടു വരികയാണ്.
കമ്പനിയുടെ പ്രവര്‍ത്തന മികവിലും പുരോഗതിയലുമാണ് എല്ലാവരും ശ്രദ്ധിക്കേണ്ടതെന്ന് ചെയര്‍മാന്റെ അറിയിപ്പില്‍ പറയുന്നു. തൊഴിലിലെ സുതാര്യതയും മാന്യതയും ഉറപ്പു വരുത്തുന്നതില്‍ എല്ലാവരും ശ്രദ്ധിക്കണം. ചുമതലപ്പെടുത്തപ്പെട്ട കാര്യങ്ങള്‍ കൃത്യതയോടെ നിര്‍വഹിക്കുക എന്നതാണ് ഓരോ ജീവനക്കാരുടെയും ഉത്തരവാദിത്തം. കമ്പനിക്കു സ്വാഭാവികമായും ഇതര കമ്പനികളുമായി മത്സരിക്കേണ്ടി വരും.
എന്നാല്‍ ഇത് തികഞ്ഞ സുതാര്യതയോടെയാകണം. വഴിവിട്ട ഇടപാടിലൂടെ കമ്പനിയുടെ പ്രവര്‍ത്തനം ആഗ്രഹിക്കുന്നില്ല. കമ്പനിയുടെ ജോലികള്‍ ഏറ്റെടുക്കുന്ന എല്ലാ കരാറുകാര്‍ക്കും തുല്യ അവസരമാണ് നല്‍കേണ്ടത്. കരാറുകാര്‍ക്കിടയിലെ മത്സരത്തിന് കമ്പനി ഉദ്യോഗസ്ഥര്‍ വശംവദരാകാന്‍ പാടില്ല. നിയമപരമായ ഇടപാടുകള്‍ക്ക് ഒരു കരാറുകാരനെയും അനുവദിക്കില്ല. പാരിതോഷികങ്ങള്‍ കാണിച്ച് കമ്പനിയെക്കൊണ്ട് തീരുമാനങ്ങളെടുപ്പിക്കാവുന്ന സാഹചര്യം ഉണ്ടാകില്ല. ഇത്തരം സന്ദര്‍ഭങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറൃയുന്നു.
61 ശതമാനം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന പി ഡി ഒയുടെ ശേഷിക്കുന്ന ഓഹരികള്‍ വിദേശ കമ്പനികളുടെതാണഅ. 5,700 പേര്‍ക്കാണ് കമ്പനി തൊഴില്‍ നല്‍കുന്നത്. യഥേഷ്ടം സ്വദേശികള്‍ക്കും കമ്പനി തൊഴിലവസരം സൃഷ്ടിക്കുന്നുവെന്നും ചെയര്‍മാന്‍ അറിയിപ്പില്‍ പറഞ്ഞു.