കിരണ്‍കുമാര്‍ റെഡ്ഢി പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു

Posted on: March 7, 2014 10:23 am | Last updated: March 7, 2014 at 10:23 am
SHARE

kirankumar reddyഹൈദരാബാദ്: തെലുങ്കാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടിവിട്ട ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. ആന്ധ്ര പ്രദേശ് വിഭജനത്തിലൂടെ സീമാന്ധ്രയില്‍ നില പരുങ്ങലിലായ കോണ്‍ഗ്രസ്സിന് ശക്തമായ തിരിച്ചടിയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന മുന്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡിയുടെ പ്രഖ്യാപനം. സീമാന്ധ്രയില്‍ അവശേഷിക്കുന്ന കോണ്‍ഗ്രസ്സുകാരില്‍ വലിയൊരു ഭാഗം പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്നേക്കും. ബുധനാഴ്ച്ച റാലി നടത്തി പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്ന് കിരണ്‍കുമാര്‍ റെഡ്ഡി അറിയിച്ചു.

അതിനിടെ തെലുങ്കുദേശം സ്ഥാപകന്‍ എന്‍ ടി രാമറാവുവിന്റെ മകളും മുന്‍ കേന്ദ്രമന്ത്രിയുമായ ഡി പുരന്ദരേശ്വരി ബി ജെ പിയില്‍ ചേരാന്‍ തീരുമാനിച്ചത് കോണ്‍ഗ്രസ്സിന് മറ്റൊരു ആഘാതമായി. ഒന്നും രണ്ടും യു പി എ സര്‍ക്കാരുകളില്‍ മന്ത്രിയായിരുന്നു പുരന്ദരേശ്വരി. വിശാഖപട്ടണത്തെ പ്രതിനിധീകരിക്കുന്ന പുരന്ദരേശ്വരി ഇത്തവണ ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയാകും. ബിജെപിയില്‍ ചേരാനുളള ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി ഇന്ന് ഡല്‍ഹിയിലെത്തി പുരന്ദരേശ്വരിയും ഭര്‍ത്താവും കോണ്‍ഗ്രസ്സ് എം എല്‍ എയുമായ ഡി വെങ്കടേശ്വരറാവു ബി ജെ പി നേതാക്കളെ കാണും.