Connect with us

Palakkad

റയില്‍വേയുടെ സോളാര്‍ ലൈറ്റ് പദ്ധതിയുടെ രണ്ടാം ഘട്ടം പൂര്‍ത്തിയായി

Published

|

Last Updated

പാലക്കാട്: കാടിറങ്ങുന്ന കാട്ടാനകളെ അപകടങ്ങളില്‍ നിന്നു തടയുന്നതിനായി റയില്‍വേ സ്ഥാപിക്കുന്ന സോളാര്‍ ലൈറ്റ് പദ്ധതിയുടെ രണ്ടാം ഘട്ടവും പൂര്‍ത്തിയായി. വാളയാര്‍ മുതല്‍ കഞ്ചിക്കോട് വരെയുള്ള ബി ലൈന്‍ ട്രാക്കിന് ഇരുവശത്തുമായാണ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത്.
ആദ്യഘട്ടത്തില്‍ പത്ത് ലൈറ്റുകള്‍ സ്ഥാപിച്ചിരുന്നു. കഞ്ചിക്കോട് ഉള്‍പ്പെടുത്തിയാണ് രണ്ടാംഘട്ടം പൂര്‍ത്തിയാക്കിയത്. റയില്‍വേ ഇലക്ട്രിക്കല്‍ ജനറല്‍ സര്‍വീസ് വിഭാഗമാണ് പദ്ധതി നടപ്പാക്കുന്നത്. 6,000 രൂപയാണ് ഒരു ലൈറ്റ് സ്ഥാപിക്കാനുള്ള ചെലവ്. ഇത്തരത്തില്‍ 1.20 ലക്ഷം രൂപ പദ്ധതിക്കായി ചെലവഴിച്ചു. നിലവില്‍ മൂന്ന് കിലോമീറ്ററോളം വരുന്ന ഭാഗങ്ങളില്‍ പദ്ധതി പൂര്‍ത്തിയാക്കി. വനത്തില്‍ നിന്ന് രാത്രികാലങ്ങളില്‍ പുറത്തിറങ്ങുന്ന കാട്ടാനകള്‍ ട്രെയിന്‍ പാളത്തിലെത്തുന്നതോടെയാണ് അപകടം ഉണ്ടാകുക.
ട്രാക്കിലും സമീപത്തുമെത്തുന്ന കാട്ടാനകള്‍ക്ക് ട്രെയിന്‍ വരുന്നത് കാണുമ്പോള്‍ സോളാര്‍ ലൈറ്റിന്റെ വെളിച്ചത്തില്‍ കാടിനകത്തേക്കോ സുരക്ഷിതമായ സ്ഥലത്തേക്കോ മാറി നില്‍ക്കാന്‍ കഴിയുമെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. രണ്ട് വാട്ടിന്റെ എല്‍ ഇ ഡി ബള്‍ബുകളാണ് ഇതില്‍ ഉപയോഗിക്കുന്നത്. പ്രകാശ തീവ്രത കൂടുതലായതിനാല്‍ കാട്ടാനകളെ അകറ്റാന്‍ സാധിക്കുമെന്നും അധികൃതര്‍ കണക്കു കൂട്ടുന്നുണ്ട്. ട്രെയിന്‍ തട്ടിയുള്ള കാട്ടാനകളുടെ അപകടം വര്‍ധിക്കുന്നത് റയില്‍വേയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
സതേണ്‍ റയില്‍വേ അഡീഷനല്‍ ജനറല്‍ മാനേജര്‍ ഡോ. നാരായണന്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത്.
വെകിട്ട് ആറ് മുതല്‍ രാവിലെ ആറ് വരെയാണ് ഇവ പ്രവര്‍ത്തിക്കുക. മുന്‍പ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ള മേഖലയില്‍ കാട്ടാനശല്യം കുറഞ്ഞിട്ടുണ്ട്. ഇതേ തുടര്‍ന്നാണു പുതിയതായി പത്തണ്ണം കൂടി സ്ഥാപിച്ചത്. സോളാര്‍ ലൈറ്റുകള്‍ക്ക് അറ്റകുറ്റപ്പണി കുറവാണെന്നും പദ്ധതി സുരക്ഷിതമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാലക്കാട് ഡവിഷനല്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ സി നടരാജനാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്.
സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ ടി എം രാമന്‍കുട്ടിയുടെ നേതൃത്വത്തിലാണ് നിര്‍മാണ പ്രവൃത്തികള്‍ നടത്തിയത്. കൂടുതല്‍ മേഖലകള്‍ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് ശ്രമമെന്നും അധികൃതര്‍ അറിയിച്ചു.—

Latest