Connect with us

Wayanad

സ്ത്രീ തൊഴിലാളികളുടെ ജീവിതം പഠിക്കാന്‍ നോര്‍വീജിയന്‍ വിദ്യാര്‍ഥിനികള്‍ വയനാട്ടില്‍

Published

|

Last Updated

കല്‍പ്പറ്റ: സ്ത്രീ തൊഴിലാളികളുടെ ജീവിതം അടുത്തറിയാന്‍ നോര്‍വീജിയന്‍ വിദ്യാര്‍ഥിനികള്‍ വയനാട്ടില്‍. ഒസ്‌ലോ യൂനിവേഴ്‌സിറ്റി കോളേജില്‍ ഡവലപ്പ്‌മെന്റ് സ്റ്റഡീസ് ഐച്ഛികവിഷയമാക്കി ബിരുദത്തിനു പഠിക്കുന്ന മരിയ ബ്ലോം ഹെല്‍മേഴ്‌സണ്‍, മോന ഉല്‍നസ് പ്ലാടിക്കര്‍, അറോറ മരിയ നോം, യുദാ മരിയ ബുറോസ് എന്നിവരാണ് പ്രൊജക്ട് വര്‍ക്കിന്റെ ഭാഗമായി ജില്ലയിലെത്തിയത്. യൂനിവേഴ്‌സിറ്റിയിലെ പ്രൊഫ.ബിബി വാന്‍ഡ്‌സെംബിന്റെ നേതൃത്വത്തിലെത്തിയ വിദ്യാര്‍ഥിനികള്‍ വയനാട്ടിലെ സ്ത്രീ തൊഴിലാളികളുടെ ശാക്തീകരണത്തില്‍ കുടുംബശ്രീയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ചെലുത്തുന്ന സ്വാധീനമാണ് പഠനവിധേയമാക്കിയത്. മാനന്തവാടി, കേണിച്ചിറ, പുല്‍പള്ളി, ബത്തേരി, പുത്തൂര്‍വയല്‍, മൊതക്കര എന്നിവിടങ്ങളിലെ കുടുംബശ്രീ സ്വയം സഹായ സംഘാംഗങ്ങള്‍, തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കള്‍ എന്നിവരുമായി ഇടപഴകിയായിരുന്നു പഠനം. 20നും 60നും ഇടയില്‍ പ്രായമുള്ള സ്ത്രീ തൊഴിലാളികളെയാണ് വിവരശേഖരണത്തിനു ഉപയോഗപ്പെടുത്തിയത്.
ഗ്രാമീണ സ്തീ തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലും സാമൂഹികാന്തസ് ഉയര്‍ത്തുന്നതിലും കുടുംബശ്രീ സംവിധാനവും തൊഴിലുറപ്പ് പദ്ധതിയും ഉതകുന്നുണ്ടെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു. “തങ്ങള്‍ പോയ സ്ഥലങ്ങളിലെല്ലാം തൊഴിലുറപ്പ് പദ്ധതിയില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവരില്‍ ഏറെയും സ്ത്രീകളാണ്. അച്ഛനേയോ ഭര്‍ത്താവിനേയോ അമിതമായി ആശ്രയിക്കാതെ ജീവിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം അവരില്‍ ദൃഢമാണ്. കുടുംബശ്രീ അംഗങ്ങളായതിലൂടെ ലഭിച്ച സംഘബോധം കുടുംബപ്രശ്‌നങ്ങളെ ധീരതയോടെ നേരിടാനുള്ള കഴിവും സ്ത്രീ തൊഴിലാളികളിലേക്ക് പകര്‍ന്നിട്ടുണ്ട്. വീട്ടുകാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിലും ധനവിനിയോഗത്തിലും ജില്ലയിലെ സ്ത്രീ തൊഴിലാളികള്‍ കൂടുതല്‍ സ്വാതന്ത്യം ആഗ്രഹിക്കുന്നുണ്ട്. തങ്ങളോടുള്ള പുരുഷ•ാരുടെ കാഴ്ചപ്പാടില്‍ കാതലായ മാറ്റം ഉണ്ടാകണമെന്ന ചിന്താഗതിയും അവരില്‍ ശക്തമാണ്. രാത്രി ആറു മണി കഴിഞ്ഞാല്‍ ഒറ്റക്ക് സഞ്ചരിക്കാന്‍ സ്ത്രീകള്‍ക്ക് പൊതുവെ ഭയമാണ്” വിദ്യാര്‍ഥിനികള്‍ പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയില്‍ ജോലിചെയ്യുന്ന വനിതകളില്‍ ആദിവാസികള്‍ നാമമാത്രമാണെന്ന് വിദ്യാര്‍ഥിനികള്‍ ചൂണ്ടിക്കാട്ടി. ജില്ലയിലെ ആദിവാസി സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ സമൂഹത്തിന്റെ ഇതര വിഭാഗങ്ങളിലുള്ളവരുടെ ശക്തമായ ഇടപെടല്‍ ആവശ്യമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. നോര്‍വേയിലെ ആദിവാസി ജനത മുഖ്യധാരയുടെ ഭാഗമാണെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു.
ഒസ്‌ലോ യൂനിവേഴ്‌സിറ്റി കോളേജില്‍ ഡവലപ്പ്‌മെന്റ് സ്റ്റഡീസില്‍ ബിരുദത്തിനു പഠിക്കുന്ന ഒന്നാം വര്‍ഷക്കാരില്‍ 91 പേരുണ്ട്. ഇതില്‍ 11 പേരാണ് പ്രൊജക്ട് വര്‍ക്കിന്റെ ഭാഗമായി രണ്ടാഴ്ച മുന്‍പ് കേരളത്തിലെത്തിയത്. ഇവരില്‍ നാലു പേര്‍ “വിമന്‍ ആന്‍ഡ് മൊബിലിറ്റി” എന്ന വിഷയത്തില്‍ കോഴിക്കോട് ജില്ലയിലും മൂന്നു പേര്‍ “ചില്‍ഡ്രന്‍ ആന്‍ഡ് ഡിസെബിലിറ്റീസ്” എന്ന വിഷയത്തില്‍ തിരുവനന്തപുരം ജില്ലയിലുമാണ് പഠനം നടത്തുന്നത്. മാര്‍ച്ച് 21നാണ് മടക്കയാത്ര. ജോലി കിട്ടിയശേഷം തവണകളായി തിരിച്ചടയ്ക്കണമെന്ന് വ്യവസ്ഥയില്‍ സര്‍ക്കാര്‍ കുറഞ്ഞ പലിശയ്ക്ക് അനുവദിക്കുന്ന വായ്പ ഉപയോഗപ്പെടുത്തിയാണ് നോര്‍വേയില്‍ പൊതുവെ ഉപരിപഠനമെന്ന് വയനാട്ടിലെത്തിയ വിദ്യാര്‍ഥിനികള്‍ പറഞ്ഞു.

Latest