‘മതഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്ന പ്രചാരണം പാടില്ല’

Posted on: March 7, 2014 7:36 am | Last updated: March 7, 2014 at 7:36 am
SHARE

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോള്‍ വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതോ നിലവിലുള്ള ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ പരസ്പര വിദ്വേഷം ജനിപ്പിക്കുന്നതോ ആയ യാതൊരു പ്രവര്‍ത്തനത്തിലും പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ ഏര്‍പ്പെടാന്‍ പാടില്ലെന്ന് ജില്ലാ കലക്ടര്‍ സി എ ലത അറിയിച്ചു. രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കുമുള്ള മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി.
മറ്റു രാഷ്ട്രീയപാര്‍ട്ടികളെക്കുറിച്ച് വിമര്‍ശം നടത്തുമ്പോള്‍ നയങ്ങളിലും പരിപാടികളിലും പൂര്‍വകാല ചരിത്രത്തിലും പ്രവര്‍ത്തനങ്ങളിലും മാത്രമായി ഒതുക്കി നിര്‍ത്തണം.
മറ്റു പാര്‍ട്ടികളുടെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സ്വകാര്യജീവിതത്തെകുറിച്ച് പാര്‍ട്ടികളും സ്ഥാനാര്‍ഥികളും വിമര്‍ശം നടത്തരുത്. അടിസ്ഥാന രഹിതമായതോ വളച്ചൊടിച്ചതോ ആയ ആരോപണങ്ങള്‍ ഉന്നയിച്ച് മറ്റു പാര്‍ട്ടുകളെയും പ്രവര്‍ത്തകരേയും വിമര്‍ശിക്കുന്നത് ഒഴിവാക്കണം. ജാതിയുടെ പേരിലും സമുദായത്തിന്റെ പേരിലും വോട്ട് ചോദിക്കാന്‍ പാടില്ല.
മുസ്‌ലിം പള്ളികള്‍, ചര്‍ച്ചുകള്‍, ക്ഷേത്രങ്ങള്‍, മറ്റ് ആരാധനാ സ്ഥലങ്ങള്‍ എന്നിവ തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള വേദിയായി ഉപയോഗിക്കരുതെന്നും കലക്ടര്‍ അറിയിച്ചു.