Connect with us

Kozhikode

മാവോയിസ്റ്റെന്ന് സംശയം: തടഞ്ഞുവെച്ച ഒഡീഷക്കാരനെക്കുറിച്ച് ദുരൂഹത

Published

|

Last Updated

താമരശ്ശേരി: മാവോയിസ്റ്റെന്ന് കരുതി ആദിവാസികള്‍ തടഞ്ഞുവെച്ച അന്യ സംസ്ഥാനക്കാരനെ സംബന്ധിച്ച് ദുരൂഹത. പുതുപ്പാടി കുറുമരുകണ്ടി കോളനിയിലെത്തിയ അമ്പതുവയസ്സുതോന്നിക്കുന്ന അജ്ഞാതനെ കോളനിക്കാര്‍ തടഞ്ഞുവെച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു.
ഒറ്റപ്പെട്ടു കിടക്കുന്ന ഇവിടേക്ക് പുറമെ നിന്നുള്ളവര്‍ എത്താറില്ലെന്നതിനാല്‍ ഇയാളെ വഴിയില്‍ തടഞ്ഞെങ്കിലും പിടികൊടുക്കാതെ കോളനിയിലെത്തുകയായിരുന്നു. ഇതോടെ കൂടുതല്‍ പേര്‍ സംഘടിച്ചാണ് ഇയാളെ തടഞ്ഞു വെച്ചത്. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്‌തെപ്പോഴാണ് ഒഡിഷക്കാരനാണെന്ന സൂചന ലഭിച്ചത്.
ഇന്റേണല്‍ സെക്യൂരിറ്റി വിഭാഗം ഡി വൈ എസ് പി പ്രേമദാസ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി സുരേന്ദ്രന്‍ എന്നിവര്‍ ഇയാളെ ചോദ്യം ചെയ്തു. ഒഡിഷ ഭാഷ മാത്രം സംസാരിക്കുന്നതിനാല്‍ അന്യ സംസ്ഥാനക്കാരെ ഉപയോഗിച്ചായിരുന്നു ചോദ്യം ചെയ്യല്‍. ദാമോദര്‍ മാജി എന്നാണ് പേരെന്നും ഒരു വര്‍ഷത്തോളമായി കേരളത്തിലെത്തിയിട്ടെന്നും ഇയാള്‍ പറയുന്നു. മുഷിഞ്ഞ ലുങ്കി ഉടുത്ത് തോര്‍ത്ത് മുണ്ട് പുതച്ചാണ് സഞ്ചാരം. വലിയ ഒരു തൂക്കു പാത്രവും ചെറിയ പാത്രങ്ങളും അടങ്ങിയ പ്ലാസ്റ്റിക് ബാഗും കയ്യിലുണ്ട്.
പുതുപ്പാടിയിലെ വനപ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തണ്ടര്‍ബോള്‍ട്ടും സ്‌കോര്‍പിയോ സംഘവും പോലീസും പലപ്പോഴായി ഈ മേഖലയില്‍ പരിശോധന നടത്തിയിരുന്നെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് അജ്ഞാതന്‍ ദുരൂഹ സാഹചര്യത്തില്‍ കോളനിയിലെത്തിയത്.
മനോരോഗിയെന്ന് സംശയിക്കുമ്പോഴും ഇയാളുടെ പെരുമാറ്റത്തില്‍ സംശയമുള്ളതാണ് പോലീസിനെ കുഴക്കുന്നത്. പോലീസിനെ കബളിപ്പിക്കാന്‍ രോഗം അഭിനയിക്കുന്നതാകാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.
നിരീക്ഷണത്തിലുള്ള അജ്ഞാതനെ ആവശ്യമെങ്കില്‍ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിക്കുമെന്ന് പോലീസ് പറഞ്ഞു.

 

Latest