Connect with us

International

റഷ്യയുടെ ഭാഗമാകാന്‍ ക്രിമിയ ഒരുങ്ങുന്നു

Published

|

Last Updated

ക്രിമിയ/ കീവ്: ഉക്രൈനിലെ ആഭ്യന്തര പ്രതിസന്ധിക്ക് പുതിയ മാനം കൈവരുമെന്ന സൂചന നല്‍കി, റഷ്യയുടെ ഭാഗമാകുന്നതിന് ക്രിമിയ പാര്‍ലിമെന്റ് വോട്ട് ചെയ്തു. റഷ്യയുടെ പിന്തുണയോടെ ക്രിമിയ ഭരിക്കുന്ന സര്‍ക്കാര്‍ പത്ത് ദിവസത്തിനുള്ളില്‍ ജനഹിത പരിശോധന നടത്തും.
ഉക്രൈനില്‍ ഇടപെടുന്നതില്‍ നിന്ന് റഷ്യയെ പിന്തിരിപ്പിക്കുന്നതിന് യൂറോപ്യന്‍ യൂനിയന്‍ നേതാക്കള്‍ അടിയന്തര ഉച്ചകോടി നടത്തുന്നതിനിടെയാണ് റഷ്യന്‍ ഭാഷ സംസാരിക്കുന്ന ഭൂരിപക്ഷ പ്രദേശമായ ക്രിമിയയില്‍ നാടകീയ സംഭവങ്ങളുണ്ടായത്. റഷ്യന്‍ സൈനികരുടെ വന്‍ സന്നാഹം ക്രിമിയയിലുണ്ട്. റഷ്യന്‍ ഫെഡറേഷനില്‍ ചേരാന്‍ ക്രിമിയന്‍ പാര്‍ലിമെന്റ് ഏകകണ്ഠമായാണ് തീരുമാനം കൈക്കൊണ്ടത്. ഈ മാസം 16ന് ജനഹിത പരിശോധന നടത്തുമെന്ന് ക്രിമിയ ഉപപ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സ്വത്ത് മുഴുവന്‍ ദേശീയസാത്കരിക്കുകയും നാണയമായി റഷ്യന്‍ റൂബിള്‍ സ്വീകരിക്കുകയും ചെയ്യും. ഉക്രൈന്‍ സൈനികരെ കടന്നുകയറ്റക്കാരായി കണക്കാക്കുകയും കീഴടക്കുകയും ചെയ്യും. അതേസമയം, ഈ വാര്‍ത്ത വന്നതിന് ശേഷം റഷ്യന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ കൂപ്പുകുത്തുകയും റൂബിളിന്റെ വില താഴോട്ട് പോകുകയും ചെയ്തു. രാജ്യത്തോ മുന്‍ സോവിയറ്റ് യൂനിയനിലോ താമസിക്കുന്ന റഷ്യന്‍ ഭാഷ സംസാരിക്കുന്നവര്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കാനുള്ള നടപടികള്‍ ഉദാരമാക്കുമെന്ന് റഷ്യ പറഞ്ഞു. റഷ്യന്‍ പൗരന്‍മാരുടെ സുരക്ഷക്ക് വേണ്ടിയാണ് ഉക്രൈനില്‍ ഇടപെടുന്നതെന്ന് പുടിന്‍ ന്യായീകരിച്ചു. 2008ല്‍ ജോര്‍ജിയയില്‍ ഇടപെട്ടതിനും ഇതേ ന്യായീകരണമാണ് റഷ്യ ഉന്നയിച്ചത്. ഹിതപരിശോധന നിയമവിരുദ്ധമാണെന്നും ക്രിമിയന്‍ പ്രധാനമന്ത്രി സെര്‍ജി അസ്‌കിയോനോവിനെതിരെ ക്രിമിനല്‍ അന്വേഷണം ആരംഭിച്ചതായും ഉക്രൈന്‍ സര്‍ക്കാര്‍ അറിയിച്ചു.
അതിനിടെ, ഉക്രൈനിന്റെ പരമാധികാരവും അഖണ്ഡതയും തകര്‍ക്കുന്നവര്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്ന പ്രസ്താവനയുമായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ രംഗത്തെത്തി. അത്തരക്കാരുടെ അമേരിക്കയിലെ സ്വത്ത് മരവിപ്പിക്കാനും സഞ്ചാര നിരോധം ഏര്‍പ്പെടുത്താനും അദ്ദേഹം ഉത്തരവ് നല്‍കി. ഉക്രൈനെ അസ്ഥിരപ്പെടുത്തന്നവര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താനും നിര്‍ദേശം നല്‍കി. വേണ്ടിവന്നാല്‍ ക്രിമിയയില്‍ സൈനിക ഇടപെടല്‍ നടത്തുമെന്നും ഒബാമ പറഞ്ഞു. ഉക്രൈനിലെ സംഘര്‍ഷാവസ്ഥക്ക് അയവ് വരുത്താന്‍ റഷ്യക്ക് മേല്‍ ശക്തമായ സമ്മര്‍ദം ചെലുത്തുകയാണ് മാര്‍ഗമെന്ന് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബ്രസ്സല്‍സിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാന്‍ദെ പറഞ്ഞു.
അതേസമയം, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് റോമില്‍ വെച്ച് യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുമായി കൂടിക്കാഴ്ച നടത്തി. സെര്‍ജി ബുധനാഴ്ച ഉക്രൈന്‍ വിദേശകാര്യ മന്ത്രിയെ കാണാന്‍ വിസമ്മതിച്ചിരുന്നു. നേരത്തെ ബ്രിട്ടന്‍, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി കെറി ചര്‍ച്ച നടത്തിയിരുന്നു. പാശ്ചാത്യ ശക്തികളുടെ പിന്തുണയുള്ള ഉക്രൈന്‍ സര്‍ക്കാറിന് ഐക്യാര്‍ഢ്യം പ്രകടിപ്പിക്കുന്നതായിരുന്നു യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടി.

Latest