Connect with us

International

പനാമയുമായുള്ള ബന്ധം വെനിസ്വേല വിച്ഛേദിച്ചു

Published

|

Last Updated

നിക്കോളാസ് മദുറെ

കാരക്കാസ്: പനാമയുമായുള്ള നയതന്ത്രബന്ധം വെനിസ്വേല വിച്ഛേദിച്ചു. മുന്‍ വെനസ്വേലന്‍ നേതാവ് ഹ്യൂഗോ ഷാവേസിന്റെ ചരമ വാര്‍ഷിക ദിനത്തില്‍ പ്രസംഗിക്കുമ്പോഴാണ് പ്രസിഡന്റ് നിക്കോളാസ് മദുറെ ഈ പ്രഖ്യാപനം നടത്തിയത്. ചടങ്ങില്‍ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ, ഉറുഗ്വെ പ്രസിഡന്റ് ജോസ് മുജിക്കാ, ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മോറാലിസ് എന്നിവര്‍ പങ്കെടുത്തു.
മധ്യ അമേരിക്കന്‍ രാഷ്ട്രങ്ങളുടെ യോഗം ചേരാനിരിക്കെയാണ് വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറെ പനാമയുമായുള്ള നയതന്ത്ര, സാമ്പത്തിക ബന്ധങ്ങള്‍ വിച്ഛേദിച്ചത്. വെനിസ്വേലയില്‍ നടക്കുന്ന സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കഴിഞ്ഞ മാസം 18 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മധ്യ അമേരിക്കന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ് വിളിച്ച് ചേര്‍ക്കണമെന്ന് പനാമ ആവശ്യപ്പെട്ടിരുന്നു. വെനിസ്വേലയിലെ ഉയര്‍ന്ന തോതിലുള്ള ആക്രമണങ്ങളെയും പണപ്പെരുപ്പത്തെയും കുറിച്ച് പനാമ പരാതിപ്പെട്ടിരുന്നു. തന്റെ സര്‍ക്കാറിനെ താഴെയിറക്കാന്‍ അമേരിക്കയുമായി പനാമ ഗൂഢാലേചന നടത്തുകയാണന്ന് മദുറെ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം, വെനിസ്വേലയുടെ തീരുമാനം അത്ഭുതപ്പെടുത്തിയെന്നും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും പനാമ പ്രസിഡന്റ് റിക്കാര്‍ഡോ മാര്‍ട്ടിന്‍ലി പ്രതികരിച്ചു. സഹേദര രാജ്യത്തെ സമാധാനവും ജനാധിപത്യവും ശക്തിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest