Connect with us

Kottayam

നിലപാട് കടുപ്പിച്ച് ജോസഫ്; അന്തിമ തീരുമാനം ഉന്നതാധികാര യോഗത്തിന് ശേഷം

Published

|

Last Updated

തിരുവനന്തപുരം/കോട്ടയം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കരട് വിജ്ഞാപനം ഇറങ്ങുന്നത് വൈകുന്ന സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ നിലപാട് യു ഡി എഫിനെ കുഴക്കുന്നു. ഉടന്‍ വിജ്ഞാപനമിറക്കിയില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന നിലപാടില്‍ കേരളാ കോണ്‍ഗ്രസിലെ ജോസഫ് ഗ്രൂപ്പ് ഉറച്ചുനില്‍ക്കുന്നതാണ് മുന്നണിയെ പ്രതിസന്ധിയിലാക്കുന്നത്. മുന്നണിക്കൊപ്പം പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയെ കൂടി പ്രതിസന്ധിയിലാക്കിയാണ് പി ജെ ജോസഫ് വിഭാഗത്തിന്റെ സമ്മര്‍ദതന്ത്രം.

ഇന്ന് കോട്ടയത്ത് ചേരുന്ന കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതി ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇന്നോ നാളെയോ കരട് വിജ്ഞാപനം പുറത്തിറങ്ങുമെന്ന മുഖ്യമന്ത്രിയുടെയും കേന്ദ്രമന്ത്രി വീരപ്പമൊയ്‌ലിയുടെയും പ്രസ്താവനകളെ തുടര്‍ന്നാണ് അന്തിമ തീരുമാനം ഇന്ന് ചേരുന്ന ഉന്നതാധികാര സമിതി യോഗത്തിന് ശേഷമാക്കിയത്. കരട് വിജ്ഞാപനമിറക്കുന്ന കാര്യത്തില്‍ തടസ്സവാദം ഉയരുന്ന സാഹചര്യത്തില്‍ മുന്നണിയില്‍ തുടരുന്ന കാര്യം ആലോചിക്കേണ്ടിവരുമെന്ന് ജോസഫ്പക്ഷ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് യു ഡി എഫ് ബന്ധം അവസാനിപ്പിക്കുന്നത് അടക്കമുള്ള വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ഈ നിലയില്‍ മുന്നണിയില്‍ തുടരേണ്ടെന്നാണ് ഈ വിഭാഗത്തിന്റെ പക്ഷം. നിയമസാധുതയുള്ള വിജ്ഞാപനമാണ് മലയോര ജനത ആഗ്രഹിക്കുന്നത്. എന്നാല്‍ കരട് വിജ്ഞാപനമിറക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്നത് കബളിപ്പിക്കല്‍ നിലപാടാണെന്നാണ് കേരളാകോണ്‍ഗ്രസ് നേതാക്കളുടെ ആക്ഷേപം. ജോസഫ് പക്ഷ നേതാക്കളായ ആന്റണി രാജു, ഫ്രാന്‍സിസ് ജോര്‍ജ് തുടങ്ങിയവരാണ് പരസ്യ വിമര്‍ശവുമായി രംഗത്തുള്ളത്. മുന്നണിയില്‍ തുടരണോയെന്ന് തീരുമാനിക്കുന്നത് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാടനുസരിച്ചായിരിക്കുമെന്നാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രതികരണം. കേരളത്തിന്റെ ആശങ്കകള്‍ പരിഹരിച്ചുകൊണ്ടുള്ള കരട് വിജ്ഞാപനം ഇറങ്ങിയാല്‍ തിരഞ്ഞെടുപ്പില്‍ യു ഡി എഫുമായി യോജിച്ച് പോകണമെന്ന നിലപാടിലാണ് കെ എം മാണി. എന്നാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷത്തില്‍ ഭൂമിയോളം ക്ഷമിച്ചെന്നും ഇനി ക്ഷമിക്കാനാകില്ലെന്നും ഗവ. ചീഫ്‌വിപ്പ് പി സി ജോര്‍ജ് തുറന്നടിച്ചിരുന്നു.
അതേസമയം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ ആശങ്ക അകറ്റി കരട് വിജ്ഞാപനം ഇന്ന് ഉച്ചക്ക് മുമ്പിറങ്ങിയിരിക്കണമെന്ന മന്ത്രി പി ജെ ജോസഫിന്റെ മുന്നറിയിപ്പ് അന്ത്യശാസനമായി കാണുന്നില്ലെന്നും സൗഹാര്‍ദപരമായ നിര്‍ദേശമായേ കാണുന്നുള്ളുവെന്നായിരുന്നു കെ പി സി സി അധ്യക്ഷന്റെ പ്രതികരണം. എന്നാല്‍ കസ്തൂരിരംഗന്‍ വിഷയത്തിന്റെ പേരില്‍ രാജിക്കാര്യത്തില്‍ തീരുമാനം ഇന്ന് നടക്കുന്ന കേരളാ കോണ്‍ഗ്രസ്-എം ഉന്നതാധികാര സമിതി യോഗത്തിന് ശേഷമെന്ന് മന്ത്രി പി ജെ ജോസഫ് വ്യക്തമാക്കി.

Latest