വിനോദസഞ്ചാരികളെ മര്‍ദിച്ച വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്റെ താക്കീത്

Posted on: March 7, 2014 12:35 am | Last updated: March 7, 2014 at 12:35 am
SHARE

കൊച്ചി: വാല്‍പ്പാറയിലേക്ക് വിനോദസഞ്ചാരത്തിന് പോയ സംഘത്തെ കഞ്ചാവ് കടത്തിയതായി സംശയിച്ച് പിടികൂടി മുടി മുറിക്കുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ താക്കീത്. ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി സര്‍ക്കാറിന് നിര്‍ദേശം നല്‍കി.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മലക്കപ്പാറ ചെക്ക്‌പോസ്റ്റിലെത്തിയ തങ്ങളെ ഉദ്യോഗസ്ഥ സംഘം അനാവശ്യമായി മര്‍ദിച്ചതായാണ് ആലുവ സ്വദേശി ഡെയ്‌സന്‍ ഡേവിസിന്റെ പരാതി. സംഘത്തിലുണ്ടായിരുന്ന ഒരാളുടെ മുടി മുറിച്ചുനീക്കുകയും തങ്ങളുടെ പഴ്‌സ് പിടിച്ചുവാങ്ങിയതായും പരാതിയില്‍ പറയുന്നു. കമ്മീഷന്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസറില്‍ നിന്നും വിശദീകരണം തേടിയിരുന്നു. പരാതിക്കിടയാക്കിയ സംഭവം യഥാര്‍ഥത്തില്‍ നടന്നതാണെന്ന് അന്വേഷണത്തില്‍ ബോധ്യമായി.
സെക്്ഷന്‍ ഓഫീസര്‍ കെ അനില്‍കുമാര്‍, ബീറ്റ് ഓഫീസര്‍മാരായ പി ബി ഇന്ദുലാല്‍, സി ജി വിനോദ്കുമാര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി ഡി എഫ് ഒ കമ്മീഷനെ അറിയിച്ചു. കെ അനില്‍കുമാറിനെ സ്ഥലം മാറ്റിയതായും വിശദീകരണത്തില്‍ പറയുന്നു. സ്റ്റേഷന്‍ പരിസരത്ത് വിനോദസഞ്ചാരികളുടെ മുടി മുറിച്ചതും മര്‍ദിച്ചതും മനുഷ്യാവകാശ ലംഘനമാണെന്നും അധികൃതര്‍ സമ്മതിച്ചു.
എന്നാല്‍ പരാതിക്കാര്‍ നല്‍കിയ പരാതി പിന്‍വലിച്ചതിനാല്‍ കൂടുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നും ഡി എഫ് ഒ അറിയിച്ചു.ഗുരുതരമായ അച്ചടക്കലംഘനമുണ്ടായെന്ന് അധികൃതര്‍ സമ്മതിച്ച സ്ഥിതിക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കേണ്ടതായിരുന്നുവെന്ന് ജസ്റ്റിസ് ജെ ബി കോശി ഉത്തരവില്‍ പറഞ്ഞു.