ബി ജെ പിയെ വിയര്‍പ്പിക്കാന്‍ വിമത സംഘടനകള്‍

  Posted on: March 7, 2014 12:31 am | Last updated: March 7, 2014 at 12:31 am
  SHARE

  Jaipurs-Metaphors nnnnnnnnnnനമോവിചാര്‍ മഞ്ച് മുതല്‍ ഹനുമാന്‍ സേന വരെയുള്ള വിമത സംഘടനകളോടും പൊരുതേണ്ടി വരും കേരളത്തിലെ ബി ജെ പി നേതൃത്വത്തിന്. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലുമുണ്ട് ബി ജെ പിക്ക് വിമത ഭീഷണി. പഴയകാലത്തുള്ള വിമതര്‍ പോലെയല്ലിത്. സംഘടിത രൂപവുമുണ്ടതിന്. വിവിധ ജില്ലകളിലുള്ള വിമത സംഘടനകളെ ഏകോപിപ്പിക്കാനുള്ള ശ്രമവും ഇടക്ക് നടന്നിരുന്നു. കണ്ണൂരിലെ നമോവിചാര്‍ മഞ്ചില്‍ നിന്ന് ചിലര്‍ സി പി എമ്മില്‍ ചേര്‍ന്നതോടെയാണ് ആ നീക്കം അല്‍പം പുറക്കോട്ടടിച്ചത്.

  കണ്ണൂരില്‍ ജില്ലാ പ്രസിഡന്റ് കെ രഞ്ജിത്തിന്റെ സ്വഭാവദൂഷ്യവുമായി ബന്ധപ്പെട്ടായിരുന്നു ജില്ലയിലെ പ്രമുഖരായ ബി ജെ പി നേതാക്കളുടെ നേതൃത്വത്തില്‍ നരേന്ദ്രമോദി വിചാര്‍ മഞ്ച് എന്ന വിമത ബി ജെ പി സംഘടനക്ക് രൂപം കൊടുത്തത്. മുന്‍ ജില്ലാ പ്രസിഡന്റ് ഒ കെ വാസുമാസ്റ്റര്‍, പി പി കരുണാകരന്‍, എം കെ ശശീന്ദ്രന്‍ മാസ്റ്റര്‍, എ ദാമോദരന്‍ തുടങ്ങിയവരായിരുന്നു സാരഥികള്‍. ഒടുവില്‍ ഒ കെ വാസുമാസ്റ്ററും അനുയായികളും സി പി എമ്മില്‍ ചേര്‍ന്നെങ്കിലും നമോവിചാര്‍ മഞ്ച് ഇന്നും നിലനില്‍ക്കുകയാണ്. മുന്‍ ജില്ലാ സെക്രട്ടറിമാര്‍, നിയോജകമണ്ഡലം പ്രസിഡന്റുമാര്‍ തുടങ്ങി ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നല്ല ആള്‍ബലമുണ്ട് മഞ്ചിന്. കണ്ണൂരില്‍ ബി ജെ പി സ്ഥാനാര്‍ഥിയുടെ വിജയത്തിന് പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് മഞ്ച് തീരുമാനമെടുത്തിട്ടുണ്ട്. എന്നാല്‍ കണ്ണൂരിലെ വിമതര്‍ കാസര്‍കോട് കെ സുരേന്ദ്രനും കോഴിക്കോട് സി കെ പത്മനാഭനും വേണ്ടി രംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
  തൃശൂരില്‍ മുന്‍ ജില്ലാ പ്രസിഡന്റ് ശ്രീശന്റെ നേതൃത്വത്തിലാണ് വിമതര്‍ പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരത്തും പാലക്കാടും ലോട്ടസ് ക്ലബ് എന്നാണ് വിമത സംഘടനയുടെ പേര്. മലപ്പുറത്ത് ഹനുമാന്‍ സേനയാണ് വിമതരുടേത്. കാസര്‍കോടും കോഴിക്കോടും വിമത ഗ്രൂപ്പുകള്‍ സജീവമാണ്. കാസര്‍കോട് കെ സുരേന്ദ്രനെതിരെ കടുത്ത എതിര്‍പ്പുണ്ട്. മുന്‍ ജില്ലാ പ്രസിഡന്റ് നാരായണഭട്ടിന്റെ ഭാര്യ ശ്രീലക്ഷ്മി ഭട്ട് സുരേന്ദ്രനെതിരെ വിമത സ്ഥാനാര്‍ഥിയായി രംഗത്തുവരുമെന്നാണ് സൂചന. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ട് ഇത്തവണ ലഭിക്കില്ലെന്നാണ് ബി ജെ പിക്ക് അകത്ത് തന്നെയുള്ള സംസാരം. സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെടുന്നതിന് മുമ്പ് സ്വയം സ്ഥാനാര്‍ഥിയായി രംഗത്തെത്തിയതും സുരേന്ദ്രനെതിരെ എതിര്‍പ്പുണ്ടാക്കിയിട്ടുണ്ട്.
  മറ്റ് ജില്ലകളിലും വിമതശബ്ദം ശക്തം തന്നെയാണ്. നേരത്തെയും ബി ജെ പിയില്‍ വിമതഭീഷണികള്‍ ഉയര്‍ന്നുവരാറുണ്ടെങ്കിലും ഇത്രത്തോളം ശക്തമായ കാലം ഇതിന് മുമ്പുണ്ടായിട്ടില്ല. പി കെ കൃഷ്ണദാസ് സംസ്ഥാന പ്രസിഡന്റായതിന് ശേഷമായിരുന്നു കേരളത്തിലെ ബി ജെ പിയില്‍ വിഭാഗീയത ശക്തമായത്. ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്റ് മുരളീധരനും പി കെ കൃഷ്ണദാസും തമ്മില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്നുണ്ട്. ഇതിന് പുറമെയാണ് പല വിഷയങ്ങളിലുമായി വിവിധ ജില്ലകളില്‍ ഉണ്ടായിട്ടുള്ള വിമത സംഘടനാ പ്രവര്‍ത്തനം. ഇത് ബി ജെ പി വോട്ടില്‍ കാര്യമായ ചോര്‍ച്ചയുണ്ടാക്കുമെന്നാണ് കണക്കുക്കൂട്ടല്‍. യു ഡി എഫിനോടും എല്‍ ഡി എഫിനോടുമൊപ്പം സ്വന്തം പാര്‍ട്ടിക്കകത്തെ വിമതരോട് കൂടി ഏറ്റുമുട്ടേണ്ട അവസ്ഥയിലാണ് ബി ജെ പി നേതൃത്വം.