Connect with us

Ongoing News

പ്രധാനമന്ത്രി?

Published

|

Last Updated

പതിനാറാമത് ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ ആരായിരിക്കും പ്രധാനമന്ത്രിയെന്ന ചോദ്യവും പ്രസക്തമാകുന്നു. എന്‍ ഡി എയും കോണ്‍ഗ്രസും മൂന്നാം മുന്നണിയും മത്സരത്തിനിറങ്ങുമ്പോള്‍ അവര്‍ക്ക് ഭീഷണിയായി ഇത്തവണ ആം ആദ്മി പാര്‍ട്ടിയും രംഗത്തുണ്ട്.
മുന്നണി, രാഷ്ട്രീയ ചര്‍ച്ചകള്‍ പുരോഗമിക്കവെ കഴിഞ്ഞ പത്ത് വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസ് പ്രധാനമന്ത്രിയായി ആരെയും ഉയര്‍ത്തിക്കാട്ടിയിട്ടില്ല. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയാകും പ്രധാനമന്ത്രിയെന്നാണ് സൂചന. തിരഞ്ഞെടുപ്പിന് ശേഷം മാത്രം ഇക്കാര്യത്തില്‍ ചര്‍ച്ച മതിയെന്നാണ് പത്ത് ജനപഥിലെ വൃത്താന്ദം. മോദിക്കെതിരെ ശക്തനായ പ്രധാനമന്ത്രി സ്ഥാനാര്‍ഥി വേണമെന്നതിനാല്‍ കോണ്‍ഗ്രസ് കരുതലോടെയാണ് ചുവടുവെക്കുന്നത്. 150 സീറ്റുകളെങ്കിലും നേടാനാകുമെന്ന പ്രതീക്ഷയും കോണ്‍ഗ്രസിനുണ്ട്.
ഡിസംബറില്‍ നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയവും രൂപയുടെ മൂല്യത്തകര്‍ച്ചയും, വിലക്കയറ്റവും, അഴിമതിയുമാണ് കോണ്‍ഗ്രസിന് വോട്ടര്‍മാരുടെ മുന്നിലേക്ക് പോകുമ്പോള്‍ നേരിടേണ്ടിവരുന്ന നാണക്കേട്. രാഹുലിന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ ക്യാമ്പില്‍ കണ്ണില്‍പൊടിയിടുകയല്ലെന്ന് ജനങ്ങളെ വിശ്വസിപ്പിക്കുക പാര്‍ട്ടിക്ക് ശ്രമകരമായ ദൗത്യമാകും. കോണ്‍ഗ്രസിന്റെ വോട്ടുകള്‍ എ എ പി പിടിച്ചെടുത്തതും വന്‍ അഴിമതിക്കഥകളും പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയാണ്.
ഗുജറാത്തിലെ വികസനം മാത്രം മുന്‍ നിര്‍ത്തിയാണ് മോദിയെ പ്രധാനമന്ത്രിയാക്കാന്‍ ബി ജെ പി ഒരുങ്ങുന്നത്. എന്‍ ഡി എക്ക് മോദി കരുത്തുപകരുമെന്ന അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങളും ബി ജെ പിക്ക് അത്മവവിശ്വാസം പകരുന്നുണ്ട്.
ഗുജറാത്ത് കലാപമാണ് മോദിയുടെയും ബി ജെ പിയുടെയും പ്രധാന വെല്ലുവിളി. ദക്ഷിണേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പാര്‍ട്ടിക്ക് വേരോട്ടമില്ലാത്തതും, പശ്ചിമബംഗാളില്‍ പാര്‍ട്ടിയുടെ നില പരുങ്ങലിലായകും ന്യൂനപക്ഷ വോട്ടുകള്‍ ക്യാന്‍വാസ് ചെയ്യാനാകാത്തതുമാണ് പാര്‍ട്ടിയുടെ പ്രതിസന്ധികള്‍.
1996-98 കാലഘട്ടത്തിന് ശേഷം കോണ്‍ഗ്രസ് ഏറ്റവും ക്ഷീണിച്ച സമയമാണിതെന്നത് ബി ജെ പിക്ക് പോരാട്ടത്തിന് അനുകൂലമായ സാഹചര്യമാണ്.
പാര്‍ട്ടിയിലെ മോദി വിരുദ്ധപക്ഷം പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി ഉയര്‍ത്തുന്നതും കോണ്‍ഗ്രസ് വിരുദ്ധവോട്ടുകള്‍ എ എ പിയുടെ പെട്ടിയില്‍ വീഴുമെന്ന ആശങ്കയുമാണ് ബി ജെ പി നേരിടുന്ന ഭീഷണി.
ബി ജെ പി, കോണ്‍ഗ്രസ് പാര്‍ട്ടികളെപ്പോലെ നിയമതമായ കെട്ടുറപ്പില്ലാത്ത സഖ്യമാണ് മൂന്നാം മുന്നണി. തിരഞ്ഞെടുപ്പ് സമയത്ത് തട്ടിക്കൂട്ടുന്ന മുന്നണി 100 സീറ്റുകളെങ്കിലും ലക്ഷ്യം വെക്കുന്നുണ്ട്.
തൃണമൂല്‍ കോണ്‍ഗ്രസ്, സി പി എം, ദ്രാവിഡ പാര്‍ട്ടികള്‍, സമാജ്‌വാദിപാര്‍ട്ടി, ബി എസ് പി തുടങ്ങിയ പാര്‍ട്ടികളാണ് മൂന്നാം മുന്നണിയിലുള്ളത്. കോണ്‍ഗ്രസ്, ബി ജെ പി വിരുദ്ധ വികാരവും ഈ പാര്‍ട്ടികളുടെ പ്രാദേശിക പിന്തുണകളും മൂലം കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കാനാണ് മൂന്നാം മുന്നണിയുടെ പ്രതീക്ഷ. യു പി എ സര്‍ക്കാറിന് പിന്തുണ നല്‍കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തതടക്കമുള്ള മുന്‍കാല ചരിത്രം വോട്ടര്‍മാര്‍ എങ്ങിനെ വിലയിരുത്തുമെന്ന ഭയവും ക്യാമ്പില്‍ ഉയരുന്നുണ്ട്.
ഇത്തവണ കന്നിയങ്കത്തിന് ഒരുങ്ങുന്ന ആം ആദ്മി പാര്‍ട്ടി മുഖ്യധാരാ പാര്‍ട്ടികള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. അരവിന്ദ് കെജ്‌രിവാളാണ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുന്നത്. 49 ദിവസത്തെ ഡല്‍ഹി ഭരണവും അഴിമതി വിരുദ്ധ നിലപാടും പാര്‍ട്ടിക്ക് നേട്ടമാകുമെന്നാണ് പ്രതീക്ഷ.
സാമ്പത്തിക ശേഷിക്കുറവും സംഘടനാ ശൃംഖലയിലെ അഭാവവും ഗ്രാമങ്ങളിലേക്ക് പാര്‍ട്ടി എത്താത്തതും എല്ലാം എ എ പിക്ക് ഭീഷണിയാകുന്ന ഘടകങ്ങളാണ്.
കോര്‍പറേറ്റ് വത്കരണവും, അഴിമതിക്കെതിരെയുള്ള പോരാട്ടവും, രാഷ്ട്രീയ പാര്‍ട്ടികളുടെ വ്യവസായ വത്കരണവുമാണ് കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടുന്നത്. അംബാനി സഹോദരങ്ങള്‍ക്കെതിരെയും കോണ്‍ഗ്രസിന്റെയും ബി ജെ പിയുടേയും ജനവിരുദ്ധ നിലപാടുകളും തുറന്നു കാട്ടുന്ന സമീപനം എ എ പി ക്ക് സഹായകമാകും.

 

Latest