Connect with us

Ongoing News

ത്രികോണ മത്സരത്തിനൊരുങ്ങി ഹൃദയദേശം

Published

|

Last Updated

ബി ജെ പിക്ക് എക്‌സിറ്റ്‌പോളുകള്‍ മുന്‍തൂക്കം പ്രവചിച്ച മധ്യപ്രദേശില്‍ കളമൊരുങ്ങുന്നത് ത്രികോണ മത്സരം. 29 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന പ്രഖ്യാപനം വന്നതോടെയാണിത്. ചരിത്രത്തിലാദ്യമായാണ് മധ്യപ്രദേശ് ത്രികോണ മത്സരത്തിന് വേദിയാകുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇരു പാര്‍ട്ടികള്‍ തമ്മിലുള്ള പോരാട്ടത്തിന് സാക്ഷ്യം വഹിച്ച മധ്യപ്രദേശില്‍ സാധാരണക്കാരന്റെ പാര്‍ട്ടിയും രംഗത്തിറങ്ങുകയാണ്.
കോണ്‍ഗ്രസും, ബി ജെ പിയുമാണ് സംസ്ഥാനത്തെ പ്രബല രാഷ്ട്രീയ കക്ഷികള്‍. ഇടതുപക്ഷത്തിനും സ്വതന്ത്രര്‍ക്കും പലയിടത്തും നേരിയ സ്വാധീനമുണ്ട്. തങ്ങള്‍ മൂന്നാം ബദലാകുമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ അവകാശവാദം. 600 നാമനിര്‍ദേശം ലഭിച്ചതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരെയാണ് സ്ഥാനാര്‍ഥികളാക്കുന്നതെന്നും ആം ആദ്മി പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് ഒന്നും ചെയ്യാനാകില്ലന്ന നിലപാടാണ് ബി ജെ പിക്കുള്ളത്. സംസ്ഥാനത്തെ രാഷ്ട്രീയത്തില്‍ എ എ പിക്ക് ചലനങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് കണക്കുകൂട്ടുന്ന ബി ജെ പി പരമാവധി നാല് ശതമാനം വോട്ടുകളെ അവര്‍ക്ക് സ്വാധീനിക്കാനാകുമെന്നും വിലയിരുത്തുന്നു.
ഏഴ് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ മാത്രമാണ് ഇതിനകം എ എ പി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജിന്റെ വിദിഷ മണ്ഡലത്തില്‍ ഭഗവത് സിംഗിനാണ് എ എ പി സീറ്റ് നല്‍കിയിട്ടുള്ളത്. മുന്‍ പ്രതിരോധ ഉദ്യോഗസ്ഥനായ അബ്ദുല്‍ നാസിര്‍ ഹനഫിക്ക് ജബല്‍പൂരില്‍ നിന്ന് ടിക്കറ്റ് കൊടുത്തിട്ടുണ്ട്. നര്‍മദ ബചാവോ ആന്ദോളന്റെ നേതാക്കളും മത്സരരംഗത്ത് എ എ പിയോടൊപ്പമുണ്ട്. എ എ പി വെറും പ്രാദേശിക പാര്‍ട്ടിയാണെന്നും മൂന്നാം ബദലാകാന്‍ അവര്‍ക്കാകില്ലെന്നും കോണ്‍ഗ്രസ് വക്താവ് പങ്കജ് ചതുര്‍വേദി പറയുന്നു. സമാജ്‌വാദി പാര്‍ട്ടി, ബി എസ് പി എന്നീ പാര്‍ട്ടികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എ എ പിക്ക് ശക്തിയില്ലെന്ന് കോണ്‍ഗ്രസും സമര്‍ഥിക്കുന്നു.
കോണ്‍ഗ്രസും ചില സ്ഥാനാര്‍ഥികളെ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ എം എല്‍ എ സത്യനാരായണ്‍ പട്ടേലിന് ഇന്‍ഡോറില്‍ സീറ്റ് നല്‍കും. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് പട്ടേലിന് നറുക്ക് വീണത്. 2013 നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആത്മവിശ്വാസത്തിലാണ് ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 230 നിയമസഭാ സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. 116 സീറ്റുകളാണ് കേവല ഭുരിപക്ഷം. നോട്ട വോട്ടുകളും ഈ തിരഞ്ഞെടുപ്പില്‍ കമ്മീഷന്‍ നടപ്പിലാക്കിയിരുന്നു.
165 സീറ്റുകള്‍ നേടിയാണ് സംസ്ഥാനത്ത് ബി ജെ പി ഈ തിരഞ്ഞെടുപ്പില്‍ ഭരണം ഉറപ്പിച്ചത്. കോണ്‍ഗ്രസ് 58 സീറ്റില്‍ ഒതുങ്ങേണ്ടി വന്നു. ബി ജെ പിക്ക് 71.47 ശതമാനം വോട്ടുകള്‍ മുന്‍ വര്‍ഷത്തെ തിരഞ്ഞെടുപ്പിനേക്കാള്‍ വര്‍ധിക്കുകയും കോണ്‍ഗ്രസിന് 25.22 ശതമാനം വോട്ടുകള്‍ കുറയുകയും ചെയ്തു.

 

Latest