Connect with us

Ongoing News

നിലനിര്‍ത്താന്‍ ഇടത്; തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്‌

Published

|

Last Updated

ലോക്‌സഭാ തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് കടക്കുമ്പോള്‍ സി പി എം ആശങ്കയേതുമില്ലാതെ ജയസാധ്യത ഉറപ്പിക്കുന്ന തെക്കന്‍ ജില്ലകളിലെ ഏക പാര്‍ലിമെന്റ്മണ്ഡലമാണ് ആറ്റിങ്ങല്‍. സംസ്ഥാന വ്യാപകമായി ഇടതുവിരുദ്ധ വികാരം ആഞ്ഞുവീശിയ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തെക്കന്‍ ജില്ലകളില്‍ ഇടതിനൊപ്പം നിന്ന ഏക മണ്ഡലവും ആറ്റിങ്ങലായിരുന്നു. സിറ്റിംഗ് എം പി. എ സമ്പത്തിന്റെ പ്രതിച്ഛായയില്‍ ഇത്തവണയും മണ്ഡലത്തെ ഒപ്പം നിര്‍ത്താമന്ന കണക്കുകൂട്ടലില്‍ തന്നെയാണ് പാര്‍ട്ടിയും മുന്നണിയും. സി പി എം സമ്പത്തിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ആദ്യഘട്ട പ്രചാരണവും തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. അതേസമയം, ഇരുമുന്നണികളിലെയും ഒട്ടേറെ പ്രമുഖരെ പാര്‍ലിമെന്റിലേക്കയച്ച മണ്ഡലം പരമ്പരാഗതമായി ഇടതുമുന്നണിക്ക് അവകാശപ്പെടാനാകില്ലെന്നതിനാല്‍ ഇത്തവണ തിരിച്ചുപിടിക്കണമെന്ന വാശിയിലാണ് കോണ്‍ഗ്രസ്. എന്നാല്‍, കൂടുതല്‍ പ്രതീക്ഷകളൊന്നുമില്ലെങ്കിലും തങ്ങളുടെ പരമ്പരാഗത വോട്ട് ചോരാതെ നിലനിര്‍ത്താന്‍ ബി ജെ പിയും മത്സരരംഗത്തുണ്ടാകും.

വയലാര്‍രവി, തലേക്കുന്നില്‍ ബഷീര്‍, എ എ റഹീം, വര്‍ക്കല രാധാകൃഷ്ണന്‍, സുശീല ഗോപാലന്‍, എന്‍ അനിരുദ്ധന്‍ എന്നിവര്‍ ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചപ്പോള്‍, എം എം ഹസന്‍, എം ഐ ഷാനവാസ് എന്നിവരും രണ്ടുതവണ തലേക്കുന്നില്‍ ബഷീറും ഇവിടെ പരാജയം രുചിച്ചവരാണ്. പലതവണയായി ഇരുമുന്നണികളെയും മാറി മാറി പരീക്ഷിച്ച ചിറയിന്‍കീഴ് മണ്ഡലമാണ് പിന്നീട് ആറ്റിങ്ങലായി രൂപം മാറിയത്. ജില്ലയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ പൂര്‍ണമായും ഒരു മണ്ഡലം ഭാഗികമായും ഉള്‍ക്കൊള്ളുന്നതാണ് ആറ്റിങ്ങലില്‍ നിലവിലെ നാലുമണ്ഡലങ്ങളും യു ഡി എഫിനൊപ്പമാണ് നില്‍ക്കുന്നത്. വര്‍ക്കല, ചിറയിന്‍കീഴ്, ആറ്റിങ്ങല്‍, നെടുമങ്ങാട്, കാട്ടാക്കട, അരുവിക്കര, വാമനപുരം, വാമനപുരം, കഴക്കൂട്ടം എന്നിവയാണ് നിയമസഭാ മണ്ഡലങ്ങള്‍. ഇതില്‍ കഴക്കൂട്ടത്തിന്റെ ചിലഭാഗങ്ങള്‍ മാത്രമാണ് ആറ്റിങ്ങല്‍ മണ്ഡലത്തിന് കീഴില്‍ വരുന്നത്. ഇതില്‍ വര്‍ക്കല, നെടുമങ്ങാട്, കാട്ടാക്കട, അരുവിക്കര, കഴക്കൂട്ടം നിയമസഭാ മണ്ഡലങ്ങള്‍ യു ഡി എഫിനൊപ്പവും, ചിറയിന്‍കീഴ്, ആറ്റിങ്ങല്‍, വാമനപുരം എന്നിവ എല്‍ ഡി എഫിനൊപ്പവുമാണ്.
അതേസമയം, ഒരു പാര്‍ലിമെന്റേറിയന്‍ എന്ന നിലയില്‍ സമ്പത്തിന്റെ ജനസമ്മതിയും ഈ തിരഞ്ഞെടുപ്പില്‍ അത്ര ഇടതു വിരുദ്ധ വികാരമില്ലെന്നതും മുന്നണിയുടെ സാധ്യതകള്‍ക്ക് ആക്കം കൂട്ടുന്നതാണ്. പാര്‍ലിമെന്റിനകത്തും പുറത്തും പൊതുവിഷയങ്ങളിലെ ഇടപെടലുകളിലൂടെ ശ്രദ്ധേയനായ സമ്പത്തിന് മണ്ഡലത്തിലുടനീളം അനുകൂലമായ സാഹചര്യമാണുള്ളതെന്നാണ് സി പി എമ്മിന്റെ വിലയിരുത്തല്‍. ലോക്‌സഭക്കുള്ളിലെ സമ്പത്തിന്റെ പ്രകടനമാണ് പ്രധാനമായും പാര്‍ട്ടി പ്രചാരണായുധമാക്കുന്നത്. എം പി ഫണ്ട് മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ ചെലവഴിച്ച മലയാളി എം പി, പാര്‍ലിമെന്റ് മണ്ഡലത്തില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ച കേരളത്തില്‍ നിന്നുള്ള അംഗം, ഭക്ഷ്യ സുരക്ഷാ ബില്ലില്‍ 47 ഭേദഗതികള്‍ ഉന്നയിച്ച രാജ്യത്തെ ഏക ജനപ്രതിനിധി തുടങ്ങിയ വിശേഷണങ്ങള്‍ സമ്പത്തെന്ന ജനപ്രതിനിധിയുടെ മാറ്റ് വര്‍ധിപ്പിക്കുന്നതാണ്. പാര്‍ട്ടി വ്യത്യാസമില്ലാതെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കിടയിലെ അംഗീകാരവും, കുടുംബപരമായ രാഷ്ട്രീയ പാരമ്പര്യവും വോട്ടായി മാറുമെന്ന് തന്നെയാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. എം പി ഫണ്ട് ചെലവഴിക്കുന്നതില്‍ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളെയും പരിഗണിക്കാന്‍ പരമാവധി ശ്രമിച്ച എം പി ചെറുതെങ്കിലും വികസന പ്രവര്‍ത്തനങ്ങള്‍ മിക്ക സ്ഥലങ്ങളിലും എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം എം പി ഫണ്ട് ചെലവഴിക്കുന്നതില്‍ ഏറെക്കുറെ വിജയിച്ചിട്ടുണ്ടെങ്കിലും അതെല്ലാം നിര്‍മാണ മേഖലകളിലും സര്‍ക്കാര്‍ വിദ്യാലയങ്ങളിലുമായി ഒതുങ്ങിയെന്നും തൊഴില്‍ മേഖലയിലും മണ്ഡലത്തിലെ പരമ്പരാഗത മേഖലകളിലും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടിലെന്നാണ് എതിരാളികളുടെ പ്രധാന ആക്ഷേപം.
ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കണമെന്ന വാശിയിലാണ് കോണ്‍ഗ്രസ് എങ്കിലും ജനസമ്മതനായ സമ്പത്തിനെ നേരിടാന്‍ പ്രാപ്തനായ ഒരു സ്ഥാനാര്‍ഥിയെ കണ്ടത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. എ ഐ സി സി ജനറല്‍ സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍, കെ പി സി സി ജനറല്‍ സെക്രട്ടറി ശരത്ചന്ദ്രപ്രസാദ്, മഹിളാ കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷ ബിന്ദുകൃഷ്ണ എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്. എന്നാല്‍ സമ്പത്തിന്റെ പ്രതിച്ഛായയെ മറികടക്കാന്‍ ഇവര്‍ക്കാകുമോ എന്ന ചോദ്യം പ്രസക്തമാണ്. എന്നാല്‍ കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് മുമ്പ് വി എം സുധീരനെയാണ് ആറ്റിങ്ങലിലേക്ക് പരിഗണിച്ചിരുന്നത്. സമ്പത്തിനെതിരെ ശക്തമായ മത്സരം കാഴ്ചവെക്കാന്‍ വി എം സുധീരനേ കഴിയൂവെന്നാണ് കോണ്‍ഗ്രസില്‍ ഉയര്‍ന്ന വികാരം. സുധീരന്‍ കെ പി സി സി അധ്യക്ഷനായ സാഹചര്യത്തില്‍ ഇതിനുള്ള സാധ്യത അടഞ്ഞിരിക്കുകയാണ്.
കൂടുതല്‍ പ്രതീക്ഷകളൊന്നുമില്ലെങ്കിലും വോട്ടുചോര്‍ച്ചയെന്ന തങ്ങളുടെ ചീത്തപ്പേര് മാറ്റാന്‍ ബി ജെ പി മണ്ഡലത്തില്‍ മത്സരരഗത്തുണ്ടാകും. സംസ്ഥാനത്ത് ബി ജെ പി ഏറ്റവും കൂടുതല്‍ വോട്ട് മറിക്കുന്ന മണ്ഡലമെന്ന ഖ്യാതി നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ തങ്ങളുടെ പരമ്പരാഗതമായ വോട്ട് ചോരാതെ നോക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്ന ബോധ്യം ബി ജെ പിക്ക് കൂടുതല്‍ വെല്ലുവിളിയാകും. കഴിഞ്ഞ തവണ മത്സരിച്ച തോട്ടക്കാട് ശശി, അഡ്വ. പത്മകുമാര്‍, മുന്‍ ജില്ലാ സെക്രട്ടറി സി ശിവന്‍കുട്ടി എന്നിവരാണ് പരിഗണക്കപ്പെടുന്നവരുടെ പട്ടികയിലുള്ളത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം