ചെങ്കോട്ട മങ്ങലേല്‍ക്കാതെ തിളങ്ങുമോ?

  Posted on: March 6, 2014 6:22 am | Last updated: March 8, 2014 at 10:23 pm
  SHARE

  Kannur Lcനിലനിര്‍ത്താന്‍ യു ഡി എഫും പിടിച്ചെടുക്കാന്‍ എല്‍ ഡി എഫും ഏതടവും പയറ്റുന്ന കേരളത്തിലെ അപൂര്‍വം ലോക്‌സഭാ മണ്ഡലങ്ങളിലൊന്നാണ് കണ്ണൂര്‍. എക്കാലത്തും കേരള രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകാറുള്ള കണ്ണൂരിന്റെ തിരഞ്ഞെടുപ്പ് ചരിത്രം ഈ തട്ടകത്തില്‍ ഇക്കുറിയും ആവര്‍ത്തിച്ചേക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവുകളും കേന്ദ്ര സേനയുടെ വരവും കള്ള വോട്ട്, വ്യാജ വോട്ട് ആരോപണങ്ങളുമെല്ലാം ഈ മണ്ഡലത്തെ ശ്രദ്ധാകേന്ദ്രമായി മാറ്റുന്നു.

  തളിപ്പറമ്പ്, അഴീക്കോട്, കണ്ണൂര്‍, ധര്‍മടം, പേരാവൂര്‍, മട്ടന്നൂര്‍, ഇരിക്കൂര്‍ എന്നിങ്ങനെ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ അടങ്ങിയതാണ് കണ്ണൂര്‍ പാര്‍ലിമെന്റ് മണ്ഡലം. ഇന്ത്യയിലെ ആദ്യ പ്രതിപക്ഷ നേതാവായ എ കെ ഗോപാലന്‍ ജയിച്ചുകയറിയ കണ്ണൂര്‍ മണ്ഡലം ഒരു മുന്നണിയെയും സ്ഥിരമായി വാഴിച്ചില്ലെന്നുള്ളതാണ് ചരിത്രം. യു ഡി എഫും എല്‍ ഡി എഫും മാറി മാറി വിജയിച്ച മണ്ഡലത്തില്‍ ഒരു പടി മുന്നില്‍ യു ഡി എഫ് തന്നെയാണെന്ന് ഇതുവരെയുള്ള തിരഞ്ഞെടുപ്പ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടാമത് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്ന 1957ല്‍ എ കെ ജിയും 1977ല്‍ സി കെ ചന്ദ്രപ്പനും കണ്ണൂരില്‍ നിന്ന് വിജയം കണ്ടതിന് ശേഷം എസ് എഫ് ഐ നേതാവായിരുന്ന എ പി അബ്ദുല്ലക്കുട്ടി മാത്രമാണ് ഇടതു മുന്നണിയുടെ മുന്നണിപ്പോരാളിയായി വിജയിച്ചുവന്നത്. മറ്റെല്ലാ ഘട്ടങ്ങളിലും കോണ്‍ഗ്രസ് തന്നെയായിരുന്നു കണ്ണൂരിന്റെ പ്രതിനിധിയായി പാര്‍ലിമെന്റിലെത്തിയത്. 1957നും 1977നും ശേഷം 1980ല്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിലെ കെ കുഞ്ഞമ്പുവാണ് കണ്ണൂരിനെ പ്രതിനിധാനം ചെയ്തത്. പിന്നീട് 1984ന് ശേഷം 98 വരെയുള്ള അഞ്ച് തിരഞ്ഞെടുപ്പുകളും കോണ്‍ഗ്രസുകാരനായ മുല്ലപ്പള്ളി രാമചന്ദ്രന്‍ ജയിച്ചുകയറിയെന്നതാണ് മണ്ഡല ചരിത്രം. ഇക്കാലയളവില്‍ ഘടക കക്ഷികളെയും സ്വതന്ത്രരെയും മാത്രം പരീക്ഷിച്ചിരുന്ന സി പി എം 99ല്‍ അബ്ദുല്ലക്കുട്ടിയെ മത്സരിപ്പിച്ച് കണ്ണൂര്‍ പിടിച്ചെടുക്കുകയായിരുന്നു. 99ലും 2004ലും അഭിമാന വിജയം എല്‍ ഡി എഫിന് സമ്മാനിച്ച കണ്ണൂര്‍ 2009ല്‍ വീണ്ടും കൈവിട്ടുപോയി.

  2004ന് ശേഷം നടന്ന മണ്ഡല പുനര്‍നിര്‍ണയം യു ഡി എഫിന് വിനയാകുമെന്ന കരുതിയെങ്കിലും അട്ടിമറി വിജയമാണ് കഴിഞ്ഞ തവണ യു ഡി എഫിന് നേടാനായത്. യു ഡി എഫിന് മഹാഭൂരിപക്ഷം സമ്മാനിക്കുന്ന നോര്‍ത്ത് വയനാട് മണ്ഡലം കണ്ണൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തിലായിരുന്നു. 2009ല്‍ നടന്ന മണ്ഡല പുനര്‍നിര്‍ണയത്തില്‍ കണ്ണൂര്‍ മണ്ഡലം തളിപ്പറമ്പ്, ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, മട്ടന്നൂര്‍, പേരാവൂര്‍ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതായി. ഇതോടെ പ്രത്യക്ഷത്തില്‍ കണ്ണൂര്‍ ഇടത് അനുകൂല മണ്ഡലമായി മാറി. 2009ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് വേളയില്‍ കണ്ണൂര്‍ ഒഴികെയുള്ള ആറ് മണ്ഡലങ്ങള്‍ എല്‍ ഡി എഫിനൊപ്പമായിരുന്നു. നോര്‍ത്ത് വയനാട് കണ്ണൂരില്‍ നിന്ന് വിട്ടുപോയതോടെ യു ഡി എഫിന് ഏതാണ്ട് മണ്ഡലത്തെ കൈവിട്ട അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം കണ്ണൂര്‍ അസംബ്ലി മണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്ന കെ സുധാകരന്‍ തത്സ്ഥാനം രാജിവെച്ച് പാര്‍ലിമെന്റിലേക്ക് മത്സരിക്കാനെത്തുന്നത്.

  ഇതോടെ ചരിത്രം മാറി. സി പി എമ്മിലെ യുവ നേതാവ് കെ കെ രാഗേഷായിരുന്നു എല്‍ ഡി എഫ് സ്ഥാനാര്‍ഥി. ലാവ്‌ലിന്‍ കേസും സി പി എമ്മിലെ വിഭാഗീയതയും സി പി എം വിട്ട് കോണ്‍ഗ്രസിലെത്തിയ അബ്ദുല്ലക്കുട്ടിയുമെല്ലാം 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സജീവ ചര്‍ച്ചയായി. കോണ്‍ഗ്രസിലേക്കുള്ള അബ്ദുല്ലക്കുട്ടിയുടെ ചുവടുമാറ്റം കോണ്‍ഗ്രസിനോടുള്ള സി പി എമ്മിന്റെ പ്രതിഷേധം രൂക്ഷമാക്കാനുമിടയാക്കി. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ വീറും വാശിയും പോളിംഗിലും പ്രകടമായി. കേരളത്തിലെ മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത് കണ്ണൂരിലായിരുന്നു. 80.75 ശതമാനം പേര്‍ കണ്ണൂര്‍ മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തി.

  കനത്ത കാവലില്‍ നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ സി പി എമ്മിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് 43.151 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സുധാകരന്‍ ജയിച്ചുകയറുകയായിരുന്നു. ജയിച്ചാലും നേരിയ ഭൂരിപക്ഷം മാത്രമേ ലഭിക്കുകയുള്ളൂവെന്ന് കരുതിയ യു ഡി എഫ് നേതൃത്വത്തെയും ഈ വിജയം അമ്പരപ്പിച്ചു. സി പി എമ്മിനോടൊപ്പമുണ്ടായിരുന്ന മണ്ഡലങ്ങളില്‍ നിന്നെല്ലാം അടിയൊഴുക്കുണ്ടായതായി പാര്‍ട്ടി തന്നെ വിലയിരുത്തി. രാഷ്ട്രീയമായ പൊതു കാരണങ്ങള്‍ക്ക് പുറമെ സ്ഥാനാര്‍ഥി നിര്‍ണയത്തിലുള്ള പാളിച്ച കൂടി പരാജയത്തിനിടയാക്കിയെന്ന് പിന്നീട് എല്‍ ഡി എഫ് നേതൃത്വവും കണ്ടെത്തി. തുടര്‍ന്ന് 2011ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കണ്ണൂര്‍ ലോക്‌സഭാ പരിധിയിലെ മണ്ഡലങ്ങളില്‍ സി പി എമ്മിന് വേരുറപ്പിക്കാനായില്ല. 2011ല്‍ ധര്‍മടം, മട്ടന്നൂര്‍ മണ്ഡലങ്ങളില്‍ മാത്രമേ എല്‍ ഡി എഫിന് വിജയിക്കാനായുള്ളൂ. എന്നാല്‍ 2009ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് ലഭിച്ച ഭൂരിപക്ഷം 2011 ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ നിലനിര്‍ത്താനായില്ല. ഏഴില്‍ നാല് മണ്ഡലങ്ങളില്‍ വിജയിച്ചുവെങ്കിലും കണ്ണൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തില്‍ 52,002 വോട്ടിന് പിന്നിലായി.

  നിലവിലെ സ്ഥിതി അനുസരിച്ച് എല്‍ ഡി എഫിനോ യു ഡി എഫിനോ മണ്ഡലത്തില്‍ വിജയസാധ്യതയെന്ന് പറയാനാകില്ല. ഓരോ തിരഞ്ഞെടുപ്പിലും മാറി മറയുന്ന വോട്ടുനിലയാണ് കണ്ണൂരിലേത്. അതുകൊണ്ടു തന്നെ പിടിച്ചെടുക്കാനും നിലനിര്‍ത്താനുമായുള്ള കണ്ണൂരിലെ പോരാട്ടത്തിന് ഇത്തവണയും മൂര്‍ച്ചയേറും.