Connect with us

National

ലോക്‌സഭാ തെരെഞ്ഞെടുപ്പ് ഒമ്പത് ഘട്ടങ്ങളില്‍; കേരളത്തില്‍ ഏപ്രില്‍ 10ന്

Published

|

Last Updated

മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് മ്പത്ത്, കമ്മീഷണര്‍മാരായ എച്ച് എസ് ബ്രഹ്മ, നസീം സെയ്ദി എന്നിവര്‍ തെരെഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഫോട്ടോക്ക് പോസ് ചെയ്യുന്നു

ന്യൂഡല്‍ഹി: പതിനാറാമത് ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഒമ്പത് ഘട്ടങ്ങളിലായി ഏപ്രില്‍ ഏഴ് മുതല്‍ മെയ് 12 വരെയാണ് തിരഞ്ഞെടുപ്പ് നടക്കുക. കേരളത്തില്‍ ഏപ്രില്‍ 10 നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ മെയ് 16 ന് നടക്കും. മെയ് 31 നകം തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കും. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിനൊപ്പം മൂന്ന് നിയമസഭകളിലേക്കുള്ള തിരഞ്ഞടുപ്പ് തീയതിയും കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടൊപ്പം മാതൃകാ പെരുമാറ്റച്ചട്ടവും നിലവില്‍വന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലെ ഭരണ സ്ഥാപനങ്ങള്‍ക്കും മാതൃകാ പെരുമാറ്റ ചട്ടം ബാധകമാണ്.
ഏപ്രില്‍ ഏഴിന് അസാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ആറ് ലോക്‌സഭ മണ്ഡലങ്ങളിലും ഏപ്രില്‍ ഒമ്പതിന് അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, മിസോറം, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ ഏഴ് മണ്ഡലങ്ങളിലും ഏപ്രില്‍ 10ന് ബീഹാര്‍, ഛത്തീസ്ഗഢ്, ഹരിയാന, ജമ്മു കാശ്മീര്‍,ഝാര്‍ഖണ്ഡ്, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ഉത്തര്‍പ്രദേശ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്, ചണ്ഡീഗഡ്, ലക്ഷദ്വീപ്, ഡല്‍ഹി എന്നിവിടങ്ങളിലെ 92 മണ്ഡലങ്ങളിലും ഏപ്രില്‍ 12ന് അസാം, സിക്കിം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലും ഏപ്രില്‍ 17ന് ബീഹാര്‍, ഛത്തീസ്ഗഢ്, ഗോവ, ജമ്മു കാശ്മീര്‍, ഝാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, ഒഡീഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ 122 മണ്ഡലങ്ങളിലും ഏപ്രില്‍ 24ന് അസാം, ബീഹാര്‍, ഛത്തീസ്ഗഢ്, ജമ്മു കാശ്മീര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളിലെ 117 മണ്ഡലങ്ങളിലും ഏപ്രില്‍ 30ന് ആന്ധ്രാപ്രദേശ്, ബീഹാര്‍, ഗുജറാത്ത്, ജമ്മു കാശ്മീര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ദാദ്രനാഗര്‍ ഹവേലി, ദാമന്‍ ആന്‍ഡ് ഡിയു എന്നിവിടങ്ങളിലെ 89 മണ്ഡലങ്ങളിലും മെയ് ഏഴിന് ആന്ധ്രാപ്രദേശ്, ബീഹാര്‍, ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ 64 മണ്ഡലങ്ങളിലും മെയ് 12ന് ബീഹാര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ 41 മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടക്കും.
കേരളത്തില്‍ ഏപ്രില്‍ പത്തിന് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച് 15ന് കേരളത്തില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്യും. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 22 ആണ്. പത്രികകളുടെ സൂക്ഷ്മപരിശോധന മാര്‍ച്ച് 24ന് നടക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 26 ആണ്. പതിനഞ്ചാം ലോക്‌സഭയുടെ കാലാവധി 2014 മെയ് 31ന് അവസാനിക്കും. 2014 ജനുവരി ഒന്നിലെ കണക്ക് പ്രകാരം 81.45 കോടി ജനങ്ങളാണ് വോട്ടര്‍ പട്ടികയില്‍ ഉള്ളത്. 2009ലെ തിരഞ്ഞെടുപ്പില്‍ 71.3 കോടി വോട്ടര്‍മാരായിരുന്നു ഉണ്ടായിരുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ഫോട്ടോ പതിച്ച വോട്ടര്‍ പട്ടികയാണ് ഇത്തവണ തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുക.
9,30,000 പോളിംഗ് സ്റ്റേഷനുകളാണ് ഇത്തവണ തിരഞ്ഞെടുപ്പിലുള്ളത്. 2009നെ അപേക്ഷിച്ച് 11.9 ശതമാനം വര്‍ധനയാണ് പോളിംഗ് സ്റ്റേഷനുകളുടെ എണ്ണത്തില്‍ വന്നിട്ടുള്ളത്. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വെള്ളം, മൂത്രപ്പുര, ശാരീരികാവശതയുള്ളവര്‍ക്ക് വേണ്ടിയുള്ള റാമ്പ്, നിലവാരമുള്ള വോട്ടിംഗ് കമ്പാര്‍ട്ട്‌മെന്റുകള്‍ തുടങ്ങിയ സജ്ജീകരിക്കാനുള്ള നിര്‍ദേശം തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി.

Latest