30 കിലോഗ്രാം ഹെറോയിനുമായി അഞ്ചു പേരെ ദുബൈ പോലീസ് പിടികൂടി

Posted on: March 6, 2014 1:32 am | Last updated: March 6, 2014 at 1:32 am
SHARE

ദുബൈ: 30 കിലോ ഹെറോയിനുമായി അഞ്ചു പേരെ പിടികൂടിയതായി ദുബൈ പോലീസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. യൂറോപ്പിലേക്ക് കടത്താനുള്ള ശ്രമത്തിന്റെ ഭാഗമായി മയക്കുമരുന്നു കടത്ത് സംഘം സൂക്ഷിച്ച ഹെറോയിനാണ് പിടികൂടിയതെന്ന് ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മത്തര്‍ ബല്‍മസീന വെളിപ്പെടുത്തി.
അന്താരാഷ്ട്ര മയക്കുമരുന്നു സംഘത്തിലെ പ്രമുഖ കണ്ണിയും ഹാഷിഷ് കടത്തിലെ ഒന്നാം പ്രതിയുമായ ആളെ ദുബൈ എയര്‍പോര്‍ട്ട് റോഡിലെ ഒരു ഹോട്ടലില്‍ നിന്നായിരുന്നു പിടികൂടിയത്. ഹോട്ടല്‍ മുറിയില്‍ നടത്തിയ തിരച്ചലില്‍ വിവിധ രാജ്യങ്ങളുടെ നിരവധി പാസ്‌പോര്‍ട്ടുകളും 20 കിലോ ഹെറോയിനും ലഭിച്ചു.
മറ്റുളള നാലു പ്രതികളില്‍ ഒരാള്‍ ട്രക്ക് ഡ്രൈവറും ഒരാള്‍ ബിസിനസുകാരും രണ്ടു പേര്‍ സ്‌ക്രാപ്പ് വ്യാപാരികളുമായിരുന്നു. ഇവരെ അജ്മാനിലെ ഷോപ്പിംഗ് മാളിന് സമീപം നിര്‍ത്തിയിട്ട ലോറിയില്‍ നിന്നായിരുന്നു പിടികുടിയതെന്നും പോലീസ് മേധാവി വിശദീകരിച്ചു.
ഇവരില്‍ നിന്നും 10 കിലോഗ്രാം ഹെറോയിനും പോലീസ് കണ്ടെടുത്തു. കഴിഞ്ഞ ജനുവരിയിലാണ് ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നടപടി ആരംഭിച്ചതെന്ന് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ കേണല്‍ ഈദ് മുഹമ്മദ് താനി ഹരീബ് പറഞ്ഞു.