റഷ്യന്‍ സേന രണ്ട് ഉക്രൈന്‍ മിസൈല്‍ യൂനിറ്റുകള്‍ നിയന്ത്രണത്തിലാക്കി

Posted on: March 6, 2014 1:22 am | Last updated: March 6, 2014 at 1:22 am
SHARE

russiaകീവ്: റഷ്യന്‍ സേന ക്രിമിയയിലെ രണ്ട് ഉക്രൈന്‍ മിസൈല്‍ യൂനിറ്റുകള്‍ ഭാഗികമായി പിടിച്ചടക്കിയതായി ഉക്രൈന്‍ പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാല്‍ മിസൈലുകള്‍ ഇപ്പോഴും ഉക്രൈനിന്റെ നിയന്ത്രണത്തിലാണെന്നും ഇവര്‍ പറഞ്ഞു. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുമായി സുപ്രധാന ചര്‍ച്ചകള്‍ നടക്കുന്നതിന് തൊട്ടുമുമ്പാണ് സംഭവം.
ദക്ഷിണ ക്രിമിയയിലെ സെവാസ്റ്റോപോള്‍ നഗരത്തിന് സമീപത്തെ സൈനിക ക്യാമ്പിന്റെ ചില ഭാഗങ്ങള്‍ റഷ്യന്‍ സൈനികര്‍ പിടിച്ചടക്കിയതായും എന്നാല്‍ മിസൈല്‍ ഡിപ്പോ ഇപ്പോഴും ഉക്രൈനിന്റെ നിയന്ത്രണത്തിലാണെന്നും പ്രതിരോധ മന്ത്രാലയം വക്താവ് വഌദിമര്‍ ബോവ പറഞ്ഞു.
മിസൈലുകളില്ലാത്ത ഇവ്പാറ്റോറിയയിലെ രണ്ടാമത്തെ സൈനിക ക്യാമ്പ് റഷ്യന്‍ അനുകൂല സേനയുടെ നിയന്ത്രണത്തിലാണ്. എന്നാല്‍ സുപ്രധാന കേന്ദ്രങ്ങളുടെ നിയന്ത്രണം ഉക്രൈന്‍ സൈനികര്‍ക്കാണെന്ന് കീവിലെ ഡിഫന്‍സ് മന്ത്രാലയം വക്താവ് ഒലെക്‌സി മാസിപ പറഞ്ഞു. സംഘര്‍ഷമില്ലാതെയാണ് പിടിച്ചടക്കല്‍ നടന്നതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. 20 റഷ്യന്‍ സൈനികര്‍ക്കൊപ്പം റഷ്യന്‍ അനുകൂല സൈന്യം കഴിഞ്ഞ ദിവസം തന്നെ ഇവാപാറ്റോറിയയിലെ സൈനിക ക്യാമ്പ് പിടിച്ചടക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. ഉക്രൈനില്‍ റഷ്യന്‍ അനുകൂല പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ചിനെ പുറത്താക്കി പുതിയ യൂറോപ്യന്‍ അനുകൂല സര്‍ക്കാര്‍ നിലവില്‍ വന്നിരുന്നു. തുടര്‍ന്നാണ് ക്രിമിയയില്‍ റഷ്യന്‍ സേന മുന്നേറ്റം തുടങ്ങിയത്.