Connect with us

International

താലിബാനുമായി സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ പാക് ശ്രമം

Published

|

Last Updated

ഇസ്‌ലാമാബാദ്: താലിബാനുമായി രണ്ടാഴ്ചത്തോളമായി മുടങ്ങിക്കിടക്കുന്ന സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി താലിബാന്റെ പാക് വിഭാഗവുമായി ചര്‍ച്ച നടത്തി. വടക്കുപടിഞ്ഞാറന്‍ നഗരമായ അകോറ ഖട്ടക്കില്‍ നടന്ന കൂടിക്കാഴ്ചയില്‍ പാക് സര്‍ക്കാര്‍ പ്രതിനിധികളും താലിബാന്‍ പ്രതിനിധികളും പങ്കെടുത്തു. താലിബാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ചര്‍ച്ച പുനരാംരംഭിച്ചത്.
തെഹ്‌രികെ താലിബാന്‍ പാക്കിസ്ഥാനുമായി (ടി ടി പി)ജനുവരിയില്‍ പ്രധാനമന്ത്രി നവാസ് ശരീഫ് ചര്‍ച്ച പ്രഖ്യാപിച്ച ശേഷം 110 ല്‍ അധികം ആളുകളാണ് തീവ്രവാദി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.
കഴിഞ്ഞ മാസം ചര്‍ച്ചകള്‍ പുനരാരംഭിച്ചിരുന്നെങ്കിലും തട്ടിക്കൊണ്ടുപോയിരുന്ന 23 സൈനികരെ തീവ്രവാദികള്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു. ഈ ആക്രമങ്ങള്‍ക്കുള്ള മറുപടി എന്ന നിലയില്‍ പാക് സൈനികര്‍ നടത്തിയ വ്യോമാക്രമണത്തില്‍ നൂറുകണക്കിന് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാകാം താലിബാന്‍ വെടിനിര്‍ത്തലിന് തയ്യാറായതും ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കിയതുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ഇതിനു മുമ്പ് നിരവധി തവണ താലിബാനുമായി സമാധാന ചര്‍ച്ചകള്‍ക്ക് പാക്കിസ്ഥാന്‍ തയ്യാറായിട്ടുണ്ടെങ്കിലും ഇതുവരെ ഉദ്ദേശിച്ച ഫലം ഉണ്ടാക്കാനായിട്ടില്ല.