Connect with us

Health

വിരമിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ആറ് മാസം കൂടി കാലാവധി

Published

|

Last Updated

തിരുവനന്തപുരം: ആരോഗ്യ വകുപ്പില്‍ നിന്ന് ഇപ്പോള്‍ വിരമിക്കുന്ന ഡോക്ടര്‍മാരുടെ സേവന കാലാവധി ആറ് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കും. സംസ്ഥാനത്ത് കോക്കനട്ട് നീര ബോര്‍ഡ് രൂപവത്കരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നാളികേര വികസന കോര്‍പറേഷന്‍ മുന്‍കൈയെടുത്ത് രൂപവത്കരിച്ച 173 ഫെഡറേഷനുകളില്‍ 16 എണ്ണത്തിന് നീര ഉത്പാദിപ്പിക്കാന്‍ ലൈസന്‍സ് നല്‍കും. കുടതല്‍ ഫെഡറേഷനുകള്‍ക്ക് ആവശ്യാനുസരണം ലൈസന്‍സ് നല്‍കാന്‍ എക്‌സൈസ് വകുപ്പിന് നിര്‍ദേശം നല്‍കിയതായും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നീര ഉത്പാദനവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിന് നടപ്പുസാമ്പത്തിക വര്‍ഷം ബജറ്റില്‍ മാറ്റിവെച്ച 15 കോടി രൂപയില്‍ 13.2 കോടി രൂപ നീര ഉത്പാദക കമ്പനികള്‍ക്ക് ഗ്രാന്റായി വിതരണം ചെയ്യും. നിലവിലുള്ള പതിനൊന്ന് കമ്പനികള്‍ക്ക് 50 ശതമാനം ഗ്രാന്റെന്ന നിലയില്‍ പരമാവധി ഒന്നര കോടി രൂപ നല്‍കും. ബജറ്റ് വിഹിതത്തില്‍ 1.8 കോടി രൂപ നേരത്തെ കാര്‍ഷിക സര്‍വകലാശാലക്ക് നല്‍കിയിരുന്നു. നീര ഉത്പാദിപ്പിക്കാനുള്ള ലൈസന്‍സ് നല്‍കാനും മറ്റ് ഭരണപരമായ കാര്യങ്ങളും എക്‌സൈസ് വകുപ്പിന്റെ കീഴിലും കര്‍ഷകരുടെയും ഫെഡറേഷനുകളുടെയും കമ്പനികളുടെയും കാര്യങ്ങള്‍ കൃഷിവകുപ്പിനു കീഴിലും ആയിരിക്കും.
ആരോഗ്യ വകുപ്പില്‍ നിന്ന് ഇപ്പോള്‍ വിരമിക്കുന്ന ഡോക്ടര്‍മാരുടെ സേവന കാലാവധിയാണ് ആറ് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുന്നത്. ഡോക്ടര്‍ തസ്തികയിലേക്കുള്ള പി എസ് സി ലിസ്റ്റില്‍ നിലവിലുള്ള മുഴുവന്‍ പേര്‍ക്കും നിയമനം നല്‍കും. അഡൈ്വസ് നല്‍കിയാലും മുഴുവന്‍ പേരും ജോലിയില്‍ പ്രവേശിക്കാത്ത സാഹചര്യവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കേണ്ട സമയവും കണക്കിലെടുത്താണ് സേവന കാലാവധി നീട്ടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ആര്‍ സി സിയില്‍ പത്ത് വര്‍ഷമായി സേവനമനുഷ്ഠിക്കുന്ന ഒമ്പത് നഴ്‌സിംഗ് അസിസ്റ്റന്റുമാരെ സ്ഥിരപ്പെടുത്തി. വടകര ജില്ലാ ആശുപത്രിയില്‍ 12 തസ്തികകളും മലപ്പുറം താലൂക്ക് ആശുപത്രിയില്‍ 19 തസ്തികകളും അനുവദിച്ചു. കൊച്ചി മെട്രോ പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെ ആദ്യഘട്ടത്തില്‍ തന്നെ നീട്ടും. 323 കോടി രൂപയുടെ പദ്ധതിയാണിത്. തൃശൂര്‍ പടിഞ്ഞാറേക്കോട്ട ജംഗ്ഷനില്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ബി ഒ ടി-ആന്യൂറ്റി വ്യവസ്ഥയില്‍ മേല്‍പ്പാലം നിര്‍മിക്കുന്നതിന് 38 കോടി രൂപയുടെ ഭരണാനുമതി നല്‍കി. കേരള റോഡ് ഫണ്ട് ബോര്‍ഡിനായിരിക്കും നിര്‍മാണ ചുമതല. വിതുര, പത്തനാപുരം, പട്ടിമറ്റം, കൊടുങ്ങല്ലൂര്‍, പീരുമേട് എന്നിവിടങ്ങളില്‍ പുതുതായി ഫയര്‍‌സ്റ്റേഷനുകള്‍ അനുവദിച്ചു. പൂട്ടിക്കിടക്കുന്ന പെരുമ്പാവൂര്‍ റയോണ്‍സ് കമ്പനി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. വിവിധ ഇനത്തില്‍ 71 കോടിയില്‍പ്പരം രൂപ ബാധ്യയുള്ള കമ്പനി ഹൈക്കോടതി അനുമതിയോടെ ഏറ്റെടുത്ത് കിന്‍ഫ്രയെ ഏല്‍പ്പിക്കും. ബേങ്കുകള്‍ക്ക് 19.45 കോടിയും ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 16.78 കോടിയും തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ടിനത്തില്‍ 4.5 കോടിയും ശമ്പള കുടിശ്ശിക ഇനത്തില്‍ 29.6 കോടിയും കമ്പനിക്ക് ബാധ്യതയുണ്ട്. ഇതിനുപുറമെ ഹൈക്കോടതിയില്‍ കേസുകളും നിലനില്‍ക്കുന്നുണ്ട്. എഫ് എ സി ടിയുടെ പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി വാറ്റ് ഒഴിവാക്കി നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കി അരീക്കുഴിയിലെ ഫീഡ്‌സ് ലിമിറ്റഡ് 66.6 കോടി രൂപ മുടക്കി 500 ടണ്‍ ശേഷിയുള്ള കാലിത്തീറ്റ ഫാക്ടറിക്കും മന്ത്രിസഭ അനുമതി നല്‍കി.