Connect with us

Kerala

പ്രൊഫഷനല്‍ കോളജ് പ്രവേശനത്തിന് പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം

Published

|

Last Updated

തിരുവനന്തപുരം: വിവിധ പ്രൊഫഷനല്‍ കോളജുകളിലും ഹയര്‍ സെക്കന്‍ഡറി/വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും പ്രവേശനത്തിന് പിന്നാക്ക വിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കൊപ്പം ആംഗ്ലോ ഇന്ത്യന്‍ വിദ്യാര്‍ഥികളെ കൂടി ഉള്‍പ്പെടുത്തി നിലവിലുള്ള രണ്ട് ശതമാനം സംവരണം മൂന്ന് ശതമാനം ആക്കി. ധീവര, വിശ്വകര്‍മ സമുദായങ്ങള്‍ക്ക് രണ്ട് ശതമാനവും കുടുംബി, കുശവന്‍, കുലാലന്‍, കുലാലാ നായര്‍, കുംഭാരന്‍, വേളാന്‍, ഓടന്‍, കുലാല, ആന്ത്രാനായര്‍, ആന്തൂര്‍ നായര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഒരു ശതമാനവും സംവരണം നല്‍കും. നിലവില്‍ ഒ ബി എച്ച് വിഭാഗത്തില്‍ സംവരണം അനുഭവിച്ചുകൊണ്ടിരുന്ന ധീവരര്‍, വിശ്വകര്‍മജര്‍, കുശവര്‍, കുലാലന്‍ തുടങ്ങിയ സമുദായങ്ങള്‍ക്ക് പ്രത്യേക സംവരണം അനുവദിച്ച സാഹചര്യത്തില്‍ ഒ ബി എച്ചിന് ഇനിമേല്‍ സംവരണം മൂന്ന് ശതമാനം ആയിരിക്കും.
വാണിക-വൈശ്യ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട സമുദായങ്ങള്‍ക്കും ഒ ബി എച്ചില്‍ ഉള്‍പ്പെട്ട വാണിയ (വാണിക, വാണിക വൈശ്യ, വാണിഭ ചെട്ടി, വാണിയ ചെട്ടി, അയിരവര്‍, നാഗരതര്‍, വാണിയന്‍), വെളുത്തേടത്തു നായര്‍ (വെളുത്തേടന്‍, വണ്ണാത്തന്‍), ചെട്ടി/ചെട്ടികള്‍ (കോട്ടാര്‍ ചെട്ടികള്‍, പാറക്ക ചെട്ടികള്‍, ഏലൂര്‍ ചെട്ടികള്‍, ആറ്റിങ്ങല്‍ ചെട്ടികള്‍, പുതുക്കട ചെട്ടികള്‍, ഇരണിയേല്‍ ചെട്ടികള്‍, ശ്രീപണ്ടാര ചെട്ടികള്‍, തെലുഗു ചെട്ടികള്‍, ഉദിയന്‍കുളങ്ങര ചെട്ടികള്‍, പേരൂര്‍ക്കട ചെട്ടികള്‍, സാധു ചെട്ടികള്‍, 24 മന ചെട്ടികള്‍, വയനാടന്‍ ചെട്ടികള്‍, കലവറ ചെട്ടികള്‍, 24 മന തെലുഗു ചെട്ടികള്‍), ഈഴവാത്തി (വാത്തി), ഗണിക, കണിശു അഥവാ കണിയാര്‍ പണിക്കര്‍, കാണി അഥവാ കണിയാന്‍ (ഗണക) അഥവാ കണിശാന്‍ അഥവാ കംനാന്‍, കളരി കുറുപ്പ് അഥവാ കളരി പണിക്കര്‍, വില്‍ക്കുറുപ്പ്, പെരുങ്കൊല്ലന്‍, യാദവര്‍ (കോലയ, ആയര്‍, മായര്‍, മണിയാനി, ഇരുമന്‍), എരുമക്കാര്‍, ദേവാംഗ, പട്ടാര്യ, ശാലിയ (ചാലിയ, ചാലിയന്‍), പണ്ഡിതര്‍, വാണിയര്‍, എഴുത്തച്ഛന്‍, ചക്കാല/ചക്കാല നായര്‍, റെഡ്ഡയാര്‍ (മലബാര്‍ മേഖല ഒഴികെ), കാവുതീയ, വീരശൈവ ( യോഗി, യോഗീശ്വര, പൂപണ്ടാരം, മലപണ്ടാരം, ജങ്കം, മടപതി, പണ്ടാരം, പണ്ടാരന്‍, വൈരവി, വൈരാഗി), വിളക്കിത്തല നായര്‍-വിളക്കിത്തലവന്‍, വടുക-വടുകന്‍, വടുഗര്‍, വടുക, വടുവന്‍, ചവളക്കാരന്‍, അഗസ, കയ്‌കോലന്‍, കന്നടിയാന്‍, കേരള മുദലി, മടിവല, നായ്ക്കന്‍, തോല്‍ക്കൊല്ലന്‍, തൊട്ടിയാന്‍, മൂപ്പര്‍ അഥവാ കൊല്ലന്‍ മൂപ്പന്‍ അഥവാ കൊല്ലന്‍ മൂപ്പര്‍ സമുദായങ്ങള്‍ക്കും വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപ കവിയരുതെന്ന നിബന്ധനക്കു വിധേയമായി ഒ ഇ സി വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ നിരക്കില്‍ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ അനുവദിക്കും.
ഒ ബി സി വിഭാഗത്തിലെ മറ്റ് സമുദായങ്ങള്‍ക്കുകൂടി ഈ ആനുകൂല്യങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ടോ യെന്ന് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ വി ആര്‍ ജോഷിയെ ചുമതലപ്പെടുത്തി.

Latest