Connect with us

Articles

'കണ്ണീര്‍ സമുദ്രങ്ങള്‍' മുറിച്ചുകടക്കുമ്പോള്‍

Published

|

Last Updated

അടുത്തടുത്ത ദിവസങ്ങളില്‍ തൃശൂരില്‍ നടന്ന തുടര്‍ച്ചയായ ചില സംഭവങ്ങള്‍, നമ്മുടെ കാലം എത്ര ക്രൂരമായ സ്വാതന്ത്ര്യനിഷേധത്തിലൂടെയാണ് കടന്നുപോകുന്നത് എന്നതിന്റെ വ്യക്തമായ തെളിവാണ്. കുറെ വര്‍ഷങ്ങളായി തൃശൂരില്‍ നടന്നു വരുന്ന സ്വതന്ത്ര ചലച്ചിത്ര മേളയാണ് വിബ്ജിയോര്‍ അഥവാ മഴവില്‍ മേള. ചേതന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മുഖ്യ പ്രവര്‍ത്തകന്‍ ഫാദര്‍ ബെന്നിയുടെ നേതൃത്വത്തില്‍, വ്യത്യസ്തവും വിഭിന്നവുമായ ആശയങ്ങള്‍ക്ക് അവതരണം നല്‍കിക്കൊണ്ട് നടത്തുന്ന, ഡോക്യുമെന്ററികള്‍ക്കും ഹ്രസ്വ ചിത്രങ്ങള്‍ക്കും പ്രാമുഖ്യമുള്ള ഈ ചലച്ചിത്ര മേള സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി കലാസ്‌നേഹികളുടെയും ജനാധിപത്യവിശ്വാസികളുടെയും പുരോഗമനവാദികളുടെയും ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ്. അതുകൊണ്ടുതന്നെ തീവ്ര വലതുപക്ഷ ശക്തികളും സംഘപരിവാര്‍ ഫാസിസ്റ്റുകളും ഈ മേളയെ സംശയത്തോടെ നോക്കിക്കാണുകയും പറ്റിയ അവസരം നോക്കി അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്യാറുണ്ട്. ഒന്നു രണ്ട് വര്‍ഷം മുമ്പ്, തമിഴ്‌നാട്ടിലും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും ഇപ്പോഴും നിലനില്‍ക്കുന്ന മലം ചുമക്കുന്ന ജോലിക്കാരുടെ സാമ്പത്തികവും ആരോഗ്യപരവും ജാതീയവും സാംസ്‌കാരികവുമായ കഷ്ടപ്പാടുകളെ വിശദീകരിക്കുന്ന ആര്‍ പി അമുദന്റെ “വന്ദേമാതരം എ ഷിറ്റ് വെര്‍ഷന്‍” എന്ന സിനിമക്കു നേരെ ഇക്കൂട്ടര്‍ അക്രമം അഴിച്ചുവിടുകയുണ്ടായി. അക്രമത്തെ തുടര്‍ന്ന് അന്ന് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചിരുന്നില്ല.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ്, മലപ്പുറം ജില്ലയില്‍ ആനന്ദ് പട്‌വര്‍ധന്റെ “രാം കേ നാം” എന്ന വിഖ്യാത ഡോക്യുമെന്ററിക്കെതിരെ ഫാസിസ്റ്റുകള്‍ ഭീഷണി മുഴക്കുകയും ഈ ഭീഷണിക്ക് കൂട്ട് നിന്ന് പോലീസും കലക്ടറും ചേര്‍ന്ന് ഒരു മാസത്തോളം ഈ ചിത്രത്തിന്റെ പ്രദര്‍ശനം ജില്ലയില്‍ നിരോധിക്കുകയും ചെയ്തു. തുടര്‍ന്ന് പുരോഗമന സാംസ്‌കാരിക പ്രവര്‍ത്തകരുടെയും ഫിലിം സൊസൈറ്റി പ്രവര്‍ത്തകരുടെയും ഉജ്ജ്വലമായ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാറിന് നിരോധം പിന്‍വലിക്കേണ്ടി വന്നു. കൗതുകകരമായ കാര്യമെന്താണെന്നു വെച്ചാല്‍, ഈ നിരോധത്തിന്റെ ഭാഗമായി രാം കേ നാമിന് ജനപ്രീതി വര്‍ധിച്ചുവെന്നതാണ്. തിരൂരിലെ ഫ്രെയിം ഫിലിം സൊസൈറ്റിയില്‍ രാം കേ നാം പ്രദര്‍ശനത്തിന് ഹാള്‍ നിറഞ്ഞു കവിഞ്ഞതിനെ തുടര്‍ന്ന് കുറച്ചാളുകളെ കാത്തുനിര്‍ത്തി രണ്ടാമത് ചിത്രം പ്രദര്‍ശിപ്പിക്കേണ്ടി വന്നു. കേരളത്തിലെ ഫിലിം സൊസൈറ്റികളുടെ ചരിത്രത്തില്‍ തന്നെ ഇത്തരം സംഭവം മുമ്പും അതിനു ശേഷവുമുണ്ടായിട്ടുണ്ടാകില്ല.
കാശ്മീരിലെ പട്ടാള അതിക്രമങ്ങള്‍ തുറന്നു കാണിക്കുന്ന, ബിലാന്‍ എ ജാനിന്റെ “കണ്ണീര്‍ സമുദ്രങ്ങള്‍” (ഓഷ്യന്‍ ഓഫ് ടിയേഴ്‌സ്/27 മിനിറ്റ്) എന്ന ഡോക്യുമെന്ററി ഒമ്പതാമത് വിബ്ജിയോറില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന വിവരമാണ് ഫാസിസ്റ്റുകളെയും അവരോട് താദാത്മ്യപ്പെട്ട പോലീസിനെയും പ്രകോപിപ്പിച്ചത്. 1991ല്‍ കാശ്മീരിലെ കുപ്‌വാരയിലെ വീടുകളില്‍ പട്ടാളം ഇടിച്ചു കയറി സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് വിധേയരാക്കിയ സംഭവമാണ് ഈ ചിത്രത്തിലാവിഷ്‌കരിച്ചിരിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍, മൃണാള്‍ സെന്‍, ശ്യാം ബെനഗല്‍, ഷര്‍മിളാ ടാഗോര്‍ എന്നിവരടക്കമുള്ള ഇന്ത്യയിലെ ഒന്നാം നിര ചലച്ചിത്രപ്രവര്‍ത്തകര്‍ ഉത്തരവാദിത്വത്തോടെ ട്രസ്റ്റികളായിരുന്നു നയിക്കുന്ന പബ്ലിക് സര്‍വീസ് ബ്രോഡ്കാസ്റ്റിംഗ് ട്രസ്റ്റ് (പി എസ് ബി ടി) എന്ന സര്‍ക്കാരിതര/ലാഭേതര സ്ഥാപനമാണ് ഓഷ്യന്‍ ഓഫ് ടിയേഴ്‌സ് നിര്‍മിച്ചത്. സ്വതന്ത്രവും പങ്കാളിത്തപരവും എല്ലാം ഉള്‍ക്കൊള്ളുന്നതും ജനാധിപത്യപരവുമായ പൊതു പ്രക്ഷേപണങ്ങളും സംപ്രേഷണങ്ങളും ഇന്ത്യക്കകത്തും ഇന്ത്യയെ സംബന്ധിച്ചും ഉറപ്പ് വരുത്തുക എന്നതാണ് പി എസ് ബി ടിയുടെ ലക്ഷ്യം. വാണിജ്യപരവും രാഷ്ട്രീയവും ഭരണകൂടപരമായും ഉള്ള സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെയാണ് ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്. അഞ്ഞൂറിലധികം ഡോക്യുമെന്ററികള്‍ ഇതിനകം നിര്‍മിച്ചിട്ടുള്ള പി എസ് ബി ടി ചിത്രങ്ങള്‍ക്ക് 37 ദേശീയ അവാര്‍ഡുകള്‍ തന്നെ ലഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര അവാര്‍ഡുകള്‍ വേറെയും. സ്വാതന്ത്ര്യം, വൈവിധ്യം, ലിംഗ നീതി, പരിസ്ഥിതി, സംഘര്‍ഷ ലഘൂകരണം, എച്ച് ഐ വി/എയിഡ്‌സ്, ജനാധിപത്യം, ലൈംഗികത, സാഹിത്യം, ജീവനപരത, ആഗോളവത്കരണം, നഗരസ്ഥലരാശികള്‍, ഇന്ത്യയുടെ പുനര്‍ഭാവനകള്‍, കല, കരകൗശലങ്ങള്‍, സംസ്‌കാരം, പാരമ്പര്യം എന്നിങ്ങനെയുള്ള നാനാവിധ വിഷയങ്ങളിന്‍മേല്‍ ഇതിനകം പി എസ് ബി ടിയുടെ ഫണ്ടിംഗോടെ ഡോക്യുമെന്ററികള്‍ പുറത്തുവന്നുകഴിഞ്ഞു.
2014 ഫെബ്രുവരി 14നാണ് കണ്ണീര്‍ സമുദ്രങ്ങള്‍ മഴവില്‍ മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ നിശ്ചയിച്ചിരുന്നത്. പ്രദര്‍ശനം തടസ്സപ്പെടുത്താനായി പാഞ്ഞടുത്ത ഫാസിസ്റ്റുകളെയും പോലീസിനെയും വിബ്ജിയോര്‍ പ്രവര്‍ത്തകരും കൂട്ടാളികളും ചേര്‍ന്ന് ചെറുത്തുതോല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന്, നിറഞ്ഞ കാണികള്‍ക്കു മുമ്പില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു. സര്‍ക്കാര്‍ സ്ഥാപനമായ കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്(മുന്‍കാലത്ത് സെന്‍സര്‍ ബോര്‍ഡ് എന്നായിരുന്നു പേര്) നല്‍കിയ യു സര്‍ട്ടിഫിക്കറ്റുള്ളതിനാല്‍ ഈ ചിത്രം സാര്‍വത്രിക പ്രദര്‍ശനത്തിന് അര്‍ഹതയുള്ളതാണ്. കാശ്മീരിലും അലിഗഢിലും മറ്റും ഈ ചിത്രത്തിന്റെ പ്രദര്‍ശനം തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ട്. വന്ദേമാതരം എ ഷിറ്റ് വെര്‍ഷന്റെ മുന്നനുഭവം ഉള്ളതുകൊണ്ട് മഴവില്‍ മേള പ്രവര്‍ത്തകര്‍ക്ക് തയ്യാറെടുക്കാനും ഫാസിസ്റ്റുകളെയും കാക്കികളെയും വന്ന വഴിയെ ഓടിക്കാനും സാധിച്ചു.
എന്നാലത് താത്കാലിക വിജയം മാത്രമായിരുന്നു എന്ന് തിരിച്ചറിയാന്‍ അധികം ദിവസം കാത്തിരിക്കേണ്ടി വന്നില്ല. മഴവില്‍ മേള അവസാനിച്ചെങ്കിലും, അതിന്റെ പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും സ്വതന്ത്ര സാംസ്‌കാരികാന്വേഷികളും നഗരം വിട്ടുപോയിട്ടില്ല എന്ന് പോലീസിന് തീര്‍ച്ചയുണ്ടായിരുന്നു. അവര്‍ തക്ക അവസരം കാത്തു നില്‍ക്കുകയായിരുന്നു. ഫെബ്രുവരി 22ന് റീജണല്‍ തിയേറ്റര്‍ വളപ്പിലെ സുരാസു വേദിയില്‍ ജോഫിയുടെ സംഗീത നിശയുണ്ടായിരുന്നു. അത് കഴിഞ്ഞു പിരിഞ്ഞു പോകുകയായിരുന്ന ഏതാനും യുവതീയുവാക്കളെ അകാരണമായി പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയും ജീപ്പിനകത്തേക്കും സ്റ്റേഷനകത്തേക്കും വലിച്ചിഴക്കുകയുമായിരുന്നു. മഴവില്‍ മേളയെക്കുറിച്ചും അവിടെ പ്രദര്‍ശിപ്പിച്ച സിനിമകളെക്കുറിച്ചും നാടകങ്ങളെക്കുറിച്ചുമൊക്കെ പോലീസുകാര്‍ സംസാരിച്ചിരുന്നുവെന്നാണ് അറസ്റ്റിലായവര്‍ പറഞ്ഞത്. ഇവരുടെ ആവശ്യപ്രകാരം ജാമ്യമെടുക്കാനായി സ്റ്റേഷനിലെത്തിയ അഡ്വ. ആശയെയും മക്കളെയും പോലീസ് ഉപദ്രവിച്ചുവെന്നതാണ് കാര്യങ്ങളെ കൂടുതല്‍ ഗൗരവതരമാക്കിയത്. വിബ്ജിയോറില്‍ പോലീസുണ്ടാക്കിയ പ്രശ്‌നങ്ങളെ സംബന്ധിച്ച് നേരത്തെ പരാതി കൊടുത്തയാളാണ് അഡ്വ. ആശയെന്നത് അറിയാമായിരുന്നതു കൊണ്ട് പോലീസ് മര്‍ദനം രൂക്ഷമാക്കി. അവരുടെ മകന്‍ ഗൗതമിനെ മുഖത്തടിക്കുന്നത് തടയാന്‍ ശ്രമിച്ച അവരെ വലിച്ച് താഴത്തിട്ട് ചവിട്ടുകയായിരുന്നു. അവിടെ നടന്ന മുഴുവന്‍ സംഭവങ്ങളും വിവരിക്കുന്നില്ല. ലക്ഷക്കണക്കിന് കോടികള്‍ കട്ടു മുടിച്ച കൊലപാതകികളും കള്ളക്കടത്തുകാരും വംശഹത്യകള്‍ ആഘോഷിച്ച വര്‍ഗീയ ഭ്രാന്തന്‍മാരും വിലസുന്ന നാട്ടിലാണ് സ്വതന്ത്രമായ കലാസ്വാദനം നടത്തിയതിന്റെ പേരില്‍ യുവാക്കള്‍ പോലീസിനാല്‍ പീഡിപ്പിക്കപ്പെടുന്നത് എന്നതാണ് ഉത്കണ്ഠയുണര്‍ത്തുന്ന യാഥാര്‍ഥ്യം.
സാംസ്‌കാരിക പ്രവര്‍ത്തകരെ ശാരീരികമായി ആക്രമിച്ചതിനും കേസില്‍ പെടുത്തിയതിനുമെതിരെ സാറാ ജോസഫ്, കെ വേണു, ജെ ദേവിക, പ്രൊഫ. കുസുമം ജോസഫ്, പ്രൊഫ. വി ജി തമ്പി, ടി എന്‍ ജോയി, കെ പി ശശി, അന്‍വര്‍ അലി, പി എന്‍ ഗോപീകൃഷ്ണന്‍ എന്നിവര്‍ രംഗത്തു വന്നു. പോലീസിന്റെ കിരാത നടപടികള്‍ക്കെതിരെ രൂപവത്കരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ അധ്യക്ഷന്‍ രാജാജി മാത്യു തോമസ് (മുന്‍ എം എല്‍ എ) ആണ്.
സദാചാര പോലീസ് ചമഞ്ഞ് സാംസ്‌കാരിക പ്രവര്‍ത്തകരെയും അവര്‍ക്ക് ജാമ്യമെടുക്കാന്‍ ചെന്ന അഡ്വ. ആശയെയും ആക്രമിച്ച സബ് ഇന്‍സ്‌പെക്ടറെ അറസ്റ്റ് ചെയ്യാനായി തൃശൂര്‍ സി ജെ എം കോടതി ഉത്തരവിട്ടു എന്നത് ഇന്ത്യയിലെ നീതിന്യായ സംവിധാനത്തില്‍ നമ്മുടെ വിശ്വാസം ഉറപ്പിക്കുന്ന സംഭവഗതിയാണ്. ഇന്ത്യന്‍ ശിക്ഷാനിയമം 326, 254 എ, 509, 294 എന്നീ വകുപ്പുകള്‍ പ്രകാരം അക്രമത്തിനും സ്ത്രീകള്‍ക്കെതിരെ മോശമായി പെരുമാറിയതിനും തൃശൂര്‍ ഈസ്റ്റ് എസ് ഐ ലാല്‍ കുമാറിനെ മാര്‍ച്ച് മൂന്നിനകം അറസ്റ്റ് ചെയ്ത് ഐ ജിക്കു മുമ്പില്‍ ഹാജരാക്കാനാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഇന്ദിരാദേവി ഉത്തരവിട്ടത്. നിയമം നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും ഈ പോലീസുദ്യോഗസ്ഥനും ലഭിക്കട്ടെ എന്നാണ് ആക്രമണവിധേയയായ അഡ്വ. ആശ പ്രതികരിച്ചത്.
കേരളത്തിലെ മുഖ്യധാരാ പത്രങ്ങളും ചാനലുകളും ഈ സംഭവം പൊതുവെ കണ്ടില്ലെന്നു നടിക്കുകയായിരുന്നു. പ്രാദേശിക പേജുകളില്‍ എന്തെങ്കിലും വാര്‍ത്തകള്‍ വന്നോ എന്നറിയാന്‍ ഈ ദിവസങ്ങളില്‍ തൃശൂരിലേക്കു പോയതുമില്ല; ഇ പേപ്പറുകളുടെ ജില്ലാ പേജുകളും പരതാന്‍ സാവകാശവുമുണ്ടായിരുന്നില്ല. മറുനാടന്‍ മലയാളി, ഡൂള്‍ ന്യൂസ്, കൗണ്ടര്‍ കറന്റ്‌സ്, ദ ക്രിട്ടിക്ക് എന്നിങ്ങനെയുള്ള വെബ് പോര്‍ട്ടലുകളും ഫേസ് ബുക്കിലും ഗൂഗിള്‍ പ്ലസിലും ട്വിറ്ററിലുമുള്ള പോസ്റ്റുകളും കമന്റുകളും ആണ് സംഭവത്തെ ലോകത്തിനു മുന്നിലെത്തിച്ചത്. ലോകമെമ്പാടുമുള്ള ചലച്ചിത്ര, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രതിഷേധം ഇന്റര്‍നെറ്റിലൂടെ വ്യാപിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ മൗനം പാലിച്ചവരും കണ്ണുണ്ടായിട്ടും കാണാതെ പോയവരും നാളെ തങ്ങള്‍ക്കെതിരെയും ഫാസിസ്റ്റുകളും കാക്കികളും നടത്തുന്ന ആക്രമണങ്ങള്‍ വരുമ്പോള്‍ ആരുമുണ്ടാകില്ലെന്നും ഓര്‍ക്കുന്നത് നന്നായിരിക്കും എന്നോര്‍മപ്പെടുത്തുന്നത് അസ്ഥാനത്താകില്ല എന്നു കരുതട്ടെ!

 

Latest