ഇനി പോരാട്ടത്തിന്റെ നാളുകള്‍

Posted on: March 6, 2014 6:00 am | Last updated: March 5, 2014 at 11:48 pm
SHARE

votingലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരള രാഷ്ട്രീയം ഇനി ചുട്ടുപൊള്ളും. കേരളത്തില്‍ നിന്ന് ലോക്‌സഭയിലെത്തുന്ന 20 പേര്‍ ആരെന്ന് നിശ്ചയിക്കാന്‍ ഇനിയുള്ളത് കൃത്യം 35 ദിവസം. ഫലമറിയാന്‍ പിന്നെയും കാത്തിരിപ്പുണ്ടെങ്കിലും ഒരുങ്ങാന്‍ വേണ്ട സമയമില്ലെന്നതാണ് നിലവിലെ സാഹചര്യം. ആദ്യ ഘട്ടത്തിലാണ് കേരളത്തിലെ വോട്ടെടുപ്പെന്നതിനാല്‍ തിരഞ്ഞെടുപ്പ് പടിയും കടന്ന് അകത്തെത്തിയ അവസ്ഥ. വിഷുവും ഈസ്റ്ററും കഴിഞ്ഞ് ഏപ്രില്‍ ഒടുവിലായിരിക്കും കേരളത്തിലെ തിരഞ്ഞെടുപ്പെന്നായിരുന്നു പൊതുവിലുള്ള ധാരണ. എന്നാല്‍, ജനാധിപത്യത്തിന്റെ ആഘോഷം കഴിഞ്ഞിട്ടാകാം മറ്റുള്ള ആഘോഷങ്ങളെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീര്‍പ്പ്. തര്‍ക്കിച്ച് തീര്‍ക്കാന്‍ മുന്നണികള്‍ക്കൊന്നും സമയമില്ലെന്ന് ചുരുക്കം. ടൈം ടേബിള്‍ വെച്ച് തീരുമാനങ്ങളെടുത്തില്ലെങ്കില്‍ സ്ഥാനാര്‍ഥികള്‍ കളത്തിലിറങ്ങി വിയര്‍ക്കേണ്ടി വരും.
വിവാദങ്ങളുടെ പെരുമഴയില്‍ രാഷ്ട്രീയാന്തരീക്ഷം തിരഞ്ഞെടുപ്പിനായി പാകപ്പെട്ടിട്ടുണ്ട്. അപ്പോഴും ഇരുമുന്നണികളും ജനവിധിക്കൊരുങ്ങിയോയെന്ന സംശയം ബാക്കി. സീറ്റ് വിഭജനം പോലും രണ്ട് പക്ഷത്തും പൂര്‍ത്തിയായിട്ടില്ല. ഇക്കാര്യത്തില്‍ എല്‍ ഡി എഫിലാണ് കാര്യങ്ങള്‍ അല്‍പ്പം ഭേദം. ചെറുകക്ഷികളെല്ലാം സീറ്റ് ചോദിക്കുന്നുവെങ്കിലും ആര്‍ക്കും നല്‍കേണ്ടെന്നാണ് സി പി എമ്മിലെ ധാരണ. അവകാശവാദത്തില്‍ നിന്ന് ആര്‍ എസ് പിയും ദളും എന്‍ സി പിയും പിന്നാക്കം പോകാത്തതിനാല്‍ ചര്‍ച്ച നടത്തി അവരെയെല്ലാം തൃപ്തിപെടുത്തേണ്ടതുണ്ട്. നാല് സീറ്റെന്ന പതിവ് സി പി ഐ ഇക്കുറിയും തുടരും. യു ഡി എഫില്‍ രൂപപ്പെട്ട തര്‍ക്കത്തിലെ തീര്‍പ്പ് കാത്തിരിക്കുകയാണ് സി പി എം. പിണങ്ങിയിരിക്കുന്ന ജോസഫ് ഗ്രൂപ്പ് കളം മാറിയെത്തുമോയെന്നാണ് ആകാംക്ഷയോടെയുള്ള കാത്തിരിപ്പ്. പാര്‍ട്ടി മത്സരിക്കുമെന്നുറപ്പുള്ള സീറ്റില്‍ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ധാരണയായിട്ടുമുണ്ട്. ഇന്നും നാളെയും നടക്കുന്ന സംസ്ഥാന കമ്മറ്റിയില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സി പി എം കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. നാളെ എല്‍ ഡി എഫ് യോഗം ചേരുന്നുണ്ട്. സീറ്റ് വിഭജനത്തിന് ഔപചാരിക പരിവേഷം നല്‍കുക മാത്രമാണ് ഈ യോഗത്തിന്റെ ലക്ഷ്യം. യോഗം കഴിഞ്ഞാലുടന്‍ സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി സി പി എമ്മും സി പി ഐയും പ്രഖ്യാപിക്കും.
സീറ്റ് വിഭജനമെന്ന കടമ്പ കടന്നിട്ടുവേണം സ്ഥാനാര്‍ഥികളെ തീരുമാനിക്കാനെന്നതാണ് കോണ്‍ഗ്രസിലെ സാഹചര്യം. വടകരക്ക് വേണ്ടിയുള്ള സോഷ്യലിസ്റ്റ് ജനതയുടെയും ഇടുക്കിക്ക് വേണ്ടിയുള്ള കേരളാ കോണ്‍ഗ്രസിന്റെയും സമ്മര്‍ദങ്ങളില്‍ ഇനിയും ഒത്തുതീര്‍പ്പായിട്ടില്ല. ഇടുക്കി വിട്ടുകൊടുക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ ഉറച്ച നിലപാട്. ഈ തീരുമാനത്തിലേക്ക് കേരളാ കോണ്‍ഗ്രസിനെ കൊണ്ടുവരികയെന്ന ദുഷ്‌കരമായ ദൗത്യമാണ് കോണ്‍ഗ്രസിന് മുന്നില്‍. വടകര വേണമെന്ന സോഷ്യലിസ്റ്റ് ജനതയുടെ ആവശ്യത്തില്‍ ഹൈക്കമാന്‍ഡിന്റെ നിലപാടറിയാന്‍ കാത്തിരിക്കുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്റെ അതൃപ്തി എങ്ങനെ മറികടക്കുമെന്നതാണ് പാര്‍ട്ടി നേരിടുന്ന വെല്ലുവിളി. എല്ലാവരെയും തൃപ്തിപ്പെടുത്തിയുള്ള ഫോര്‍മുല വരുമെന്നാണ് നേതൃത്വം പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം.
കോണ്‍ഗ്രസിലെ സിറ്റിംഗ് എം പിമാരെല്ലാം ഇനിയും മത്സരിക്കണമെന്ന നിലപാടിലാണ്. മാസങ്ങളായി മണ്ഡലത്തില്‍ തമ്പടിച്ചിരുന്നവര്‍ സീറ്റ് ഉറപ്പിക്കാന്‍ ഡല്‍ഹിയിലേക്ക് വണ്ടി കയറിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയിലാണ് സീറ്റ്‌മോഹികളുടെ പ്രതീക്ഷ. സ്ഥാനാര്‍ഥിത്വം ആഗ്രഹിക്കുന്ന വനിതകളും യുവാക്കളും കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. മുസ്‌ലിം ലീഗിന്റെ രണ്ട് സീറ്റുകളില്‍ സിറ്റിംഗ് എം പിമാര്‍ തന്നെ ജനവിധി തേടുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ആം ആദ്മി മുതല്‍ എസ് ഡി പി ഐ വരെയുള്ള ചെറുകക്ഷികളും അരയും തലയും മുറുക്കി അങ്കത്തിനിറങ്ങുന്നുണ്ട്.
കെ പി സി സി തലപ്പത്തേക്കുള്ള സുധീരന്റെ വരവാണ് യു ഡി എഫിന്റെ ഊര്‍ജം. സര്‍ക്കാറിന്റെ ജനപ്രിയ പദ്ധതികള്‍ വോട്ടായി മാറുമെന്നും കണക്ക് കൂട്ടുന്നു. തര്‍ക്കങ്ങളെല്ലാം തീര്‍ത്ത് ഗോദയിലിറങ്ങിയാല്‍ പിന്നെ ഒരു കൈയും മെയ്യും. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ ഒരു സീറ്റ് അധികം കിട്ടുമെന്ന് പ്രസിഡന്റ് വി എം സുധീരന്‍ അടിവരയിടുന്നു. പിണറായി നയിച്ച കേരള രക്ഷാമാര്‍ച്ചിലൂടെ സി പി എം ഒരു മുഴം മുമ്പെയെറിഞ്ഞ് പ്രചാരണം തുടങ്ങി. 14 സീറ്റ് വരെ കിട്ടുമെന്നാണ് സി പി എമ്മിന്റെ കണക്ക്. സര്‍ക്കാറിനെതിരായ ജനവികാരം ഗുണം ചെയ്യുമെന്നും സി പി എം ആണയിടുന്നു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, ടി പി ചന്ദ്രശേഖരന്‍ വധം, ലാവ്‌ലിന്‍, പാമോലിന്‍, സോളാര്‍, സുനന്ദ പുഷ്‌കറിന്റെ മരണം… ആയുധങ്ങള്‍ ഇരുപക്ഷത്തും ഏറെയുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ ഇതിന് മൂര്‍ച്ച കൂടിക്കൊാണ്ടിരിക്കും.

[email protected]