Connect with us

Editorial

ലോക്പാല്‍ നിയമനം

Published

|

Last Updated

ലോക്പാല്‍ നിയമന പരിശോധനാ സമിതിയില്‍ നിന്നു ഫാലി എസ് നരിമാന്റെ പിന്നാലെ ജസ്റ്റിസ് കെ ടി തോമസും പിന്‍വാങ്ങിയിരിക്കയാണ്. പരിശോധനാ സമിതി നിര്‍ദേശിക്കുന്ന പേരുകള്‍ തള്ളാന്‍ സെലക്ട് കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കെ, ഇങ്ങനെയൊരു സമിതിയുടെ ആവശ്യമെന്തെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിനയച്ച രാജിക്കത്തില്‍ അദ്ദേഹം ചോദിക്കുന്നത്. പ്രധാനമന്ത്രിയുടെ കീഴിലുള്ള പേഴ്‌സനല്‍ മന്ത്രാലയം അപേക്ഷകള്‍ ക്ഷണിച്ചു തയ്യാറാക്കുന്ന പട്ടികയില്‍ നിന്നു മാത്രമേ പരിശോധനാ സമിതിക്കു ലോക്പാല്‍ അംഗങ്ങളെ നിര്‍ദേശിക്കാന്‍ അധികാരമുള്ളൂ. പ്രസ്തുത പട്ടികയില്‍ നിന്ന് സമിതി തിരഞ്ഞെടുക്കുന്ന പേരുകള്‍ പരിഗണനക്കായി പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ട് കമ്മിറ്റിക്കു സമര്‍പ്പിക്കും. സെലക്ട് കമ്മിറ്റി ആ പാനല്‍ അംഗീകരിക്കണമെന്നില്ല. അതില്‍ മാറ്റം വരുത്താനും പട്ടികയില്‍ പേരില്ലാത്തവരെ പോലും ലോക്പാലില്‍ നിയമിക്കാനും കമ്മിറ്റിക്ക് അധികാരമുണ്ട്. പേഴ്‌സനല്‍ മന്ത്രാലയം നല്‍കുന്ന പട്ടികയില്‍ നിന്നോ സ്വന്തം നിലക്കോ സെലക്ട് കമ്മിറ്റി നേരിട്ട് തിരഞ്ഞെടുക്കുന്നതാണ് ഇതിനേക്കാള്‍ നല്ലതെന്നും അധികാരമില്ലാത്ത, കേവലം നോക്കുകുത്തികളായ സമിതികള്‍ക്കു വേണ്ടി പൊതുഖജനാവിലെ പണം വിനിയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മുതിര്‍ന്ന നിയമജ്ഞനായ നരിമാനും ഇതേ കാരണം കൊണ്ടാണ് സമിതിയില്‍ നിന്ന് പിന്മാറിയത്.
ലോക്പാലിന്റെ തിരഞ്ഞെടുപ്പിന് നിര്‍ദേശിച്ച വ്യവസ്ഥകളില്‍ അപാകമുണ്ടെന്ന് നിയമജ്ഞര്‍ നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. എട്ടംഗങ്ങള്‍ അടങ്ങിയതാണ് ലോക്പാല്‍. സുപ്രീം കോടതിയിലെ ജഡ്ജി, മുന്‍ ജഡ്ജി, ഹൈക്കോടതിയിലെ സിറ്റിംഗ് ചീഫ് ജസ്റ്റിസ്, മുന്‍ ചീഫ് ജസ്റ്റിസ് എന്നിങ്ങനെ ജുഡീഷ്യറിയില്‍ നിന്നുള്ളവരാണ് നാല് പേര്‍. അഴിമതിവിരുദ്ധ പ്രസ്ഥാനം, പൊതുഭരണം, വിജിലന്‍സ്, ഇന്‍ഷ്വറന്‍സ്, ബാങ്കിംഗ് നിയമം, മാനേജ്‌മെന്റ് എന്നീ മേഖലകളില്‍ നിന്ന് കഴിവ് തെളിയിച്ച സത്യസന്ധരായിരിക്കണം മറ്റു നാല് പേര്‍. പേഴ്‌സനല്‍ മന്ത്രാലയം ജനുവരി 17ന് പ്രസിദ്ധീകരിച്ച പരസ്യമനുസരിച്ചു, ലോക്പാല്‍ അംഗത്വ നിയമനത്തിന് അപേക്ഷിക്കുന്നവര്‍ തങ്ങളുടെ പ്രവൃത്തിപരിചയവും മറ്റു നേട്ടങ്ങളും ഉള്‍പ്പെടുത്തിയുള്ള വിശദമായ പ്രസ്താവനസഹിതമായിരിക്കണം അത് സമര്‍പ്പിക്കേണ്ടതെന്ന് നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍, സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ പ്രഗത്ഭരായ ന്യായാധിപന്മാര്‍ ഒരു ജോലിക്ക് വേണ്ടി ഇങ്ങനെയൊരു അപേക്ഷ സമര്‍പ്പിക്കാന്‍ സന്നദ്ധരാകുമോ? ജസ്റ്റിസ് കെ ടി തോമസ് രാജിക്കത്തില്‍ ഇക്കാര്യമുന്നയിക്കുന്നുണ്ട്. ജോലി തേടുന്ന ജഡ്ജി ലോക്പാല്‍ അംഗമായി നിയമിക്കപ്പെടാന്‍ അര്‍ഹനുമല്ല. അംഗങ്ങളെ കണ്ടെത്താന്‍ ഇത്തരമൊരു നടപടിക്രമം നിശ്ചയിച്ചത് തിരഞ്ഞെടുപ്പ് സമിതിയോ പരിശോധനാ സമിതിയോ അല്ലെന്നും പേഴ്‌സനല്‍ വകുപ്പിലെ മന്ത്രിയാണെന്നുമാണ് അറിയുന്നത്. അത് അദ്ദേഹത്തിന്റെ അധികാരപരിധിയില്‍ പെട്ടതുമല്ല.
രാജ്യത്ത് അഴിമതി നിര്‍മാര്‍ജനത്തിന് സ്വതന്ത്ര സംവിധാനമേര്‍പ്പെടുത്താനുള്ള ശ്രമത്തിന് നാലര പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. 1967 ല്‍ ഭരണ പരിഷ്‌കരണ കമ്മീഷനാണ് ലോക്പാല്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് പതിനൊന്ന് തവണ ഈ ബില്‍ പാര്‍ലിമെന്റ് മുമ്പാകെ വന്നു. ഓരോ തവണയും പാര്‍ലിമെന്റിന്റെ വിവിധ സമിതികള്‍ക്ക് റഫര്‍ ചെയ്യപ്പെടുന്ന ബില്‍ ലോക്‌സഭയുടെ കാലാവധി കഴിയുന്നതോടെ ചരമമടയാറാണ് പതിവ്. ഇപ്പോള്‍ അന്നാ ഹസാരെയെപ്പോലുള്ള സാമൂഹിക പ്രവര്‍ത്തകരുടെ പ്രക്ഷോഭത്തെത്തുടര്‍ന്നാണ് ചില ന്യൂനതകളോടെയെങ്കിലും ഡിസംബര്‍ അവസാനത്തോടെ പാര്‍ലിമെന്റിന്റെ ഇരു സഭകളും ബില്‍ പാസ്സാക്കുകയും രാഷ്ട്രപതി അംഗീകാരം നല്‍കുകയും ചെയ്തത്. വില്ലേേജാഫീസ് തൊട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് വരെ ഭരണത്തിന്റെ മുഴുവന്‍ തലങ്ങളെയും അഴിമതി ഗ്രസിച്ച സാഹചര്യത്തില്‍ ലോക്പാല്‍ നിയമനത്തിനുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുകയും അതിന്റെ കാര്യക്ഷമത ഉറുപ്പ് വരുത്തുകയും ചെയ്യേണ്ടതുണ്ട്. അതിന് വിഘാതം സൃഷ്ടിക്കുന്ന നീക്കങ്ങളാണ് ഉന്നത കേന്ദ്രങ്ങളില്‍ തന്നെ നടക്കുന്നതെന്നാണ് നരിമാന്റെയും കെ ടി തോമസിന്റെയും രാജിക്കിടയാക്കിയ സാഹചര്യങ്ങളില്‍ നിന്ന് മനസ്സിലാക്കാനാകുന്നത്. ഇതിനെതിരെ സാമൂഹിക നേതൃത്വവും ജനങ്ങളും ജാഗരൂകരാകേണ്ടതുണ്ട്.