Connect with us

Kerala

ഇന്ദിര ആവാസ് യോജന ഭവനപദ്ധതി പാതിവഴിയില്‍ നിലച്ചു

Published

|

Last Updated

തൃശൂര്‍: ഫണ്ട് ലഭിക്കുന്നതില്‍ തടസ്സം നേരിട്ടത് മൂലം സംസ്ഥാനത്ത് ഇന്ദിരാ ആവാസ് യോജന (ഐ എ വൈ) ഭവനപദ്ധതി അവതാളത്തില്‍. ദാരിദ്ര്യരേഖക്ക് താഴെയുള്ള ഭവനരഹിതര്‍ക്ക് വീടുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ പദ്ധതി പ്രകാരം രണ്ട് ലക്ഷം രൂപയാണ് ലഭിക്കുക. ഇതില്‍ 48,500 രൂപയാണ് കേന്ദ്രവിഹിതം. ബാക്കിയുള്ള തുക ബ്ലോക്ക്-ജില്ലാ-ഗ്രാമപഞ്ചായത്തുകള്‍ നല്‍കണം. എന്നാല്‍ ഫണ്ടില്ലെന്ന് കാരണം പറഞ്ഞ് ത്രിതല പഞ്ചായത്തുകള്‍ വിഹിതം നല്‍കാത്തതാണ് പദ്ധതി പ്രതിസന്ധിയിലാകാന്‍ കാരണം. മാര്‍ച്ച് 31 നകം തുക മാറ്റിവെച്ചില്ലെങ്കില്‍ ദരിദ്രവിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട പദ്ധതിക്കുള്ള ധനസഹായം നഷ്ടമാകും. സംസ്ഥാനത്ത് പദ്ധതിക്ക് അപേക്ഷിച്ച പതിനായിരക്കണക്കിന് പേരുടെ സ്വപ്‌നങ്ങളാണ് ഇതോടെ പൊലിയുക.
പദ്ധതി പ്രകാരം 45,738 വീടുകളുടെ നിര്‍മാണത്തിനുള്ള അനുമതിയാണ് കേരളത്തിന് ലഭിച്ചത്. ന്യൂനപക്ഷങ്ങള്‍ക്ക് 47 ശതമാനം, പട്ടികജാതി പട്ടിക വിഭാഗങ്ങള്‍ക്ക് 47 ശതമാനം, പൊതു വിഭാഗത്തിന് ആറ് ശതമാനം എന്നിങ്ങനെയായിരുന്നു കണക്ക്. ഓരോ സംസ്ഥാനത്തെയും ന്യൂനപക്ഷങ്ങളുടെ ജനസംഖ്യയുടെ ആനുപാതികമായിട്ടാണ് വിഹിതം കണക്കാക്കിയത്. ഓരോ വീടിനും 75,000 രൂപ നല്‍കിയിരുന്നത് 2011ലാണ് സംസ്ഥാന സര്‍ക്കാര്‍ രണ്ട് ലക്ഷമായി ഉയര്‍ത്തിയത്.
ഭവനരഹിതര്‍ക്കും ഭൂരഹിതര്‍ക്കുമായി എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയിരുന്ന ഇ എം എസ് ഭവന പദ്ധതി നിര്‍ത്തലാക്കിയതിന് ശേഷമാണ് ഐ എ വൈ പദ്ധതിയുടെ തുക വര്‍ധിപ്പിച്ചത്. വര്‍ധിപ്പിച്ച തുക സര്‍ക്കാറിന് നല്‍കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഇ എം എസ് പദ്ധതി മാതൃകയില്‍ സഹകരണ ബേങ്കുകളില്‍ നിന്നും വായ്പയെടുത്ത് ഉപഭോക്താക്കള്‍ക്ക് നല്‍കാനായിരുന്നു പഞ്ചായത്തുകള്‍ക്കുള്ള നിര്‍ദേശം.
ഇതനുസരിച്ച് വായ്പയെടുക്കുമ്പോള്‍ നാലു ശതമാനം പലിശ നല്‍കുമെന്നും 15 വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പണം തിരിച്ചടക്കുമെന്നും അല്ലാത്ത പക്ഷം ഈ തുകയും പലിശയും സര്‍ക്കാര്‍ തിരികെ നല്‍കാമെന്നുമാണ് അന്നത്തെ സഹകരണ സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് ഈ കരാര്‍ നടപ്പിലാക്കുന്നതിന് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും യാതൊരു സഹകരണവുമില്ലെന്നാണ് ആക്ഷേപം.
അതേസമയം മാസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ ഈയിനത്തില്‍ നാമമാത്രമായ തുക ചില ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് നല്‍കിയെങ്കിലും പദ്ധതി പ്രഖ്യാപിച്ച സാമ്പത്തിക വര്‍ഷത്തിലെ മൂന്നിലൊന്ന് ഗുണഭോക്താക്കള്‍ക്ക് പോലും വിതരണം പൂര്‍ത്തിയാക്കാനായില്ല. പദ്ധതി പ്രഖ്യാപിച്ച് മൂന്ന് സാമ്പത്തിക വര്‍ഷം കടന്നുപോകുമ്പോഴും ഭവനരഹിതര്‍ക്ക് നിര്‍ദേശിച്ച തുകയിപ്പോഴും കടലാസിലൊങ്ങുകയാണ്.