Connect with us

Palakkad

ഊടു വഴിയിലൂടെ അനധികൃത കടത്ത് സജീവമാകുന്നു

Published

|

Last Updated

കൊല്ലങ്കോട്: സംസ്ഥാന അതിര്‍ത്തിയിലെ ഊടു വഴിയിലൂടെ നികുതി വെട്ടിച്ച് അനധികൃത കടത്ത് വീണ്ടും സജീവമാകുന്നു. തോട്ടങ്ങള്‍ക്കകത്തു കൂടിയും അല്ലാതെയുമുള്ള ഊടുവഴികളിലൂടെയും മീങ്കര ഡാമിലെ ജലനിരപ്പ് താഴ്ന്നതോടെ ഡാമിനകത്തുകൂടെയുമാണ് പ്രധാനമായും കടത്ത് നടക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി തമിഴ്‌നാട്ടില്‍ നിന്നും നികുതി വെട്ടിച്ചു കടത്തിയ ഒരു കോഴി ലോറി കൊല്ലങ്കോട് പൊലീസിന്റെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു. വാണിജ്യ നികുതി വകുപ്പിന്റെ സ്‌ക്വാഡ് ആറിന്റെ പരിശോധനക്കിടെ വെട്ടിച്ചു കടന്ന സംഘത്തെയും പൊലീസ് മീങ്കര ഡാം പരിസരത്തു നിന്നും പിടികൂടിയിരുന്നു.
പിടികൂടിയ കോഴിക്ക് വാണിജ്യ നികുതി വകുപ്പ് 2.41 ലക്ഷം രൂപ പിഴചുമത്തി. കൂടാതെ അപമര്യാദയായി പെരുമാറിയതിന് 10,000 രൂപയും പിഴ ഈടാക്കി. ഗോവിന്ദാപുരം, നീളിപ്പാറ, മീങ്കര ഡാം എന്നിവിടങ്ങളിലെ ഊടു വഴികളിലൂടെ വരുന്നവ മുതലമട വഴി വണ്ടിത്താവളം, നന്ദിയോട്, കന്നിമാരി വഴിയാണുകടന്നു പോവുന്നതെന്നു പറയുന്നു.
പലചരക്ക്, കോഴി, മണല്‍, കടല, അരി, ശര്‍ക്കര തുടങ്ങിയവയാണ് ഇതു വഴി പ്രധാനമായും കടത്തുന്നത്. ഇതു കടത്തുന്നതിനായി ബൃഹത്തായ ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഗോവിന്ദാപുരം മേഖലയില്‍ തമിഴ്‌നാടിനകത്തുള്ള പാറമേടുനിന്ന് മീങ്കര ഡാമിനകത്തേക്ക് കയറി അവിടെ നിന്ന് പുതൂര്‍ വിനായക ക്ഷേത്രത്തിനു സമീപത്തു കൂടി കൊല്ലങ്കോട് ഭാഗത്തേക്കും ഒട്ടന്‍ചള്ള വഴി പ്ലാച്ചിമട, വണ്ടിത്താവളം ഭാഗത്തേക്കും പോവുന്നതിനു സൗകര്യം ഉണ്ട്. ഡാമിനകത്തു കൂടെ മുതലമട ഭാഗത്തേക്കും പോവുന്നതിനുള്ള സംവിധാനവും ഇവര്‍ വിനിയോഗിക്കുന്നു. ചെമ്മണാംപതി അതിര്‍ത്തിയിലൂടെയും വന്‍തോതില്‍ കടത്തല്‍ നടക്കുന്നതായി പറയുന്നു. ഈ പരിസരത്തേക്ക് പോലീസ് വരികയാണങ്കില്‍ ആ വിവരം ഉടന്‍ കടത്തുകാര്‍ക്ക് ലഭിക്കുന്നതിനു സംവിധാനമുണ്ട്.

 

Latest