Connect with us

Palakkad

വരള്‍ച്ചാ പ്രതിരോധ നടപടി: അവലോകന യോഗം ആറിന്

Published

|

Last Updated

പാലക്കാട്: ജില്ലയിലെ വരള്‍ച്ചാ പ്രതിരോധ നടപടികള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ആറിന് വൈകിട്ട് 4.30ന് കലക്ടറേറ്റില്‍ അവലോകനയോഗം ചേരും. ജില്ലയില്‍ നിന്നുള്ള എം പി, എം എല്‍ എമാര്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. ആളിയാറില്‍ നിന്നുള്ള ജലവിതരണത്തിലെ അനിശ്ചിതാവസ്ഥയും യോഗത്തില്‍ ചര്‍ച്ച ചെയ്യും.
ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ആളിയാറില്‍ നിന്ന് 850 ദശലക്ഷം ഘനഅടി വെള്ളം മാത്രമേ ലഭിക്കുകയുള്ളൂ. ഇതിനിടെ അധിക ജലം അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോടു തമിഴ്‌നാട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കരാറില്‍ കൂടുതല്‍ വെള്ളം നല്‍കാനാവില്ലെന്ന് സൂചന നല്‍കിയിട്ടുമുണ്ട്. ചിറ്റൂര്‍പ്പുഴയില്‍ ഒരാഴ്ചയെങ്കിലും 3,00,350 ക്യുസെക്‌സ് തോതില്‍ ജലമൊഴുക്ക് നിലനിര്‍ത്തിയില്ലെങ്കില്‍ രണ്ടാം വിള ഉണക്കുഭീഷണിയിലാകും.
ഈ മാസം ലഭ്യമാക്കേണ്ട വെള്ളത്തില്‍ നിന്നാണ് കഴിഞ്ഞ മാസം അധികജലം നല്‍കിയതെന്നാണ് തമിഴ്‌നാടിന്റെ വാദം. കൂടുതല്‍ ജലം ലഭ്യമാക്കാന്‍ തമിഴ്‌നാടുമായി സര്‍ക്കാര്‍ തലത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടറും ജലവിഭവ വകുപ്പും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും നടപടികള്‍ മന്ദഗതിയിലാണ്. മലമ്പുഴ ഉള്‍പ്പെടെയുള്ള ഡാമുകളില്‍ ഇനി കുടിക്കാനുള്ള ജലം മാത്രമാണ് ഉള്ളത്. കഴിഞ്ഞ തവണ മന്ത്രി പങ്കെടുത്ത അവലോകന യോഗത്തില്‍ താത്കാലിക തടയണകളുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
ഭാരതപ്പുഴയില്‍ പലയിടത്തും തടയണകളുടെ നിര്‍മാണം പുരോഗതിയിലാണ്. താത്കാലികമായി പ്രവര്‍ത്തനക്ഷമമാക്കേണ്ട കുടിവെള്ള പദ്ധതികള്‍, പഴയ പദ്ധതികളുടെ അറ്റകുറ്റപ്പണികള്‍ തുടങ്ങിയവ സംബന്ധിച്ച വിശദ റിപ്പോര്‍ട്ടുകളും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. അവലോകനയോഗത്തില്‍ ജനപ്രതിനിധികളുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.