പാലക്കാട്- പൊള്ളാച്ചി ഗേജ് മാറ്റത്തിന് 20 കോടിയുടെ അനുമതി

Posted on: March 4, 2014 11:32 pm | Last updated: March 4, 2014 at 11:32 pm
SHARE

പാലക്കാട്: പാലക്കാട്- പൊള്ളാച്ചി ഗേജ്മാറ്റത്തിന് 20 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ വര്‍ഷത്തെ റയില്‍വേ ബജറ്റില്‍ പാതയിരട്ടിപ്പിക്കലിനും മറ്റുമായി നീക്കിവച്ച തുകയില്‍ പദ്ധതി പൂര്‍ത്തീകരണത്തെ തുടര്‍ന്ന് അധികംവന്ന ഫണ്ട് ഏകോപിപ്പിച്ചാണ് റയില്‍ ചീഫ് അഡ്മിനിസ്‌ട്രേഷന്‍ ഓഫിസര്‍ 20 കോടി രൂപ അനുവദിച്ചത്.
മന്ദഗതിയിലായ ഗേജ്മാറ്റം ഇതോടെ വേഗതയിലാകും. നിര്‍മാണം തടസ്സപ്പെടുമെന്ന ഘട്ടത്തില്‍ പാലക്കാട് റയില്‍ ഡിവിഷന്‍ എ ഡി ആര്‍എമ്മിന്റെ നേതൃത്വത്തില്‍ ഡിവിഷന്‍ അധികാരികള്‍ നടത്തിയ ഇടപെടലുകളാണ് തുക അനുവദിക്കുന്നതിനു കാരണമായത്.
പാലക്കാട്- പൊള്ളാച്ചി ലൈനില്‍ റയില്‍ സര്‍വീസ് നിര്‍ത്തിയിട്ട് അഞ്ച് വര്‍ഷം പിന്നിടുമ്പോഴും പാലക്കാട് മുതല്‍ പൊള്ളാച്ചി വരെയുള്ള ഭാഗത്തെ നിര്‍മാണം നീണ്ടു പോവുകയായിരുന്നു. തമിഴ്‌നാട്ടിലെ ഡിണ്ടിഗല്‍- പഴനി ലൈനില്‍ ഗേജ്മാറ്റം പൂര്‍ത്തിയാക്കി ട്രെയിന്‍ പരീക്ഷണ സര്‍വീസ് നടത്താനിരിക്കുകയാണ്.
പാലക്കാട്- പൊള്ളാച്ചി ഭാഗത്തു പാലങ്ങളുടെയും പ്ലാറ്റ് ഫോമുകളുടെയും അടക്കം നിര്‍മാണം നടത്താനുണ്ട്. ഗേജ്മാറ്റത്തിന്റെ ഭാഗമായി 163 പാലങ്ങളാണ് നിര്‍മിക്കേണ്ടത്. ഇതില്‍ 145 എണ്ണം പൂര്‍ണമായും ആറെണ്ണം ഭാഗികമായും നിര്‍മിച്ചു.12 എണ്ണം പൂര്‍ത്തിയായിട്ടില്ല. ആവശ്യമായ ഫണ്ട് ലഭിക്കുകയാണെങ്കില്‍ ഈ മാസം പാളങ്ങളുടെ പണി പൂര്‍ത്തീകരിക്കാനാണ് കരുതുന്നത്. പാലക്കാട് മുതല്‍ വടകന്നികാപുരം വരെയുള്ള റീച്ചിന്റെയും വടകന്നികാപുരം മുതല്‍ മീങ്കര വരെയുള്ള ഭാഗത്തിന്റെയും വീതി കൂട്ടുന്ന പണി അന്തിമ ഘട്ടത്തിലാണ്.
മീങ്കര മുതല്‍ വടകന്നികാപുരം വരെയുള്ള ഭാഗങ്ങളില്‍ നിലമൊരുക്കം പൂര്‍ത്തിയായി പാളങ്ങള്‍ സ്ഥാപിക്കല്‍ ആരംഭിച്ചു.
മുതലമട, കൊല്ലങ്കോട്, പുതുനഗരം ഉള്‍പ്പെടെയുള്ള സ്‌റ്റേഷനുകളില്‍ പ്ലാറ്റുഫോമുകളുടെ ഷെല്‍ട്ടര്‍ നിര്‍മാണവും നടക്കുന്നു. മുതലമട റയില്‍വേ സ്‌റ്റേഷന് സമീപവും മന്ദത്ത്കാവും ഓവര്‍ ബ്രിജ് നിര്‍മാണം ആരംഭിച്ചു. പാലക്കാട് ഇംഗ്ലിഷ് ചര്‍ച്ച് റോഡില്‍ ഓവര്‍ ബ്രിജ് നിര്‍മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ സഹകരണം കൂടി ആവശ്യമാണ്. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഗേജ്മാറ്റത്തിനായി 2004ലാണ് സര്‍വേ ആരംഭിച്ചത്.
2008ല്‍ റയില്‍ സര്‍വീസ് നിര്‍ത്തിവക്കുമ്പോള്‍ 158 കോടി രൂപയാണ് ചെലവ് പ്രതീക്ഷിച്ചത്.
എന്നാല്‍, പണി പൂര്‍ത്തീകരിക്കാന്‍ ഇതിന്റെ ഇരട്ടിയിലധികമാണ് വിനിയോഗിക്കേണ്ടി വരിക.