ഭക്ഷണം ജന്മാവകാശമാക്കുന്നതോടെ ഭക്ഷ്യവിതരണ ശൃംഖല സുതാര്യമാവും: കെ വി തോമസ്

Posted on: March 4, 2014 10:15 pm | Last updated: March 4, 2014 at 10:15 pm
SHARE

കല്‍പ്പറ്റ: ഭക്ഷ്യസുരക്ഷാനിയമം പ്രാവര്‍ത്തികമാകുന്നതോടെ ഭക്ഷണം ജന്മാവകാശമാകുമെന്നും അതോടെ ഭക്ഷ്യവിതരണശൃംഖല കൂടുതല്‍ സുതാര്യമാവുമെന്നും കേന്ദ്രമന്ത്രി കെ വി തോമസ്.
കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ 14 സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാനിയമം നടപ്പിലാക്കിയിട്ടുണ്ട്.
കേരളത്തില്‍ ഈ നിയമം പ്രാവര്‍ത്തികമാകുന്നതോടെ ഭക്ഷ്യവിതരണ ശൃംഖല സുതാര്യമാവും. നിലവില്‍ ഏകദേശം 25 ശതമാനത്തോളം ഭക്ഷ്യധാന്യങ്ങള്‍ പുറത്തേക്ക് പോവുന്നുണ്ട്. ഇത് തടയാന്‍ ഈ നിയമം കൊണ്ട് സാധിക്കും. റേഷന്‍വ്യാപാരികളുടെ കമ്മീഷന്‍ വര്‍ദ്ധിക്കുകയും ഭക്ഷ്യവിതരണത്തില്‍ പഞ്ചായത്ത് മുഖേന സോഷ്യല്‍ ഓഡിറ്റിംഗ് നടപ്പിലാക്കാനും സാധിക്കും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്ക് എതിരല്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കേണ്ട അധികാരം സുപ്രീംകോടതിക്കും ഹരിത ട്രിബ്യൂണലിനുമാണ്. പ്രകൃതിയെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണ്. 44 നദികള്‍ കേരളത്തിലുണ്ടായിട്ടും ആവശ്യത്തിന് കുടിവെള്ളമില്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്. കരട് വിജ്ഞാപനം നിലവില്‍ വരുമ്പോള്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാടുകളുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അഭ്യൂഹങ്ങളല്ല മറിച്ച് സത്യമാണ് മാധ്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കേണ്ടതെന്ന് കേന്ദ്രമന്ത്രി കെ വി തോമസ്. കല്‍പ്പറ്റയില്‍ വയനാട് പ്രസ്സ് ക്ലബ്ബിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴയകാലത്തെ മാധ്യമപ്രവര്‍ത്തകരുടെ വാര്‍ത്തകള്‍ ബൈബിള്‍ പോലെയാണ്. എന്നാല്‍ ഇന്ന് ദൃശ്യമാധ്യങ്ങള്‍ നടത്തുന്ന കിടമത്സരത്തില്‍ സത്യങ്ങള്‍ കാതങ്ങളോളം അകലെ പോവുന്ന അവസ്ഥയാണ്. ചാനലുകള്‍ ഭൂരിഭാഗവും ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. രാഷ്ട്രീയക്കാരാണ് ചാനലുകളിലെ അത്തരം കഥാപാത്രങ്ങള്‍. അത്രമാത്രം താഴ്ന്നതല്ല രാഷ്ട്രീയജീവിതമെന്ന് മാധ്യമങ്ങള്‍ ആലോചിക്കണം.
ജനങ്ങള്‍ വിധി നിര്‍ണയിച്ചാണ് രാഷ്ട്രീയക്കാര്‍ ജയിച്ചുകയറുന്നത്. എന്നാല്‍ ജുഡീഷ്യറിയിലും എക്‌സിക്യുട്ടീവിന്റെയും സ്ഥിതി അതല്ല. എന്നാല്‍ തെറ്റ് ചെയ്യുന്നവരാരാണെങ്കിലും ജനങ്ങള്‍ മുമ്പില്‍ കൊണ്ടുവരണം. വിവരാവകാശനിയമം കൊണ്ടുവന്നത് യു പി എ സര്‍ക്കാരാണ്. മാധ്യമപ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രമാവേണ്ട കാലം അതിക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വയനാടിനെ സംബന്ധിച്ച് പറയുകയാണെങ്കില്‍ നക്‌സലൈറ്റ് പ്രസ്ഥാവനങ്ങളടക്കമുള്ള കാലഘട്ടത്തില്‍ വാര്‍ത്തയിലൂടെ നിരവധി കാര്യങ്ങള്‍ പുറംലോകത്തെത്തിച്ചതിന്റെ ചരിത്രം മാധ്യമപ്രവര്‍ത്തനത്തിലൂടെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസ്സ്‌ക്ലബ്ബ് ലൈബ്രറിയുടെ ഉദ്ഘാടനം എം ഐ ഷാനവാസ് എം പി നിര്‍വഹിച്ചു.
നഗരസഭാ ചെയര്‍മാന്‍ പി പി ആലി അധ്യക്ഷനായിരുന്നു. മണ്‍മറഞ്ഞ പത്രപ്രവര്‍ത്തകരുടെ ഫോട്ടോ അനാഛാദനം കെ സി രാജഗോപാല്‍ നിര്‍വഹിച്ചു. മുന്‍കാല പത്രപ്രവര്‍ത്തകരെ ആദരിക്കല്‍ കെ യു ഡബ്ല്യു ജെ സംസ്ഥാന ജനറല്‍ സെക്രട്ടറി എം പത്മനാഭന്‍ നിര്‍വ്വഹിച്ചു. പി കെ അനില്‍കുമാര്‍, കെ യു ഡബഌു ജെ സംസ്ഥാന വൈസ് പ്രസിഡന്റ് വി ജി വിജയന്‍, ഒ കെ ജോണി, എത്സര്‍, വിവിധ രാഷ്ട്രീയപ്രതിനിധികള്‍, സാമൂഹ്യസാംസ്‌ക്കാരികമേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.