Connect with us

Gulf

ജോലിക്കാരെ കാന്‍സല്‍ ചെയ്യാതെ അടച്ചുപൂട്ടിയ സ്ഥാപനങ്ങള്‍ക്ക് കനത്ത പിഴ

Published

|

Last Updated

അബൂദാബി: സ്വന്തം വിസയിലുള്ള ജോലിക്കാരുടെ വിസ ക്യാന്‍സല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാതെ അടച്ചുപൂട്ടിയ സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടികളുമായി തൊഴില്‍ മന്ത്രാലയം. ഇത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പരിശോധനകളും മന്ത്രാലയം ശക്തമാക്കി.
വിസയിലുള്ള ജോലിക്കാര്‍ രാജ്യത്തുണ്ടായിരിക്കെ അവരെ നിയമപരമായി ക്യാന്‍സല്‍ ചെയ്ത് തിരിച്ചയക്കുകയോ മറ്റൊരു ജോലിയിലേക്ക് പ്രവേശിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യാതെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയവര്‍ക്കെതിരെയാണ് കടുത്ത നടപടിയെടുക്കുന്നത്.
ഇത്തരത്തിലുള്ള മൂന്ന് സ്ഥാപന ഉടമകള്‍ക്കെതിരെ 10 ലക്ഷം ദിര്‍ഹമാണ് മന്ത്രാലയം പിഴ വിധിച്ചത്. പരിശോധനയില്‍ പ്രവര്‍ത്തന രഹിതമായും അടച്ചിട്ടതായും ബോധ്യപ്പെട്ട സ്ഥാപനങ്ങള്‍ക്കെതിരെ മന്ത്രാലയം നേരിട്ട് പ്രോസിക്യൂഷനെ സമീപിക്കുകയായിരുന്നു. ക്യാന്‍സല്‍ ചെയ്യപ്പെടാത്ത ജോലിക്കാര്‍ സ്ഥാപനത്തിന്റെ പേരിലുണ്ടെന്നറിഞ്ഞായിരുന്നു സ്ഥാപനങ്ങള്‍ക്കെതിരെ മന്ത്രാലയം നിയമനടപടികളുമായി മുന്നോട്ട് പോയത്.
ഓയില്‍ ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരത്തിലുള്ള ഒരു സ്ഥാപനത്തിനെതിരെ മന്ത്രാലയം പിഴ വിധിച്ചത് നാലര ലക്ഷം ദിര്‍ഹമാണ്. മര ഉരുപ്പടി നിര്‍മ്മിക്കുന്ന ഒരു സ്ഥാപനത്തിനെതിരെ രണ്ടു ലക്ഷവും മാര്‍ബിള്‍ കച്ചവടം നടത്തുന്ന സ്ഥാപനത്തിനെതിരെ മൂന്നര ലക്ഷം ദിര്‍ഹമുമാണ് മന്ത്രാലയം പിഴ ചുമത്തിയിരിക്കുന്നത്.
നിലവില്‍ രാജ്യത്തുള്ള തൊഴില്‍ നിയമമനുസരിച്ച്, വിസക്കാരനായ ഒരാള്‍ ഉണ്ടായിരിക്കെ, അയാളെ കാന്‍സല്‍ ചെയ്യാതെ സ്ഥാപനം അടച്ചുപൂട്ടുന്ന ഉടമക്കെതിരെ അമ്പതിനായിരം ദിര്‍ഹം പിഴ ചുമത്താന്‍ ബന്ധപ്പെട്ട കോടതികള്‍ക്ക് അവകാശമുണ്ട്. ക്യാന്‍സല്‍ ചെയ്യപ്പെടാത്ത തൊഴിലാളികളുടെ എണ്ണമനുസരിച്ച് അമ്പതിനായിരം വീതം പിഴ ചുമത്തപ്പെടുമെന്നും നിയമം അനുശാസിക്കുന്നു.
തൊഴില്‍ മന്ത്രി സഖര്‍ ബിന്‍ ഗര്‍ബാശിന്റെ പ്രത്യേക നിര്‍ദേശമനുസരിച്ചാണ് തൊഴിലാളികളെ ക്ലിയര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടികളുമായി മുമ്പോട്ടുപോകുന്നതെന്ന് തൊഴില്‍ പരിശോധനാ വിഭാഗം ഡയറക്ടര്‍ മുഹ്‌സിന്‍ അലി അല്‍ നസി പറഞ്ഞു.
തൊഴിലുടമകളുടെ സുരക്ഷയും നിലനില്‍പ്പും പരിഗണിക്കുന്നതോടൊപ്പം തന്നെ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും മന്ത്രാലയം മുന്തിയ പരിഗണന നല്‍കുന്നുണ്ടെന്നും അല്‍ നസി പറഞ്ഞു. തൊഴിലാളികളെ കഷ്ടപ്പെടുത്തുന്നവരെ എന്തുവിലകൊടുത്തും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും അല്‍ നസി അറിയിച്ചു.

 

Latest