Connect with us

Gulf

സ്വദേശികള്‍ക്ക് സ്മാര്‍ട്ട് സിറ്റിയുമായി ദുബൈ നഗരസഭ

Published

|

Last Updated

ദുബൈ: അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ദുബൈ നഗരസഭ നടപ്പാക്കാനുദ്ദേശിക്കുന്ന വ്യത്യസ്തവും വന്‍തുക ചിലവ് വരുന്നതുമായ ഭാവി പദ്ധതികളെ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് മല്‍ മക്തൂം വിലയിരുത്തി.
പൊതുജന സേവനം, നഗര വികസനം, നഗര ഭംഗി എന്നീ വിവിധ മേഖലകളിലായി നഗരസഭ നടപ്പാക്കാനുദ്ദേശിക്കുന്ന ഭാവി പദ്ധതിയാണിത്. 2,000 കോടി ദിര്‍ഹം ചെലവു വരുന്നതാണ്. 2020ഓടെ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി.
നഗരസഭയുടെ ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയ ശൈഖ് മുഹമ്മദിന് നഗരസഭ ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഹുസൈന്‍ നാസര്‍ ലൂത്താ ഭാവി പദ്ധതികള്‍ വിശദീകരിച്ചുകൊടുത്തു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമടക്കം പ്രമുഖര്‍ സന്ദര്‍ശനവേളയില്‍ ശൈഖ് മുഹമ്മദിനെ അനുഗമിച്ചു. ഭാവി പദ്ധതിയില്‍ ഏറ്റവും പ്രധാനമായത് നഗരസഭ മുന്നോട്ടുവെക്കുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിയാണ്. സ്വദേശികള്‍ക്ക് മാത്രം താമസിക്കാന്‍ സൗകര്യപ്പെടുത്തുന്ന നഗര പദ്ധതിയാണിത്. അല്‍ അവീര്‍ റൗണ്ട് എബൗട്ടിനു സമീപം ഡസേര്‍ട്ട് ഫഌവര്‍ ചെടിയുടെ ആകൃതിയിലായിരിക്കും സ്മാര്‍ട്ട് സിറ്റി നിര്‍മ്മിക്കുക. പതിനാലായിരം ഹെക്ടര്‍ സ്ഥലമാണ് ഈ പദ്ധതിക്കായി ഉപയോഗപ്പെടുത്തുക.
2020 ഓടെ പണിപൂര്‍ത്തിയാകുന്ന സിറ്റിയില്‍ മൊത്തം ഇരുപതിനായിരം വീടുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി പ്രദേശത്തിനു ചുറ്റും ആകര്‍ഷകമായ രീതിയില്‍ ഗ്രീന്‍ ബെല്‍റ്റ് നിര്‍മിക്കും.
അങ്ങേയറ്റം ആരോഗ്യകരവും വൃത്തിയുള്ളതും അതിലുപരി സ്മാര്‍ട്ട് പരിസ്ഥിതിയും ഉള്ളതായിരിക്കും പുതിയ സിറ്റി. നഗരത്തിനു മാത്രമായി യാത്രാ സംവിധാനങ്ങളും മറ്റു പ്രാഥമിക സൗകര്യങ്ങളുമൊരുക്കും. പുതിയ സിറ്റിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകാതെ ആരംഭിക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ തന്നെ പ്രഥമ സംരംഭമായ ബോട്ട് മാര്‍ക്കറ്റാണ് നഗരസഭ നടപ്പാക്കാനുദ്ദേശിക്കുന്ന മറ്റൊരു പദ്ധതി. മറൈന്‍ സ്‌പോര്‍ട്‌സില്‍ താല്‍പര്യമുള്ളവരെ മാത്രം ലക്ഷ്യം വെച്ചുള്ളതാണ് ഇത്. വിവിധ തരം ബോട്ടുകളും മത്സ്യബന്ധന സാമഗ്രികളും നിര്‍മിക്കാനും വില്‍പനക്കുമുള്ള ലോകോത്തര കേന്ദ്രം കൂടിയായിരിക്കും നിര്‍മിക്കാനുദ്ദേശിക്കുന്ന ബോട്ട് മാര്‍ക്കറ്റ്.

---- facebook comment plugin here -----

Latest