കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം; എത്ര വലിയ അന്വേഷണത്തിനും തയ്യാറെന്ന് ആര്യാടന്‍

Posted on: March 4, 2014 12:33 pm | Last updated: March 4, 2014 at 12:33 pm
SHARE

ARYADANമലപ്പുറം: നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ ഏത് വലിയ ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിക്കാനും തയ്യാറാണെന്ന് ഊര്‍ജമന്ത്രി ആര്യാടന്‍ മുഹമ്മദ്. മലപ്പുറത്ത് നടന്ന ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കോണ്‍ഗ്രസ് ഓഫീസില്‍ ഇത്തരം ഒരു കൊലപാതകം നടന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ ഉടനെ പ്രതികളെ കണ്ടെത്താനും അവരുടെ പേരില്‍ കേസെടുക്കാനും അറസ്റ്റ് ചെയ്യാനും സാധിച്ചത് ഈ സര്‍ക്കാരിന്റെ നേട്ടമായി കാണണം.
അന്വേഷണത്തിന് ഐ ജി വേണമെന്ന് പിണറായി പറഞ്ഞു. അങ്ങനെ ഐ ജി അന്വേഷിച്ചു. അപ്പോള്‍ മുന്‍ ആഭ്യന്തര മന്ത്രി കൊടിയേരി പറഞ്ഞു വനിതാ ഐ ജി വേണമെന്ന്. വനിതാ ഐജിയില്ലാത്തതിനാല്‍ അതിന്റെ മേലെയുള്ള എ ഡി ജി പിയെ വെച്ചു. കോണ്‍ഗ്രസിലെ എത്രവലിയ പ്രവര്‍ത്തകനാണെങ്കിലും കോടതിയുടെ മുമ്പില്‍ പോയി സി പി എമ്മിനെ പോലെ ഒഴിവാക്കണമെന്ന് പറയില്ലെന്നും മന്ത്രി പറഞ്ഞു. നമ്മുടെ നാട് ഫാസിസത്തിന് ഒരിക്കലും അടിയറവ് വെക്കാന്‍ പാടില്ല. രാജ്യത്തെ ജനാധിപത്യവും മതേതരത്വവും സോഷിലിസവും പൂര്‍ണമായും സംരക്ഷിക്കണമെങ്കില്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. വര്‍ഗീയ ശക്തികളുടെ കൈകളിലേക്ക് രാജ്യത്തിന്റെ ഭരണം പോകുന്നത് വളരെ അപകടമാണെന്നും അദ്ദേഹം പറഞ്ഞു.