മൈലാടി മാലിന്യ പ്ലാന്റ് സമരത്തിന് ഒരാണ്ട്‌

Posted on: March 4, 2014 12:55 pm | Last updated: March 4, 2014 at 12:21 pm
SHARE
myladi
കോട്ടക്കല്‍ മൈലാടി പ്ലാന്റിലെ മാലിന്യക്കൂമ്പാരം (ഫയല്‍ചിത്രം)

കോട്ടക്കല്‍: ജനങ്ങളെ ദുരിതത്തിലാക്കി നഗരമാലിന്യങ്ങള്‍ പൂര്‍ണമായും എത്തിച്ചിരുന്ന കോട്ടക്കല്‍ മൈലാടിയിലെ മാലിന്യ പ്ലാന്റിനെതിരെയുളള സമരത്തിന് നാളെ ഒരാണ്ട് പൂര്‍ത്തിയാകും. ടണ്‍ കണക്കിന് മാലിന്യങ്ങള്‍ സംസ്‌കരിക്കാതെ കുന്ന് കൂടിയതിനെ തുടര്‍ന്ന് പരിസരത്തെ ജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ട് തുടങ്ങിയതോടെയാണ് നാട്ടുകാര്‍ സംഘടിച്ചത്.

അധികൃതര്‍ക്ക് മുമ്പില്‍ പ്രശ്‌നങ്ങള്‍ നിരത്തിയിട്ടും പരിഹാരമില്ലാതെ വന്നതോടെ പ്ലാന്റിലേക്ക് മാലിന്യം എത്തിക്കുന്ന വാഹനം നാട്ടുകാര്‍ തടയുകയായിരുന്നു. ഇതോടെ പോലീസിനെയും ഗുണ്ടകളെയും ഇറക്കി സമരക്കാരെ അടിച്ചൊതുക്കാന്‍ ശ്രമിച്ചത് മൈലാടി സമരത്തിന് ചരിത്രത്തിലിടം നേടിക്കൊടുത്തു. അടിച്ചൊതുക്കലിനെതിരെ ചെറുത്തുനിന്ന നാട്ടുകാര്‍ക്ക് വിവിധ തലങ്ങളില്‍ നിന്നും പിന്തുണയുമായി ആളുകള്‍ എത്തിയതോടെ സമരമുഖം മാറി.
ആദ്യഘട്ടത്തില്‍ നഗരസഭ അധികൃതരും പിന്നീട് സര്‍ക്കാര്‍ തലത്തിലും ചര്‍ച്ചക്ക് അവസരം ഒരുങ്ങി. നിലപാടില്‍ ഉറച്ച് സമരസമിതി നീങ്ങിയതോടെ നഗരസഭ അധികൃതര്‍ പത്തി മടക്കി. മാലിന്യം നീക്കണമെന്നും പ്ലാന്റ് മൈലാടിയില്‍ അനുവദിക്കില്ലെന്നുമായിരുന്നു സമരക്കാരുടെ നിലപാട്. ഇതെ തുടര്‍ന്ന് ആര്‍ ഡി ഒയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നു. നിലപാട് ആവര്‍ത്തിച്ചതോടെ ഇതിനുള്ള നീക്കങ്ങളുണ്ടായി. പക്ഷേ, നഗരസഭക്ക് വാക്ക് പാലിക്കാനായില്ല.
ഇതിനെതിരെ നരഗസഭക്ക് മുമ്പില്‍ ഉപരോധം തീര്‍ത്തു. എന്നിട്ടും ഫലം കാണാതെ വന്നതോടെ ഇന്ത്യനൂര്‍ അങ്ങാടിയില്‍ ഹര്‍ത്താല്‍ ആചരിച്ചു. സമരത്തിനും ഹര്‍ത്താലിനും രാഷ്ട്രീയ നിറം മറന്ന പൂര്‍ണപിന്തുണയായിരുന്നു നാട്ടുകാരുടെ പക്ഷത്ത് നിന്ന്. ഇതിനിടയില്‍ ജില്ലാ കലക്ടറും ഇടപ്പെട്ടു. ഒരുമാസത്തിനകം പ്ലാന്റിലേയും പരിസരത്തേയും മാലിന്യം നീക്കം ചെയ്യാനായിരുന്നു നിര്‍ദേശം.
ഇതെ തുടര്‍ന്ന് നഗരസഭ നടത്തിയ നീക്കവും പാഴ് വേലയായി. ടണ്‍കണക്കിന് മലിന്യങ്ങള്‍ പ്ലാന്റിന്റെ പരിസരത്ത് കുഴിച്ചുമൂടിയിരുന്നു. ഇത് എടുത്തുമാറ്റാനെത്തിയ തൊഴിലാളികള്‍ പോലും തോറ്റ് മടങ്ങുന്നതാണ് കാണാനായത്. സമരക്കാരെ അടിച്ചൊതുക്കാന്‍ നടത്തിയ ശ്രമമാണ് സമരത്തിന് തീവ്രത പകര്‍ന്നത്. മുസ്്‌ലിം ലീഗ് ഒഴികെയുള്ള രാഷ്ട്രീയ രംഗത്തെ ഉന്നതരാണ് സമരസമിതിയുടെ പന്തലിലെത്തിയിരുന്നത്. വിവിധ മത സംഘടനകളും പിന്തുണ അറിയിച്ചു. സമരം ശക്തമായി തുടരുന്നതിനിടയില്‍ അവസാന കൈ എന്ന നിലയില്‍ നഗരസഭ മൊബൈല്‍ ഇന്‍സിനേറ്റര്‍ പരീക്ഷിക്കുകയായിരുന്നു. ഇതിനായി തിരുവനന്തപുരത്ത് നിന്നും ശുചിത്വ മിഷന്റെ മൊബൈല്‍ ഇന്‍സിനേറ്റര്‍ വരുത്തി പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഫലമുണ്ടായില്ല. നാല് ലക്ഷം രൂപ ഈ ഇനത്തില്‍ നഗരസഭക്ക് ചെലവായി. ഇന്‍സിനേറ്റര്‍ മാറ്റിക്കിട്ടിയിരുന്നെങ്കിലെന്ന് നഗരസഭ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
മാസങ്ങള്‍ക്ക് മുമ്പ് എത്തിച്ച ഇന്‍സിനേറ്റര്‍ ഉപകാരമില്ലാതെ പ്ലാന്റ് വളപ്പില്‍ തുരുമ്പെടുക്കുകയാണ് ഇപ്പോള്‍. സമര രംഗത്ത് ഉറച്ച് നില്‍ക്കാന്‍ തന്നെയാണ് ജനകീയ സമര സമിതിയുടെ തീരുമാനം. ജനങ്ങളെ ദുരിതത്തിലാക്കുന്ന പ്ലാന്റ് മൈലാടിയില്‍ അനുവദിക്കില്ലെന്നാണ് സമരക്കാരുടെ നിലപാട്. നിലവില്‍ നഗരത്തില്‍ നിന്നും നീക്കിയിരുന്ന മാലിന്യങ്ങള്‍ ഇതിനിടയില്‍ നഗരസഭ നിര്‍ത്തിവെച്ചിരുന്നു. കച്ചവടക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശവും നല്‍കി. സ്വന്തം നിലയില്‍ മാലിന്യം സംസ്‌കരിക്കണമെന്നായിരുന്നു അറിയിപ്പ്. കാലങ്ങളായി ആവര്‍ത്തിച്ചിട്ടും ഫലം കാണാതിരുന്ന നിര്‍ദേശം ഒരാഴ്ച്ച കൊണ്ട് ടൗണില്‍ പ്രാവര്‍ത്തികമായി.
ശേഷിക്കുന്ന മാലിന്യങ്ങളുടെ സംസ്‌കരണത്തിനായി നഗരസഭ ഇന്‍സിനേറ്റര്‍ വിലക്കെടുത്തു. നഗരസഭയുടെ ഹാളിന് മുമ്പില്‍ സ്ഥാപിച്ച ഇതിലാണിപ്പോള്‍ ടൗണിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നത്. ഒന്നുകൂടി സ്ഥാപിക്കുന്നതിന് കഴിഞ്ഞ ബജറ്റില്‍ 7.5ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. സമവായമുണ്ടാക്കി മൈലാടിയില്‍ സ്ഥാപിക്കാനാണ് തീരുമാനം. എന്നാല്‍ മൈലാടിയിലേക്ക് ഇനി മാലിന്യം കടത്തില്ലെന്നാണ് സമരത്തിന് നേതൃത്വം നല്‍കുന്ന ജനകീയ കമ്മിറ്റിയുടെ നിലപാട്.