ജില്ലയില്‍ ഗുണനിലവാരമില്ലാത്ത ഐസ് നിര്‍മാണം വ്യാപകം

Posted on: March 4, 2014 11:37 am | Last updated: March 4, 2014 at 11:37 am
SHARE

കോട്ടക്കല്‍: കുട്ടികളെ ലക്ഷ്യമിട്ട് നിര്‍മിക്കുന്ന ഐസ് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. വൃത്തിഹീനമായ സ്ഥലങ്ങളിലും വേണ്ട മുന്‍കരുതലുകളില്ലാതെയുമാണ് ഇവ നിര്‍മിക്കുന്നത്. കുട്ടികളെ ആകര്‍ഷിക്കാനായി വിവിധ നിറങ്ങളില്‍ പുറത്തിറക്കുന്ന ഐസുകള്‍ പ്ലാസ്റ്റിക്ക് കവറുകളിലാക്കിയാണ് വില്‍പന നടത്തുന്നത്.
വേനല്‍ തുടങ്ങിയതോടെ ഗ്രാമ പ്രദേശങ്ങളില്‍ ഇതിന്റെ നിര്‍മാണവും വില്‍പ്പനയും വ്യാപകമായിട്ടുണ്ടെങ്കിലും ആരോഗ്യവകുപ്പ് അധികൃതര്‍ ഈഭാഗത്തേക്ക് ശ്രദ്ധിച്ചിട്ടുപോലുമില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി രോഗങ്ങള്‍ക്കും ആപത്തുകള്‍ക്കും ഇടവരുത്തിയതാണ് ഇത്തരം ഐസുകള്‍. കാലങ്ങളായി അന്യസംസ്ഥാനത്തെ ആളുകളാണ് ഇവ വില്‍പ്പന നടത്തിവരുന്നത്.
കോലില്‍ കുത്തിയുള്ളതും, ഐസ്‌ക്രീമും ഇത്തരത്തില്‍ വില്‍പന നടത്തിവരുന്നുണ്ട്. ഇവയില്‍ ചേര്‍ക്കുന്ന കടുത്ത നിറങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുന്നത്്. ചില ഇനം ചേരുവകളും വില്ലനാകുന്നുണ്ട്. ലൈസന്‍സോ മറ്റ് നിയമ വകുപ്പുകളൊ ഇല്ലാതെ നിര്‍മിച്ച് പിപണനം നടത്തി വരുന്ന ഇവ പലയിടങ്ങളിലും വൃത്തിഹീനമായ ചുറ്റുപാടിലാണ് നിര്‍മിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിയതോടെ ഇവയുടെ നിര്‍മാണം പാലക്കാട് ജില്ലയിലേക്ക് മാറ്റിയിരുന്നു.
ഇവിടെ നിന്നും സൈക്കിളുകളിലും മറ്റും എത്തിച്ചാണ് വില്‍പ്പന നടത്തിയിരുന്നത്. ഇതിനിടയില്‍ തന്നെയാണ് പ്ലാസ്റ്റിക്ക് കവറുകളിലാക്കിയുള്ള ഐസുകളും വ്യാപകമായത്. വീടുകളിലും കോര്‍ട്ടേഴ്‌സുകളിലും വെച്ച് നിര്‍മിക്കുന്ന ഇവയുടെ ആരോഗ്യ പ്രശ്‌നം അധികൃതര്‍ പരിശോധിക്കുന്നില്ല. കഴിഞ്ഞ ദിവസം ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ പ്ലാസ്റ്റിക്ക് കവറിലെ ഐസ് കഴിച്ച കുട്ടികള്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടായിരുന്നു. ഊരും പേരുമില്ലാതെ നിര്‍മിച്ചവയായിരുന്നു ഇത്.
ഇത്തരത്തിലുള്ള ഐസുകളുടെ നിര്‍മാണവും വില്‍പ്പനയും പലയിടങ്ങളിലും വ്യാപകമായി തുടങ്ങിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ പരിശോധനക്ക് വിധേയമാക്കാതെയാണ് ഇവ വില്‍ക്കപ്പെടുന്നത്. ഗ്രാമ പ്രദേശങ്ങളിലും സ്‌കൂള്‍ പരിസരങ്ങളിലുമാണ് ഇവ വില്‍ക്കപ്പെടുന്നത്.