Connect with us

Kozhikode

കൊയിലാണ്ടി നഗരസഭയില്‍ ഒട്ടേറെ വികസന പദ്ധതികള്‍

Published

|

Last Updated

കൊയിലാണ്ടി: കുടിവെള്ളം, മാലിന്യ സംസ്‌കരണം, ശുചീകരണം എന്നിവക്ക് പ്രാധാന്യം നല്‍കുന്ന നഗരസഭാ ബജറ്റ് വൈസ് ചെയര്‍മാന്‍ ടി കെ ചന്ദ്രന്‍ അവതരിപ്പിച്ചു.
സമഗ്ര തെങ്ങ് കൃഷി വികസനത്തിന് 20 ലക്ഷം, കാര്‍ഷിക യന്ത്രവത്കരണ പദ്ധതിക്ക് 4,10,000 രൂപ, പച്ചക്കറി കൃഷിക്ക് 3,75,000 രൂപ. പമ്പ് സെറ്റ് നല്‍കാന്‍ ഒരു ലക്ഷം ഉള്‍പ്പെടെ കൃഷിക്കും അനുബന്ധ മേഖലക്കും 37,96,000 രൂപ നീക്കിവെച്ചിട്ടുണ്ട്. മൃഗ സംരക്ഷണ- മത്സ്യബന്ധന മേഖലക്ക് ബജറ്റ് ഊന്നല്‍ നല്‍കിയിട്ടുണ്ട്. മത്സ്യബന്ധന മേഖലയില്‍ തൊഴിലാളികളുടെ മക്കള്‍ക്ക് പഠനോപകരണ വിതരണത്തിനായി എട്ട് ലക്ഷവും മത്സ്യത്തൊഴിലാളികള്‍ക്ക് ചെറുതോണി, വല വിതരണത്തിനായി പത്ത് ലക്ഷം രൂപയും മാറ്റിവെച്ചിട്ടുണ്ട്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ മുന്തിയ പരിഗണന നല്‍കിയിട്ടുണ്ട്്. വിധവാ പുനരധിവാസ പദ്ധതിക്ക് 72 ലക്ഷം രൂപ നീക്കിവെച്ചു. ടൗണ്‍ കുടിവെള്ള പദ്ധതിക്ക് 25 ലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ട്.
റോഡ് വികസനം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്ക് ആറ് കോടി വകയിരുത്തി. നഗരസഭാ ഓഫീസ് സുതാര്യമാക്കാന്‍ അഞ്ച് കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കും. ഓഫീസ് നവീകരണത്തിനായി ലോക ബേങ്ക് ഫണ്ടില്‍നിന്ന് 30 ലക്ഷം മാറ്റിവെക്കും. നഗരസഭയുടെ വികസന മുന്നേറ്റങ്ങള്‍ നിലനിര്‍ത്താനും പുതിയ ലക്ഷ്യത്തിലേക്ക് കുതിക്കാനുമുതകുന്ന നിര്‍ദേശങ്ങളും കാഴ്ചപ്പാടുകളുമാണ് ബജറ്റ് മുന്നോട്ടുവെക്കുന്നതെന്ന് വൈസ് ചെയര്‍മാന്‍ പറഞ്ഞു.