വിജിലന്‍സ് റെയ്ഡ്; നാല് പേര്‍ക്കെതിരെ നടപടി

Posted on: March 4, 2014 10:44 am | Last updated: March 4, 2014 at 10:44 am
SHARE

പാലക്കാട്: വേലന്താവളം ആര്‍ ടി ഒ ചെക്ക്‌പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 66,000 രൂപ കണ്ടെടുത്തു.
സംഭവത്തില്‍ മൂന്ന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് നല്‍കും. ഉദ്യോഗസ്ഥരുടെ ഏജന്റുമാരായി പ്രവര്‍ത്തിച്ച രണ്ടുപേരില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. ഇതില്‍ ഒരാള്‍ ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം പാകംചെയ്യുന്നയാളാണ്. ഞായറാഴ്ച അര്‍ധരാത്രിയാണ് വിജിലന്‍സ് സംഘം ചെക്ക്‌പോസ്റ്റില്‍ പരിശോധനക്ക് എത്തിയത്. ഉദ്യോഗസ്ഥര്‍ വാങ്ങുന്ന കൈക്കൂലി പണം ആയിരം തികയുമ്പോള്‍ ഏജന്റുവശം നല്‍കുന്നതായിരുന്നു രീതി.
ഇപ്രകാരം കൈപ്പറ്റിയ 39,000 രൂപയുമായിഏജന്റായി പ്രവര്‍ത്തിച്ചിരുന്ന വാളയാര്‍ സ്വദേശി നാരായണസ്വാമിയെ(40) പിടികൂടി. തുടര്‍ന്ന് മറ്റൊരു ഏജന്റും പാചകക്കാരനുമായ തേങ്കുറിശ്ശി വിളയന്‍ചാത്തനൂര്‍ മോഹനന്റെ(46) താമസസ്ഥലത്തു നടത്തിയ പരിശോധനയില്‍ 27,000 രൂപയും കണ്ടെടുത്തു. പരിശോധനാ സമയത്ത് ചെക്ക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ എം വി ഐമാരായ അജിത്ത്കുമാര്‍, മുഹമ്മദ് ഷെഫീന്‍, ജിന്‍സ് ജോര്‍ജ് എന്നിവര്‍ക്കും പ്യൂണ്‍ സന്തോഷിനും എതിരെയാണ് നടപടിക്ക് ശിപാര്‍ശ ചെയ്യുന്നത്.
പണം വാങ്ങാന്‍ എത്തുന്നതിനായി ഉദ്യോഗസ്ഥര്‍ ഏജന്റുമാരെ വിളിച്ചിരുന്നതിന്റെ വിശദാംശങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഏജന്റുമാരുടെ ഫോണുകളും പിടിച്ചെടുത്തു. പാലക്കാട് വിജിലന്‍സ് ഡിവൈ എസ് പി എം സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.