പ്രകൃതി വാതക ഉത്പാദനം: ഒമാന്‍ മൂന്നോട്ടു കുതിക്കുന്നു

Posted on: March 4, 2014 8:42 am | Last updated: March 4, 2014 at 8:42 am
SHARE

മസ്‌കത്ത്: അടുത്ത അഞ്ചു വര്‍ഷത്തിനിടെ രാജ്യത്തെ പ്രകൃതി വാതക ഉത്പാദനത്തല്‍ ഗണ്യമായ വര്‍ധനയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ എണ്ണയുത്പാദനത്തില്‍ കാര്യമായ വര്‍ധനയുണ്ടാകില്ല. ഓയില്‍-ഗ്യാസ് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഇന്നലെ വെളിപ്പെടുത്തിയതാണിക്കാര്യം.
പ്രതിദിനം 120 ദശലക്ഷം ക്യൂബിക് മീറ്റര്‍ ഗ്യാസ് ഉത്പാദിപ്പിക്കാനാണ് മന്ത്രാലയം തയാറെടുക്കുന്നത്. 2018 അവസാനിക്കുമ്പേഴേക്കും ഈ ലക്ഷ്യം കൈവരിക്കും. വാതക, എണ്ണ ഉത്പാദന മേഖലയിലെ വികസനത്തിനായി പഞ്ചവത്സര പദ്ധതിയാണ് മന്ത്രാലയം നടപ്പിലാക്കി വരുന്നത്. വാതക ഉത്പാദനത്തില്‍ ഓരോ വര്‍ഷവും വര്‍ധനയുണ്ടാകുമെന്ന് അണ്ടര്‍ സെക്രട്ടറി സലീം അല്‍ ഔഫി പറഞ്ഞു. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഉത്പാദിപ്പിച്ചത് പ്രതിദിനം 102 ദശലക്ഷം ക്യൂബിക് മീറ്റര്‍ ഗ്യാസ് ആയിരുന്നു. തൊട്ടു മുന്‍ വര്‍ഷത്തേക്കാള്‍ 3.7 ശതമാനം കൂടുതലാണിത്.
രാജ്യത്തെ ആഭ്യന്തര ആവശ്യവും കയറ്റുമതി ആവശ്യവും വര്‍ധിച്ച സാഹചര്യത്തില്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമാവുകയാണ്. രാജ്യത്തെ ആവശ്യം നിറവേറ്റുന്നതില്‍ തന്നെ ഇപ്പോള്‍ ഉത്പാദനം തികയാതെ വരുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ ആവശ്യം വര്‍ധിക്കുന്നതു കണക്കിലെടുത്ത് ഇറാനില്‍നിന്നും വാതകം ഇറക്കുമതി ചെയ്യാന്‍ ഒമാന്‍ കരാറിലെത്തിയിട്ടുണ്ട്. സമുദ്രത്തിലൂടെ നിര്‍മിക്കുന്ന കുഴല്‍ വഴിയാണ് നേരിട്ട് വാതകം കൊണ്ടു വരിക.
ഉത്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് പെട്രോളിയം കമ്പനിയുടെ ഗ്യാസ് പ്രൊഡക്ഷന്‍ പദ്ധതി മസ്‌കത്തില്‍ 2017ല്‍ ആരംഭിക്കും. ഇത് വിതരണം ശക്തിപ്പെടുത്താന്‍ സഹായകമാകും. 2018ല്‍ പ്രതി വര്‍ഷം 28 ദശലക്ഷം ക്യൂബിക് മീറ്റര്‍ ഗ്യാസ് ഇവിടെനിന്നും ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, ക്രൂഡ് ഓയില്‍ ഉത്പാദനം അഞ്ചു വര്‍ഷം കൊണ്ട് 10,000 ബാരലിന്റെ വര്‍ധനവാണ് ഉണ്ടാവുക. നിലവില്‍ പ്രതിദിനം 950,000 ബാരല്‍ ക്രൂഡ് ഓയിലാണ് ഉത്പാദിപ്പിക്കുന്നത്.