ഒമാന്‍ റയില്‍ പദ്ധതി നിര്‍മാണത്തിന്റെ ട്രാക്കിലേക്ക്

Posted on: March 4, 2014 8:41 am | Last updated: March 4, 2014 at 8:41 am
SHARE

railwayമസ്‌കത്ത്: ദേശീയ റയില്‍ പദ്ധതി അതിന്റെ നിര്‍മാണ പ്രവൃത്തികളുടെ ട്രാക്കിലേക്ക് പ്രവേശിക്കുകയാണെന്ന് സാമ്പത്തിക റിപ്പോര്‍ട്ട്. ഓക്‌സ്‌ഫോര്‍ഡ് ബിസിനസ് ഗ്രൂപ്പിന്റെ പുതിയ എകണോമിക് റിപ്പോര്‍ട്ടിലാണ് ഒമാന്‍ റയില്‍ പദ്ധതി അതിന്റെ ദിശയിലേക്കു നീങ്ങുകയാണെന്ന് പറയുന്നത്. ജി സി സി റയില്‍ പദ്ധതിയുടെ ഭാഗമായി വരുന്ന ഒമാന്‍ ദേശീയ റയില്‍ പദ്ധതിയെ മിഡില്‍ ഈസ്റ്റിലെ തന്നെ പ്രധാന റയില്‍ പദ്ധതിയായാണ് നിരീക്ഷിക്കപ്പെടുന്നത്. അടുത്ത വര്‍ഷം നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ഒമാന്‍ റയില്‍ കമ്പനി തയാറെത്തുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.

റയില്‍ പദ്ധതിയുടെ നിര്‍മാണജോലികള്‍ക്കായി റയില്‍ കമ്പനി പൂര്‍ത്തിയാക്കുന്ന ടെന്‍ഡര്‍ നടപടികളും മറ്റു തയാറെടുപ്പുകളുടെയും അടിസ്ഥാനത്തിലാണ് ഓക്‌സ്‌ഫോര്‍ഡ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റയില്‍ കമ്പനി പദ്ധതിയുടെ അടിസ്ഥാന സൗകര്യ വികസനം, ഐ ടി പദ്ധതികളുടെ നിര്‍വഹണത്തിന് പ്രീ ക്വോളിഫിക്കേഷന്‍ ടെന്‍ഡര്‍ കഴിഞ്ഞ ദിവസം ക്ഷണിച്ചിരുന്നു. റയില്‍ പദ്ധതികളില്‍ പരിചയ സമ്പന്നരായ രാജ്യാന്തര കമ്പനികളെ ടെന്‍ഡര്‍ യോഗ്യതക്കായി തിരഞ്ഞെടുക്കുന്നതാണ് പ്രീ ക്വാളിഫിക്കേഷന്‍ ടെന്‍ഡര്‍. 2,244 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റയില്‍ പാത നിര്‍മാണത്തിലെ ഏറ്റവും പ്രധാനഘട്ടമാണ് പശ്ചാത്തല സൗകര്യ വികസനം. ഒന്നാംഘട്ട വികസനത്തിന് നേതൃത്വം നല്‍കുന്നതിനുള്ള കമ്പനികളെയാണ് ഇപ്പോള്‍ ക്ഷണിക്കുന്നത്. ബുറൈമിയില്‍നിന്നും സൊഹാര്‍ വരെയുള്ളതാണ് ആദ്യഘട്ടം. 2.6 ബില്യന്‍ ഡോളറാണ് ഈ ഘട്ടത്തിന്റെ നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. ആകെ പദ്ധതിക്ക് ചെലവു പ്രതീക്ഷിക്കുന്നത് 15 ബില്യന്‍ ഡോളറാണ്.
അതേസമയം പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഏതാനും ടെന്‍ഡറുകള്‍ ഇതിനകം നല്‍കിക്കഴിഞ്ഞു. പ്രാഥമിക രൂപകല്‍പനാ ജോലികള്‍ ആരംഭിച്ചു. ഇറ്റാലിഫര്‍ എന്ന കമ്പനിക്കാണ് ചുമതല. നടപടികള്‍ പൂര്‍ത്തിയാക്കി 2015 ആദ്യത്തില്‍ തന്നെ നിര്‍മാണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനുള്ള കരാര്‍ നടപടികള്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കും.
റയില്‍ പദ്ധതിക്ക് ബോണ്ടുകള്‍ പുറത്തിറക്കി സര്‍ക്കാര്‍ തുക കണ്ടെത്തുന്നതായും റിപ്പോര്‍ട്ട് പറയുന്നു. കണ്‍വെന്‍ഷനല്‍ ബോണ്ടും ഇസ്‌ലാമിക് ബോണ്ടും പുറത്തിറക്കും. റയില്‍ പദ്ധതിയുടെ ചില ഘട്ടങ്ങള്‍ പൊതുജനങ്ങളുടെയും സ്വകാര്യ മേഖലയുടെയും പങ്കാളിത്തത്തോടെയാണ് പൂര്‍ത്തിയാക്കുക. ഇതിനായി റയില്‍ കമ്പനിയുടെ നേതൃത്വത്തില്‍ നിക്ഷേപാവസര ഫോറം സംഘടിപ്പിച്ചിരുന്നു.
2008ലാണ് ജി സി സി റെയില്‍ പദ്ധതി സംബന്ധിച്ച് ചര്‍ച്ച ആരംഭിച്ചതും പഠനം നടത്തിയതും. ഗള്‍ഫ് രാജ്യങ്ങള്‍ പദ്ധതിയില്‍ ചേരാന്‍ സമ്മതം അറിയിച്ചു. ആദ്യ പഠന റിപ്പോര്‍ട്ട് അനുസരിച്ച് തലസ്ഥാനമായ മസ്‌കത്ത് ബന്ധിപ്പിക്കാതെ ഇറാഖി അതിര്‍ത്തി വരെയുള്ള റയില്‍ പാതയാണ് വിഭാവനം ചെയ്തിരുന്നന്നത്. എന്നാല്‍ പിന്നീട് ഒമാന്‍ സര്‍ക്കാര്‍ നടത്തിയ പഠനത്തിലാണ് തലസ്ഥാന നഗരിയെയും മറ്റു തുറമുഖ നഗരങ്ങളെയും ബന്ധിപ്പിച്ച് സലാലയിലേക്ക് പാത നീട്ടുന്നത്. തുടര്‍ന്ന് യമന്‍ അതിര്‍ത്തി വരെ പാത നീട്ടാനും ഒമാന്‍ ആലോചിച്ചു. ഇപ്പോള്‍ റയില്‍ പദ്ധതിയുമായി ചേര്‍ത്തുള്ള സാധ്യതകള്‍ കൂടി കണക്കിലെടുത്താണ് സൊഹാര്‍, ദുകം പോര്‍ട്ടുകളുടെ വികസനം നടക്കുന്നത്. സലാല പോര്‍ട്ടും ഇതുമായി ചേരും.
സലാലയെയും ദുകത്തേയും ബന്ധിപ്പിച്ചുകൊണ്ടുള്ള റയില്‍ മാര്‍ഗം ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്കു ഗതഗതാഗതത്തിന് ഒമാന്‍ സമാന്തര പാത സൃഷ്ടിക്കും. ഇത് ഇതര രാജ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയും. റയില്‍ പാതകള്‍ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്നത് ചരക്കു ഗതാഗത രംഗത്ത് വലിയ മാറ്റങ്ങള്‍ക്കു വിധേയമാകുമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.