ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രേം സമിത്ത് വിരമിക്കുന്നു

Posted on: March 4, 2014 7:44 am | Last updated: March 5, 2014 at 1:28 am
SHARE
smith last test
തന്റെ അവസാന ടെസ്റ്റില്‍ ടീമിനെ ഗ്രൗണ്ടിലേക്ക് നയിക്കുന്ന ഗ്രേം സ്മിത്ത്‌

കേപ്ടൗണ്‍: ജാക്ക് കാലിസിന്റെ വിരമിക്കലിനുശേഷം ലോകക്രിക്കറ്റിനെയും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനെയും ഞെട്ടിപ്പിച്ച് മറ്റൊരു വിരമിക്കല്‍ പ്രഖ്യാപനം. ദക്ഷിണാഫ്രിക്ക കണ്ട ഏറ്റവും സ്ഥിരതയുള്ള ബാറ്റ്‌സ്മാനും ക്യാപ്റ്റനുമായ ഗ്രേം സ്മിത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. ആസ്‌ത്രേലിയക്കെതിരെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മൂന്നാം ടെസ്റ്റിനുശേഷം വിരമിക്കുമെന്നാണ് സ്മിത്ത് പ്രഖ്യാപിച്ചിരിക്കുന്നത്.

പെട്ടെന്നാണ് 33കാരനായ സമിത്ത് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ജീവിതത്തില്‍ താനെടുത്ത ഏറ്റവും വിഷമംപിടിച്ച തീരുമാനമാണിതെന്നാണ് സ്മിത്ത് പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത്. കാലിന്റെ ഉപ്പൂറ്റിക്ക് നടത്തിയ ശസ്ത്രക്രിയക്കുശേഷം താനിത് ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും സ്മിത്തിന്റെതായി ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക (സി എസ് എ) ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. തനിക്ക് കുടുംബത്തെപ്പറ്റി ശ്രദ്ധിക്കേണ്ടതുണ്ട്. 18 വയസ്സുമുതല്‍ താന്‍ സ്വന്തം സ്ഥലമെന്നു കരുതുന്ന ന്യൂലാന്റ്‌സില്‍ വെച്ചു തന്നെ വിരമിക്കുന്നതാണ് ഏറ്റവും ഉചിതമെന്നും സ്മിത്ത് പറഞ്ഞു.

 

smith-2

117 ടെസ്റ്റ് കളിച്ച സ്മിത്ത് 109ലും നായകനായിരുന്നു. ക്യാപ്റ്റനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയിച്ച റെക്കോര്‍ഡ് സ്മിത്തിനാണ്. 53 ടെസ്റ്റുകളിലാണ് സമിത്തിന്റെ കീഴില്‍ ദക്ഷിണാഫ്രിക്ക ജയിച്ചത്.

‘ ഒരുപാട് ഉയര്‍ച്ചകള്‍ക്കൊപ്പമുണ്ടാവാന്‍ സാധിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. ലോകത്തെ ഏറ്റവും മികച്ച ടെസ്റ്റ് ടീമായി ദക്ഷിണാഫ്രിക്കന്‍ ടീമിനെ ഉയര്‍ത്താനായതില്‍ അതിയായ സന്തോഷമുണ്ട്. ഈ ഓര്‍മകള്‍ എക്കാലവും ഞാന്‍ മനസ്സില്‍ താലോലിക്കും. എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഏറ്റവും അടിയില്‍ തട്ടിക്കൊണ്ട് നന്ദി പറയട്ടെ. ഞാന്‍ എല്ലാവരോടും വിട ചോദിക്കുന്നു’. വിടവാങ്ങല്‍ സന്ദേശത്തില്‍ സമിത്ത് പറഞ്ഞു.

1959406_10151963986852555_147320620_n

2003ല്‍ തന്റെ 22മത്തെ വയസ്സിലാണ് ഗ്രെയിം സ്മിത്ത് ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമിന്റെ നായകനാകുന്നത്. അന്ന് എട്ട് ടെസ്റ്റുമാത്രമാണ് ഇദ്ദേഹം ദക്ഷിണാഫ്രിക്കക്കായി കളിച്ചിരുന്നുളളു. ഇതിഹാസ നായകന്‍ ഹാന്‍സി ക്രോണ്യയുടെ നേതൃത്വത്തിലുളള ടീമിലെ മുതിര്‍ന്ന അംഗങ്ങള്‍ കോഴവിവാദത്തെത്തുടര്‍ന്ന് ടീമില്‍ നിന്നും പുറത്തായ സന്ദര്‍ഭത്തിലായിരുന്നു സ്മിത്ത് ക്യാപ്റ്റനായി ചുമതലയേറ്റത്. 117 ടെസ്റ്റുകളില്‍ നിന്നായി 48.72 ശരാശരിയില്‍ 9257 റണ്‍സും 197 ഏകദിനങ്ങളില്‍ 37.98 ശരാശരിയില്‍ 6989 റണ്‍സും സ്മിത്ത് നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 27 സെഞ്ച്വറിയും 38 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുളള സ്മിത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 277 റണ്‍സാണ്. ഏകദിനത്തിലാകട്ടെ 10 സെഞ്ച്വറിയും 47 അര്‍ധ സെഞ്ച്വറിയും ഇദ്ദേഹം സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. 33 ട്വന്റി 20 മത്സരങ്ങളിലും സ്മിത്ത് കളിച്ചിച്ചിട്ടുണ്ട്.