രാജകുമാരി കൂട്ടക്കൊല; യുവതിയുടെയും മകളുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തു

Posted on: March 4, 2014 7:24 am | Last updated: March 4, 2014 at 7:24 am
SHARE

ഇടുക്കി: സുഹൃത്തിനെ വെടിവെച്ച് കൊന്ന ശേഷം സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ യുവാവിന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ഏലത്തോട്ടത്തിലെ പടുതാ കുളത്തില്‍ നിന്ന് പുറത്തെടുത്തു. രാജകുമാരി നടുമറ്റം ഞെരിപ്പാലം അടുത്തപ്പാറവീട്ടില്‍ സജിയുടെ ഭാര്യ സിന്ധു (31), മകള്‍ അഞ്ജുമോള്‍ (നാല്) എന്നിവരുടെ മ്യതദേഹങ്ങളാണ് സജിയുടെ ബന്ധുവിന്റെ ഏലത്തോട്ടത്തിലെ പടുതാകുളത്തില്‍ നിന്ന് ഇന്നലെ പുറത്തെടുത്തത്. കൂട്ടുകാരനെ കൊന്ന ശേഷം ജീവനൊടുക്കിയ ഞായറാഴ്ച രാത്രി ഏഴ് മണിയോടെ സജിയുടെ വീടിനോട് ചേര്‍ന്ന് 150 മീറ്റര്‍ മാറി പടുതാ കുളത്തില്‍ സിന്ധുവിന്റെയും കുഞ്ഞിന്റെയും ജഡങ്ങള്‍ കണ്ടെത്തിയിരുന്നു. ഇന്നലെ രാവിലെ 10ന് ദേവികുളം ആര്‍ ഡി ഒയുടെ നേത്യത്വത്തിലെത്തിയ റവന്യൂ സംഘവും പോലീസും ചേര്‍ന്നാണ് മണ്ണുമാറ്റി മൃതദേഹങ്ങള്‍ പുറത്തെടുത്തത്. കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹങ്ങളെന്ന് പോലീസ് പറഞ്ഞു. സജിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സജിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഭാര്യയുടെ വഴിവിട്ട ജീവിതവും മൂത്ത കുട്ടിയുടെ പിതൃത്വം സംബന്ധിച്ച സംശയവുമാണ് കൊലക്ക് കാരണമെന്ന് അതില്‍ പറയുന്നു.
കഴിഞ്ഞ 25ന് രാവിലെ 10 മണിക്കാണ് സജി ഭാര്യ സിന്ധുവിനെ കഴുത്തുഞെരിച്ച് കൊന്നത്. തുടര്‍ന്ന് കെട്ടിത്തൂക്കി മരണം ഉറപ്പാക്കി. അങ്കണ്‍വാടിയില്‍ പോയ മകള്‍ അഞ്ജുമോള്‍ തിരികെ വിട്ടിലെത്തിയപ്പോള്‍ അവളെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. അന്ന് രാത്രി മൃതദേഹങ്ങള്‍ പുരയിടത്തിലൂടെ വലിച്ച് പടുതാകുളത്തില്‍ തള്ളുകയും മണ്ണിട്ട് മൂടുകയുമായിരുന്നു. ഇതിന് ശേഷം ഇളയകുട്ടിയെ സഹോദരന്റെ വീട്ടില്‍ ഏല്‍പ്പിച്ചു. ഞായറാഴ്ച രാവിലെ 9.30ന് രാജകുമാരി ടൗണില്‍ ടാക്‌സി ഡ്രൈവറായ നടുമറ്റം പച്ചോളില്‍ ജിജി (46) വെടിയേറ്റ് മരിച്ചതോടെയാണ് നാടിനെ നടുക്കിയ സംഭവവങ്ങള്‍ പുറം ലോകമറിയുന്നത്. വെടിവെച്ച സുഹ്യത്തും ഓട്ടോ ഡ്രൈവറുമായ സജി (44) യെ ഏലത്തോട്ടത്തില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസും നാട്ടുകാരും ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സജിയും മരിച്ചു. വര്‍ഷങ്ങളായി സുഹൃത്തുക്കളായിരുന്ന സജിയും ജിജിയും സിന്ധുവുമായുളള ബന്ധത്തെ ചൊല്ലി വഴക്കിട്ടിരുന്നു.
നേരത്തെ വിവാഹം കഴിച്ച ഇരുവരും ആദ്യ ഭാര്യമാരെ ഒഴിവാക്കിയിരുന്നു. ജിജിയുടെ താത്പര്യപ്രകാരമായിരുന്നു സജി സിന്ധുവിനെ വിവാഹം ചെയ്തത്. ഭാര്യയുമായുളള ജിജിയുടെ അടുപ്പം സജി എതിര്‍ത്തെങ്കിലും ജിജി ബന്ധം തുടര്‍ന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച സജിയുടെ ഇളയ കുട്ടിയെ സ്വന്തം വീട്ടിലാക്കിയ ശേഷം ഭാര്യ സിന്ധുവിനെ പെരുമ്പാവൂരിലെ ആശുപത്രിയില്‍ കൊണ്ടുപോകുകയാണെന്ന് പറഞ്ഞ് സജി പോയി. ഈ സമയം മൂത്ത കുട്ടിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ശനിയാഴ്ച സജി തിരിച്ചെത്തിയെങ്കിലും ഭാര്യയെയും കുട്ടിയേയും കൊണ്ടുവന്നിരുന്നില്ല. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പറഞ്ഞു. തുടര്‍ന്ന് വീട്ടില്‍ തനിച്ച് കിടന്ന സജി, ജിജിയെ രാവിലെ കൊലപ്പെടുത്തുകയായിരുന്നു.
ഇടുക്കി ജില്ലാ പോലീസ് മേധാവി അലക്‌സ് എം വര്‍ക്കി, മൂന്നാര്‍ ഡി വൈ എസ് പി. പി എന്‍ സജി, അടിമാലി സി ഐ. കെ ജിനദേവന്‍, രാജാക്കാട് എസ് ഐ. കെ ജി മോഹനന്‍, കെ എ ഷാജി എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ സംഭവസ്ഥലത്ത് വെച്ചും ജിജി, സജി എന്നിവരുടെ മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം സംസ്‌കരിച്ചു. കൊല്ലപ്പെട്ടവര്‍ കഞ്ചാവ് മാഫിയയിലെ കണ്ണികളാണെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും പോലീസ് അറിയിച്ചു.