Connect with us

International

തായ്‌ലാന്‍ഡ്: ബാങ്കോക്കിലെ പ്രക്ഷോഭം അവസാനിപ്പിച്ചു; ഇനി കോടതിയിലേക്ക്‌

Published

|

Last Updated

ബാങ്കോക്ക്: തായ്‌ലാന്‍ഡില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകര്‍ കോടതികളിലേക്ക് പ്രകടനം നടത്താനൊരുങ്ങുന്നു. ഒരു മാസത്തിലധികം തലസ്ഥാനം സ്തംഭിപ്പിച്ച പ്രക്ഷോഭകര്‍ മധ്യ ബാങ്കോക്കിലെ പാര്‍ക്കില്‍നിന്നും പിന്‍വാങ്ങിയിരുന്നുവെങ്കിലും നാല് മാസക്കാലമായി രാജ്യത്ത് തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമായിട്ടില്ല.
കോടതികളിലേക്ക് പ്രകടനം നടത്തുന്നതിന്റെ മുന്നോടിയായി നേതാവ് സുതേപ് തൗഗ്‌സുബാന്റെ നിര്‍ദേശപ്രകാരം പ്രതിഷേധക്കാര്‍ ലുംപിനി പാര്‍ക്കിലേക്ക് നീങ്ങിത്തുടങ്ങിയിട്ടുണ്ട്. പുറത്താക്കപ്പെട്ട മുന്‍ നേതാവും സഹോദരനുമായ തക്‌സിന്‍ ഷിനാവത്രയുടെ നിയന്ത്രണത്തില്‍ ഭരണം നടത്തുന്ന പ്രധാനമന്ത്രി യംഗ്‌ലക് ഷിനാവത്ര രാജിവെക്കണമെന്നും പകരം ജനകീയ കൗണ്‍സിലിനെ അധികാരമേല്‍പ്പിക്കണമെന്നുമാണ് പ്രക്ഷോഭകരുടെ ആവശ്യം. അതേസമയം പ്രക്ഷോഭവുമായി ബന്ധപ്പെട്ട് തെരുവില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുകയാണ്. ഇന്നലെ ബാങ്കോക്കിലെ ക്രിമിനല്‍ കോടതിക്ക് നേരെ രണ്ട് ഗ്രനേഡ് ആക്രമണങ്ങള്‍ നടന്നു. എന്നാല്‍ ഇതില്‍ ഒന്നു മാത്രമേ പൊട്ടിത്തെറിച്ചുവുള്ളുവെന്നും സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും പോലീസ് അറിയിച്ചു. ക്രിമിനല്‍ കോടതി പ്രതിഷേധക്കാരുടെ പക്ഷം ചേര്‍ന്ന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാനുള്ള സര്‍ക്കാര്‍ അപേക്ഷകള്‍ നിരസിക്കുകയാണെന്ന് വിമര്‍ശമുണ്ട്.