താലിബാനെതിരായ ആക്രമണം പാക് സൈന്യം നിര്‍ത്തിവെച്ചു

Posted on: March 4, 2014 12:42 am | Last updated: March 4, 2014 at 12:46 am
SHARE

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ സര്‍ക്കാര്‍ താലിബാന്‍ തീവ്രവാദികള്‍ക്കെതിരെയുള്ള വ്യോമാക്രമണം നിര്‍ത്തിവെച്ചു. പാക്കിസ്ഥാന്‍ താലിബാന്‍ ഒരു മാസത്തേക്ക് ആക്രമണം അവസാനിപ്പിച്ചുകൊണ്ട് പ്രഖ്യാപിനം നടത്തിയതിന് പിന്നാലെയാണ് സര്‍ക്കാറും വ്യോമാക്രമണം നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ചത്. 2010ല്‍ താലിബാന്‍ തടവിലാക്കിയ 23 സൈനികരെ വധിച്ചതിനെ തുടര്‍ന്നു ഇരുപക്ഷവും തമ്മില്‍ നടന്നു കൊണ്ടിരുന്ന സമാധാന ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. അതിനു ശേഷം ഇരു പക്ഷവും തമ്മില്‍ ശക്തമായ ആക്രമണങ്ങളായിരുന്നു അരങ്ങേറിയത്.
ആക്രമണം അവസാനിപ്പിക്കുന്ന പ്രസ്താവന നടത്തുന്നതിനിടെ താലിബാന്‍ നേതാവ് ശഹീദുല്ല ശാഹിദ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അനുകൂല പ്രതികരണം ഉണ്ടാകണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. താലിബാന്‍ ഭാഗത്ത് നിന്നുള്ള ഇത്തരം തീരുമാനം ഉണ്ടായത് ഗുണകരമായ തീരുമാനമാണെന്ന് ആഭ്യന്തരമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
തീവ്രവാദികളുടെ ആക്രമണങ്ങള്‍ക്ക് പ്രത്യാക്രമണമായിട്ടാണ് സൈന്യം ആക്രമണം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നവാസ് ശരീഫ് അടക്കമുള്ള ഉന്നത നേതാക്കളോട് ചര്‍ച്ച ചെയ്തതിന് ശേഷമാണ് വ്യോമാക്രമണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി താലിബാന്‍ തീരുമാനത്തില്‍ സന്തുഷ്ടനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.