സിംഗപ്പൂര്‍ മലബാരി സംഗമത്തിന് സൗഹൃദ കൂട്ടായ്മയോടെ സമാപനം

Posted on: March 4, 2014 12:40 am | Last updated: March 4, 2014 at 12:40 am
SHARE

സിംഗപ്പൂര്‍: പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സിംഗപ്പൂരിലേക്ക് കുടിയേറിയ കേരളത്തില്‍ നിന്നുള്ളവരുടെ പിന്‍മുറക്കാറുടെ സംഗമം സൗഹൃദ കൂട്ടായ്മയോടെ സമാപിച്ചു. സിംഗപ്പൂര്‍ മലബാരി മുസ്‌ലിം ജമാഅത്തിനു കീഴിലാണ് ആദ്യമായി ഇത്തരത്തിലുള്ള ഒരു പരിപാടി സംഘടിപ്പിച്ചത്.
സ്‌നേഹത്തിന്റെയും കരുണയുടേയും പ്രവാചകന്‍ എന്ന പ്രമേയത്തില്‍ നടന്ന സമാപന സംഗമം മലപ്പുറം മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. ജോലിയാവശ്യാര്‍ത്ഥവും മറ്റും നൂറ്റാണ്ടുകള്‍ക്ക് മുന്നെ സിംഗപ്പൂര്‍ അടക്കമുള്ള പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലേക്ക് നടന്ന മലയാളികളുടെ കുടിയേറ്റത്തെപ്പറ്റി ആധികാരികമായി പഠനങ്ങള്‍ വേണമെന്ന് ഖലീലുല്‍ ബുഖാരി തങ്ങള്‍ അഭിപ്രായപ്പെട്ടു. മലയാള ഭാഷയും കേരളീയ ആചാരങ്ങളും നിലനിര്‍ത്തുന്നതില്‍ സിംഗപ്പൂര്‍ – മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ കുടിയേറ്റ സമൂഹം ചെയ്ത പ്രയത്‌നങ്ങള്‍ അതുല്യമായിരുന്നു. എന്നാല്‍, ഇന്ന് അവയ്ക്ക് പിന്തുടര്‍ച്ചയുണ്ടാക്കാന്‍ പുതിയ തലമുറക്കു കഴിയുന്നില്ല. അതുകൊണ്ട് കേരള സര്‍ക്കാറും സന്നദ്ധ സംഘടനകളും യോജിച്ച് കുടിയേറ്റ സമൂഹത്തിന്റെ സാംസ്‌കാരിക പൈതൃകങ്ങള്‍ നിലനിര്‍ത്തുന്നതിന് പ്രോത്സാഹനം നല്‍കണം.