ഹുംകാര്‍ റാലിയില്‍ പാസ്വാന്‍ മോദിക്കൊപ്പം ;ബി ജെ പി നേതാക്കള്‍ വിട്ടുനിന്നു

Posted on: March 4, 2014 12:36 am | Last updated: March 4, 2014 at 12:36 am
SHARE
Modi_and_Paswan_1775653g
മുസാഫര്‍പൂരില്‍ നടന്ന ഹുംകാര്‍ റാലി വേദിയില്‍ രാംവിലാസ് പാസ്വാനും നരേന്ദ്രമോദിയും

മുസാഫര്‍പൂര്‍: 12 വര്‍ഷങ്ങള്‍ക്ക് ശേഷം ലോക് ജനശക്തി പാര്‍ട്ടി (എല്‍ ജെ പി) നേതാവ് രാം വിലാസ് പാസ്വാന്‍ നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ടു. ബി ജെ പി ബീഹാറിലെ മുസാഫര്‍പൂരില്‍ നടത്തിയ ഹുംകാര്‍ റാലിയിലാണ് പാസ്വാന്‍ സന്നിഹിതനായത്.
ഗുജറാത്ത് വര്‍ഗ്ഗീയ ലഹളയെ തുടര്‍ന്ന് 2002ലെ വാജ്‌പേയ് മന്ത്രി സഭയില്‍ നിന്ന് രാജിവെച്ച ആദ്യ നേതാവായിരുന്നു രാം വിലാസ് പാസ്വാന്‍.
അതേസമയം ബീഹാറിലെ ബി ജെ പി നേതാക്കാന്‍മാര്‍ ഹുംകാര്‍ റാലിയില്‍ നിന്ന് വിട്ടുനിന്നു. രാം വിലാസ് പാസ്വാന്റെ എല്‍ ജെ പിയുമായി വേദി പങ്കിട്ടതില്‍ നേതാക്കള്‍ക്ക് അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ബി ജെ പിയുമായി വീണ്ടും സഖ്യം ആരംഭിക്കുന്നതിന്റെ മുന്നോടിയായി തിരഞ്ഞെടുപ്പില്‍ ബീഹാറില്‍ ബി ജെ പിക്ക് ഏഴ് സീറ്റുകളാണ് പാസ്വാന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഹുംകാര്‍ റാലിയിലുടനീളം മോദി മുഖ്യമന്ത്രി നിതീഷ് കുമാറിനെ കടന്നാക്രമിച്ചു. സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്നും സര്‍ക്കാറിന്റെ നിരുത്തരവാദപരമായ പ്രവര്‍ത്തനം തീവ്രവാദികള്‍ക്ക് വോട്ട് ബേങ്ക് രാഷ്ട്രീയത്തിന് അവസരം നല്‍കുകയാണെന്നും മോദി ആരോപിച്ചു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം പ്രത്യക്ഷപ്പെടുന്ന മൂന്നാം മുന്നണി രാജ്യത്തിന് വേണ്ടിയല്ല കോണ്‍ഗ്രസിനെ സഹായിക്കാനാണ് പ്രവര്‍ത്തിക്കുന്നതെന്ന് മോദി കുറ്റപ്പെടുത്തി.